- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ; ആക്രമണത്തിന് പലിശ സഹിതം തിരിച്ചുനൽകുമെന്നും ദിലീപ് ഘോഷിന്റെ മുന്നറിയിപ്പ്; നിങ്ങൾ ഒരാളെ കൊല്ലുമ്പോൾ ഞങ്ങൾ നാല് പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് സായന്തൻ ബസുവും; ബംഗാളിൽ ഇനി അശാന്തിയുടെ ദിനങ്ങളോ..
കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ദിലീപ് ഘോഷ് മുന്നറിയിപ്പ് നൽകുന്നത്. ബിജെപി നേതാക്കൾക്കെതിരെയുണ്ടായ ആക്രമണത്തിന് പലിശ സഹിതം തിരിച്ചുനൽകുമെന്നാണ് ദിലീപ് ഘോഷ് പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ ഡൽഹിയിലെ വീടിനു നേരെ ഉണ്ടായ ആക്രമണം 'ഒരു തുടക്കം മാത്രം' എന്ന് ബിജെപി നേതാവ് സായന്തൻ ബസു പ്രതികരിച്ചു. നിങ്ങൾ ഒരാളെ കൊല്ലുമ്പോൾ ഞങ്ങൾ നാല് പേരെ കൊല്ലുമെന്നും സായന്തൻ ബസു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബംഗാളിൽ ജെപി നഡ്ഡ, കൈലാഷ് വിജയ് വർഗിയ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തൃണമൂൽ കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് കാട്ടി ഗവർണർ റിപ്പോർട്ട് നൽകിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവർണർ ജഗ്ദീപ് ധൻഖർ പറഞ്ഞിരുന്നു.
കേന്ദ്രനേതാക്കൾ വരുമ്പോൾ ലോക്കൽ പൊലീസ് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുണ്ട്. എന്നാൽ വ്യാഴാഴ്ച നദ്ദയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. അത് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതിന്റെ വീഴ്ചയാണ്. ബിജെപി ദേശീയപ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച് സർക്കാരിനും ലോക്കൽ പൊലീസിനും നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതാണെന്നും ഗവർണർ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും വിളിച്ചുവരുത്തി. പശ്ചിമ ബംഗാളിൽ ക്രമസമാധാനനില തകരാറിലാണെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ച ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്. നഡ്ഡയുടെ വാഹനത്തിനു നേരെയുണ്ടായ അക്രമം സംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളിൽ അമിത് ഷാ ബംഗാൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പാർലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വച്ചാണ് വ്യാഴാഴ്ച ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേർക്ക് ആക്രമണം ഉണ്ടായത്. വടിയും കല്ലുകളും ഉപയോഗിച്ച് ജനക്കൂട്ടം നദ്ദയുടെ കാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗീയ, മുകുൾ റോയ് തുടങ്ങിയവർക്ക് പരിക്കേറ്റിരുന്നു.
അതസമയം സായുധ സേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്നവർ എന്തിനാണ് ഇത്ര ഭയക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചത്. ആക്രമണം ആസൂത്രിതമായിരുന്നെങ്കിൽ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടി അധ്യക്ഷനെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന് മമത ചോദിച്ചു. സമർഥനായതിനാൽ നഡ്ഡയുൾപ്പെടുന്ന സംഘത്തെ കാത്ത് നിന്ന് ആക്രമിച്ചതാരാണെന്ന് ഉപഗ്രഹസഹായത്തോടെ പ്രധാനമന്ത്രി കണ്ടെത്തണമെന്നും മമത ആവശ്യപ്പെട്ടു
സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെ പരിഹസിക്കുകയായിരുന്നു അവർ. ബിജെപിയുടെ എല്ലാ നുണകളും അനുവദിച്ച് നൽകാൻ തങ്ങൾ ഒരുക്കമല്ലെന്നും അവർ കൂട്ടിച്ചേർത്തു. 'നമ്മുടേത് പോലെയല്ലാത്ത ഒരു പുതിയ ഹിന്ദു നാടകമാണ് അവർ അവതരിപ്പിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ആ നാടകത്തിൽ നിങ്ങൾക്കോ എനിക്കോ യാതൊന്നും ചെയ്യാനില്ല. ഇത്തരത്തിലാണ് ഹിറ്റ്ലർ ഹിറ്റ്ലറായത്. ചൗഷെസ്കു ചൗഷെസ്കുവും മുസ്സോളിനി മുസ്സോളിനിയുമായത്. നരേന്ദ്ര ബാബു സർക്കാർ നാടകം ആസൂത്രണം ചെയ്യും, തയ്യാറാക്കും. എന്നിട്ട് മാധ്യമങ്ങൾക്ക് ആ നാടകത്തിന്റെ വീഡിയോ കൈമാറും. അവർ കൈമാറുന്ന വീഡിയോകൾക്കെതിരെ ചോദ്യമുയർത്താൻ മാധ്യമങ്ങൾക്ക് യാതൊരു അധികാരവുമില്ല.' മമത ആഞ്ഞടിച്ചു.
ബിജെപി. നേതാക്കളെ തങ്ങളെപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് മമത പറഞ്ഞു. എന്നാൽ, അമ്പതോളം കാറുകളും മാധ്യമപ്രവർത്തകസംഘത്തിന്റെയും മറ്റും വാഹനങ്ങളും ഉൾപ്പെടെ ബൃഹത്തായ വാഹനവ്യൂഹത്തിന്റെ ആവശ്യകതയുണ്ടോയെന്ന് അവർ ചോദിച്ചു. 'ദിവസേന ബിജെപി. പ്രവർത്തകർ തോക്കുകളുമായി പ്രകടനങ്ങൾക്ക് പുറപ്പെടും. അവർ തന്നെ അവർക്കെതിരെ ആക്രമണം നടത്തുകയും തൃണമുൽ കോൺഗ്രസിന്റെ മേൽ പഴി ചുമത്തുകയും ചെയ്യും. സായുധസേനയുടെ അകമ്പടിയോടെ നാട് ചുറ്റുന്ന നിങ്ങൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്? ' നഡ്ഡയ്ക്ക് സുരക്ഷയൊരുക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായാൽ സംസ്ഥാന സർക്കാരിന് മേൽ പഴി ചാരുന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്നും മമത കുറ്റപ്പെടുത്തി.
'ബിജെപി. പ്രവർത്തകർക്ക് മറ്റ് പണികളില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയോ അല്ലെങ്കിൽ നഡ്ഡയോ ഛഡ്ഡയോ ഫഡ്ഡയോ ഭഡ്ഡയോ ഇവിടെയുണ്ടാകും. തന്ത്രങ്ങൾ പ്രയോഗിക്കാൻ തങ്ങളുടെ പ്രവർത്തകരെ ഇവർ തന്നെ നിയോഗിക്കും.' ബിജെപിയെ ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ തങ്ങൾക്കെന്തു ചെയ്യാൻ സാധിക്കുമെന്ന് തന്റെ നിയോജകമണ്ഡലത്തിൽ വെച്ച് നഡ്ഡയ്ക്ക് നേരെ ആക്രമണമുണ്ടായതിനെ കുറിച്ച് മമതയുടെ അനന്തരവനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജി പ്രതികരിച്ചു.
ജെ.പി നഡ്ഡയുടെ വാഹന വ്യൂ?ഹത്തിന് നേരെ ആക്രമണം നടത്തിയത് ബിജെപി തന്നെയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തന്നെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മമതാ സർക്കാരിന്റെ പത്ത് വർഷത്തെ പ്രോഗസ് റിപ്പോർട്ട് പുറത്തിറക്കുന്ന ദിവസമാണ് ആക്രമണം ഉണ്ടായതെന്ന് മുതിർന്ന തൃണമൂൽ നേതാവ് സുബ്രത മുഖർജി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന്സുബ്രത മുഖർജി പറഞ്ഞു. 'നഡ്ഡ പറയുന്നത് അദ്ദേഹത്തെ ആക്രമിച്ചു എന്നാണ്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് പ്രകോപനമുണ്ടായത് അദ്ദേഹത്തിന്റേയും ബിജെപി പ്രവർത്തകരുടെയും പക്കൽ നിന്നാണെന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ബിജെപിയാണ്', സൗമിത്ര മുഖർജി പറഞ്ഞു.
മറുനാടന് ഡെസ്ക്