ന്യൂഡൽഹി: രാജ്യസഭാ അംഗമായതിനു ശേഷം ആദ്യമായി സച്ചിൻ ടെണ്ടുൽക്കർ രാജ്യസഭയിൽ ചോദ്യമുന്നയിച്ചു. 2011ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സച്ചിൻ ഇതാദ്യമായാണ് രാജ്യത്തെ സംബന്ധിക്കുന്നതോ അല്ലാതയോ ഉള്ള വിശദീകരണങ്ങൾക്കായി പാർലമെന്റ് സമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. കാലാവധി തീരുന്നതിന് മുമ്പ് ചോദ്യം ചോദിക്കണമെന്ന സുഹൃത്തുക്കളുടെ നിർദ്ദേശം പരിഗണിച്ചാണ് ക്രിക്കറ്റ് ദൈവത്തിന്റെ ഇടപെടൽ.

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു നേരെയായിരുന്നു സച്ചിന്റെ ആദ്യചോദ്യം. സബർബൻ മെട്രോ ട്രെയിൻ സർവീസുകളെ പ്രത്യേക മേഖലയായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളെ കുറിച്ചായിരുന്നു ചോദ്യം. കുറിപ്പ് രൂപത്തിലുള്ള ചോദ്യത്തിന് കുറിപ്പ് രൂപത്തിൽ തന്നെ റെയിൽവേ മന്ത്രാലയ പ്രതിനിധി മറുപടിയും കൊടുത്തു.

ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും സച്ചിൻ ചോദ്യങ്ങൾ ഉന്നയിച്ചു. കൊൽക്കത്തയിലെ മെട്രോ റെയിൽ സേവനം പ്രത്യേക മേഖലയായി പ്രഖ്യാപിക്കാനും, വിലയിരുത്തലുകൾക്കു ശേഷം ഇതേ സേവനം പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ട പ്രായോഗികതയെക്കുറിച്ചായിരുന്നു സച്ചിന്റെ പ്രധാന ചോദ്യം.

രാജ്യത്തെ മെട്രോ റെയിൽ പദ്ധതികളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് കൊൽക്കത്തയിലെ റെയിൽ സംവിധാനം, സച്ചിൻ ചൂണ്ടിക്കാട്ടിയതു പോലെ മെട്രോ പ്രത്യേക മേഖലയായി പരിഗണിച്ചാൽ മെട്രോ റെയിൽ വികസനത്തിന് അവ സഹായകമാകുമെന്ന് സബേർബൻ റെയിൽവേ സഹമന്ത്രി മനോജ് സിൻഹ പറഞ്ഞു.

നിലവിൽ കൊൽക്കത്തയിലെ പ്രധാനപ്പെട്ട റെയിൽ സംവിധാനങ്ങളായ ട്രാക്ക്, ബ്രിഡ്ജിങ്, സിഗ്‌നൽ എന്നിവ സമാന്തര റെയിൽ ലെയ്‌നുകളായ ഓവർ ഹെഡ് ഇക്വിപ്‌മെന്റിലൂടെയാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഈ ലെയ്‌നുകൾ ഭേദിച്ച് മെട്രോ സർവീസുകൾ പ്രത്യേക മേഖലയാക്കി മാറ്റുന്നത് നിലവിൽ അപ്രായോഗികമാണെന്നും സിൻഹ വ്യക്തമാക്കി.