കാബൂൾ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരം മുൻ നിശ്ചയിച്ച പ്രകാരം കളിക്കാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് താലിബാൻ അനുമതി നൽകി. നവംബർ 27 മുതൽ ഓസ്‌ട്രേലിയയിലെ ഹൊബാർട്ടിലാണ് ഏക ടെസ്റ്റ്. താലിബാൻ ഭരണമേറ്റെടുത്തശേഷം അഫ്ഗാൻ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരമാകുമിത്.

ടെസ്റ്റ് മത്സരം മുൻനിശ്ചയപ്രകാരം നടക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് പിന്നാലെയാണ് ഓസ്‌ട്രേലിയ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം.

സമീപകാലത്ത് രാജ്യാന്തര ക്രിക്കറ്റിൽ മികച്ച നേട്ടമുണ്ടാക്കിയ അഫ്ഗാൻ പുരുഷ ക്രിക്കറ്റ് ടീമിൽ തങ്ങളുടെ ഇടപെടൽ ഉണ്ടാകില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം വനിതാ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട അവർ കൃത്യമായ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല. മറ്റ് രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം അനുസരിച്ചാകും കായിക ബന്ധങ്ങളുമെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.