കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗത്ത്ആഫ്രിക്കയിലെ അഭ്യന്തരമന്ത്രിയായ ഫിക്കിലെ എംബലുല. ഇതിന്റെ ഭാഗമായി പിടികൂടപ്പെടുന്ന ക്രിമിനലുകളുടെ വരി ഉടയ്ക്കാനും മൂത്രം കുടിപ്പിക്കാനും വരെ പരിശീലനം നൽകുന്നതാണ്. ഇതനുസരിച്ച് മധ്യകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരമായ ശിക്ഷാവിധികൾക്ക് കുറ്റവാളികളെ വിധേയരാക്കാനാണ് അഭ്യന്തരമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ദക്ഷിണാഫ്രിക്കയിലെ ക്രിമിനലുകൾക്ക് ഇനി കഷ്ടകാലമാണെന്ന് സാരം.

ഇത്തരം ശിക്ഷാവിധികൾ നടപ്പിലാക്കുന്നതിനായി ടാക്ടിക്കൽ റെസ്‌പോൺസ് ടീമിനെ അഥവാ ടിആർടിയെ തിരിച്ച് കൊണ്ടു വന്നിരിക്കുകയാണ് അദ്ദേഹം. തെരുവുകളിലെ ക്രിമിനലുകളോട് തീരെ ദയവില്ലാതെ പെരുമാറാനാണ് ഈ ടീമിന് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. പിടിയിലാകുന്ന ക്രിമിനലുകളോട് അതിക്രൂരമായി പെരുമാറണമെന്നാണ് പ്രിട്ടോറിയ വെസ്റ്റ് പൊലീസ് അക്കാദമിയിൽ പുതുതായി റിക്രൂട്ട് ചെയ്ത 200 പുതിയ ടിആർടി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം കടുത്ത നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരം ക്രിമിനലുകൾ സൗത്ത് ആഫ്രിക്കയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവരായതിനാലാണ് അവരോട് വിട്ട് വീഴ്ചയില്ലാത്ത നടപടികളെടുക്കുന്നതെന്നും മന്ത്രി പറയുന്നു. അതിനാൽ ക്രിമിനലുകളെ കൈകാര്യം ചെയ്യുമ്പോൾ അവരോട് മനുഷ്യത്വം പോലും കാണിക്കേണ്ടതില്ലെന്നും അദ്ദേഹം ടിആർടി അംഗങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഫിക്കിലെയെ ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു പൊലീസ് മന്ത്രിയായി എഎൻസി പ്രസിഡന്റ് ജേക്കബ് സുമ നിയമിച്ചത്. സൗത്ത് ആഫ്രിക്കയിലെ വർധിച്ച് വരുന്ന കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുന്നതിനാണ് ഇദ്ദേഹത്തെ നിർണായകമായ ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

മന്ത്രിയുടെ വാക്കുകളെ യൂണിറ്റ് അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വാറന്റില്ലാതെ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്ന വേളയിൽ അവരെ നന്നായി പ്രഹരിക്കണമെന്നാണ് മന്ത്രി നിർദേശിക്കുന്നത്. ക്രിമിനലുകളോട് ഏറ്റ് മുട്ടി അവരെ കീഴ്‌പ്പെടുത്തുന്നതിന് അത്യാവശ്യമായ ശാരീരികക്ഷമത പൊലീസ് ഓഫീസർമാർ നിർബന്ധമായും ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. സൗത്ത് ആഫ്രിക്കയിൽ ക്രിമിനൽ കുറ്റങ്ങൾ അനുദിനമെന്നോണം വർധിച്ച് വരുന്ന പ്രവണതയാണുള്ളത്. അതായത് ദിവസവും ചുരുങ്ങിയത് 50 കൊലപാതകങ്ങളെങ്കിലും ഇവിടെ അരങ്ങേറുന്നുണ്ട്. വർഷത്തിൽ ഒരു ലക്ഷത്തോളം ബലാത്സംഗങ്ങളും നടക്കുന്നുണ്ട്. കാർ തട്ടിക്കൊണ്ട് പോകൽ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളും വർധിക്കുകയാണ്.