ബോളിവുഡിൽ ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു പ്രണയം വേറെയുണ്ടാവില്ല. അതുകൊണ്ട് തന്നെ രൺബിർ കത്രീന പ്രണയം ഇടയ്ക്ക് വച്ച് തകർന്നപ്പോഴും ആരാധകർക്ക് അതൊരു ഞെട്ടലാണ് സമ്മാനിച്ചത്. ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും വാർത്തകളിൽ വീണ്ടും നിറയുകയാണ്.

പിരിഞ്ഞതിന് ശേഷം ഇരുവർക്കും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കേണ്ടി വന്നതാണ് പുതിയ വിശേഷം. ബർഫിയുടെ സംവിധായകൻ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'ജഗ്ഗ ജസൂസ്' ആയിരുന്നു ആ ചിത്രം. വളരെ മുൻപേ ഇരുവരും ഡേറ്റ് നൽകിയ ചിത്രമാണത്.

മാനസികമായി പ്രയാസമുള്ള കാര്യമാണെങ്കിലും ഇരുവരും സെറ്റിലെത്തി. പക്ഷേ പരസ്പരം കാണാതെ നോക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നുവെന്ന് പാപ്പരാസികൾ പറയുന്നത്. ഇരുവരും ഒരുമിച്ചല്ലാത്ത സീനുകളായിരുന്നു ആദ്യ ദിനങ്ങളിൽ ബസു ക്യാമറയിൽ പകർത്തിയതും. ഒരുദിവസം പക്ഷേ ഇരുവർക്കും പരസ്പരം കാണേണ്ടിവന്നു. അത് അഭിനയത്തിനിടെ
ആയിരുന്നുമില്ല.

ഒരു ദിവസത്തെ ചിത്രീകരണത്തിന് ശേഷം രൺബീർ കാറിൽ കയറി തിരികെ പോകാൻ തുടങ്ങുകയായിരുന്നു. കാർ പക്ഷേ മുന്നോട്ടെടുക്കാൻ സാധിച്ചില്ല. കാരണം മുന്നിൽ വഴിയിൽത്തന്നെ നിന്ന് കത്രീന സിനിമയുമായി ബന്ധപ്പെട്ട ചിലരോട് സംസാരിക്കുകയായിരുന്നു. കത്രീന പോകുന്നതുവരെ കാറിൽ നിന്ന് പുറത്തിറങ്ങാതെയിരുന്ന രൺബീർ പക്ഷേ അവരോട് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.