ന്യൂഡൽഹി: പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിരുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അഫ്‌സൽ ഗുരുവിന്റെ ബന്ധുക്കളെ അറിയാക്കാതെ തൂക്കിലേറ്റിയതും മൃതദേഹം കൈമാറാതിരുന്നതും തെറ്റായെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ട്വിറ്ററിലായിരുന്നു അഫ്‌സൽ ഗുരുവിനെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശം. ജമ്മു കാശ്മീരിലെ കോൺഗ്രസ് നിയമസഭാ അംഗങ്ങൾ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റാണെന്ന് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ശശി തരൂരും ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയത്.

2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ ഭരണകാലത്താണ് ഇയാളെ തൂക്കിലിട്ടത്.

2001 ഡിസംബർ 13ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിലാണ് സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയറിയത്. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും അഞ്ചു പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2001 ഡിസംബർ 13 നാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്‌സൽ ഗുരുവിനെ ഡൽഹി പൊലീസ് ജമ്മുകശ്മീരിൽ നിന്നും അറസ്റ്റു ചെയ്തത്. 2002 ഡിസംബർ 18ന് ഡൽഹി കോടതി അഫ്‌സൽ ഗുരുവിനു വധശിക്ഷ വിധിച്ചു. പിന്നീട് 2003 ഒക്ടോബർ 29ന് ഡൽഹി ഹൈക്കോടതി വധശിക്ഷ ശരിവച്ചു. ഇതിനെതിരെ അഫ്‌സൽ ഗുരു സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2005 ഓഗസ്റ്റ് 4ന് അഫ്‌സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവച്ചു. തുടർന്ന് രാഷ്ട്രപതിയുടെ മുമ്പിൽവരെ ദയാഹർജി എത്തിയെങ്കിലും വധശിക്ഷ റദ്ദാക്കിയിരുന്നില്ല. 2013 ഫെബ്രുവരി ഒമ്പതിന് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുകയായിരുന്നു.