ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകീർത്തിച്ചു വാർത്താസമ്മേളനത്തിൽ സംസാരിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷഹീദ് അഫ്രീദിക്കു പാക്കിസ്ഥാനിൽ നിന്നു വക്കീൽ നോട്ടീസ്. ലാഹോറിൽ നിന്നുള്ള അഭിഭാഷകനാണ് അഫ്രീദിക്കു വക്കീൽ നോട്ടീസ് അയച്ചത്. അതിനിടെ, അഫ്രീദിയുടെ വാക്കുകൾ നാണക്കേടാണെന്നും ഇന്ത്യാപ്രേമത്തെ പരിഹസിച്ചും മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദും രംഗത്തെത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിലും അനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണു പാക്കിസ്ഥാനിൽനിന്ന് അഫ്രീദിക്കു വക്കീൽ നോട്ടീസ് ലഭിച്ചത്. ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന പ്രസ്താവന പിൻവലിച്ച് അഫ്രീദി മാപ്പു പറയണമെന്നാണു വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ലോകകപ്പ് ട്വന്റി20ക്കായി ഇന്ത്യയിൽ എത്തിയപ്പോഴാണ് അഫ്രീദി ഇന്ത്യയോടുള്ള പ്രണയം പങ്കുവച്ചത്. കരിയറിന്റെ അവസാന നാളുകളിൽ നിൽക്കുന്ന താൻ മറ്റ് എവിടെയും കളിക്കുന്നതിനേക്കാൾ സന്തോഷത്തോടെ കളിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽനിന്ന് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കില്ല. ഇത്രയും സ്‌നേഹം പാക്കിസ്ഥാനിൽനിന്ന് പോലും തനിക്ക് ലഭിക്കില്ലാ എന്നും അഫ്രീദി പറഞ്ഞിരുന്നു.

പാക്കിസ്ഥാനികളേക്കാൾ ഇന്ത്യക്കാർ പാക് ക്രിക്കറ്റ് താരങ്ങളെ സ്‌നേഹിക്കുന്നുവെന്ന അഫ്രീദിയുടെ വാക്കുകളാണ് ജാവേദിനെ ചൊടിപ്പിച്ചത്. ചില കാര്യങ്ങൾ പറഞ്ഞ് ഈ ക്രിക്കറ്റ് താരങ്ങൾ സ്വയം നാണം കെടുകയാണ്. അഫ്രീദിയെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നും പാക് ചാനലിന് നൽകിയ അഭിമുഖത്തിൽ മിയാൻദാദ് തുറന്നടിച്ചു. 1975-96 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യ ശത്രുക്കളിൽ ഒരാളായിരുന്നു ജാവേദ് മിയാൻദാദ്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ മകളെയാണ് ജാവേദിന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്.

നേരത്തെ, പാക്കിസ്ഥാൻ ഓൾറൗണ്ടറും ഇന്ത്യയുടെ മരുമകനുമായ ഷൊയ്ബ് മാലിക്കും ഇന്ത്യയിൽ കളിക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഭാര്യ സാനിയ മിർസയുടെ നാട്ടിൽ തനിക്ക് ഏറെ ആദരവ് ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച സുരക്ഷയൊരുക്കിയ ഇന്ത്യയ്ക്ക് നന്ദി പറയുന്ന മാലിക് ഇന്ത്യയിൽ വന്നപ്പോഴൊന്നും തനിക്കു സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.