ന്യൂഡൽഹി: ഇന്നലെ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാൻ പ്രവിശ്യയിൽനിന്നു തട്ടിക്കൊണ്ടുപോയ എൻജിനിയർമാരെ മോചിപ്പിക്കാനായുള്ള ശ്രമങ്ങൾ തുടങ്ങി. ആയുധങ്ങളുമായെത്തിയ ഭീകരർ ആറ് ഇന്ത്യൻ എൻജിനിയർമാരെയും ഒരു അഫ്ഗാൻ ജീവനക്കാരനെയുമാണ് തട്ടിക്കൊണ്ടുപോയത്.

വൈദ്യുതിവിതരണ കമ്പനിയായ കെഇസിയുടെ ജീവനക്കാരാണ് ഇവർ. സംഭവത്തെ തുടർന്ന് അഫ്ഗാൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ നയതന്ത്ര ഉദ്യോഗസ്ഥരെ അഫ്ഗാനിസ്ഥാലേക്ക് അയക്കുമെന്നും വിദേശകാര്യമന്ത്രാലം അറിയിച്ചു.

ബാഗ് ഇഷമാൽ ഗ്രാമത്തിൽ കമ്പനി കരാർ പണി ഏറ്റെടുത്തിട്ടുള്ള ഒരു സബ്‌സ്റ്റേഷനിലേക്കു പോകുംവഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. താലിബാനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നു ബാഗ്ലാൻ ഗവർണർ അബ്ദുൾ ഹൈ നെമാദിയെ ഉദ്ധരിച്ച് ടോളോ ടിവി റിപ്പോർട്ട് ചെയ്തിരുന്നു.