- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മാറിയതുകൊണ്ടു മാത്രം ആശ്വസിക്കണ്ട; പേശീവേദനയും ഉറക്കമില്ലായ്മയും ഒക്കെ കൊണ്ട് കോവിഡാനന്തര കാലം തീരില്ല; ആറുമാസം കഴിയുമ്പോൾ മുടിയും കൊഴിയും
ലണ്ടൻ: ഒഴിയാതെ ജീവിതകാലം മുഴുവൻ പിടികൂടിയേക്കാവുന്ന ഒരു ബാധയാണ് കോവിഡ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരിക്കൽ രോഗമുക്തി നേടിയാലും ദീർഘകാലം ഈ മഹാവ്യാധിയുടെ അനന്തരഫലങ്ങൾ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുമത്രെ. ക്ഷീണം, ഗന്ധം അറിയുവാനുള്ള കഴിവ് ഇല്ലാതെയാവുക, നെഞ്ച് വേദന തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ട ചില അനന്തരഫലങ്ങളാണ്. ഇതുമാത്രമല്ല, ഒരു ശാസ്ത്രമാസികയിൽ വന്ന ഒരു പഠന റിപ്പോർട്ട് പ്രകാരം കോവിഡിനെ അതിജീവിച്ചവരിൽ 25 ശതമാനം പേരുടെയും മുടി കൊഴിഞ്ഞുപോകുന്നുണ്ട്.
ദി ലാൻസെറ്റ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠന റിപ്പോർട്ട് പറയുന്നത് ചൈനയിലെ വുഹാനിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,655 പേരിൽ 359 പേർക്ക് (22 ശതമാനം) ആറുമാസത്തിനു ശേഷം മുടികൊഴിച്ചിൽ അനുഭവപ്പെട്ടു എന്നാണ്. രോഗമുക്തി നേടി ആശുപത്രി വിട്ടതിനു ആറുമാസത്തിനു ശേഷമാണ് മുടികൊഴിച്ചിൽ ആരംഭിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അതിയായ മാനസിക സമ്മർദ്ദം അനുഭവിച്ചതിനു ശേഷമുണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രക്രിയയാണ് മുടികൊഴിച്ചിൽ എന്നും ഇത് താത്ക്കാലികമാണെന്നും ത്വക്ക് രോഗ വിദഗ്ദർ പറയുന്നു. എന്നാൽ, മുടി പൂർണ്ണമായും കൊഴിഞ്ഞുപോകുന്ന അലോപേസിയ എന്ന അവസ്ഥയ്ക്കും കോവിഡ് കാരണമായേക്കാം എന്നു പറയുന്നു. കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ഇപ്പോൾ ചൈനയിൽ പഠനങ്ങൾ നടന്നുവരികയാണ്.
എന്നാൽ, ഇത്തരം പ്രത്യാഘാതങ്ങളുടെ ലക്ഷണങ്ങൾ മിക്കവയും അവ്യക്തമാൺ. ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്മ, സന്ധിവേദന, വിഷാദരോഗം തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളായി എത്തുമെന്ന് നേരത്തേ എൻ എച്ച് എസും പറഞ്ഞിരുന്നു. മുടികൊഴിച്ചിൽ പക്ഷെ, എൻ എച്ച് എസിന്റെ പട്ടികയിലില്ല. ദീർഘകാലം നീണ്ടുനിന്ന പഠനമായിരുന്നു വുഹാനിലെ ജിൻ യിൻ റ്റാൻ ആശുപത്രിയിൽ നടന്നത്. 2020 ജനുവരി 7 മുതൽ മെയ് 29 വരെ ഈ ആശുപത്രിയിൽ നിന്നും കോവിഡ് മുക്തി നേടി പുറത്തിറങ്ങിയവരിലായിരുന്നു പരീക്ഷണം നടത്തിയത്.
ആറുമാസത്തിനു ശേഷം ഇവർക്ക് ഒരു ചോദ്യാവലി നൽകി അതിലെ വിവരങ്ങൾ വിശകലനം നടത്തിയായിരുന്നു പഠനം. അതുകൂടാതെ വിശദമായ ശരീര പരിശോധനക്കും ആറു മിനിട്ട് നേരത്തേ വാക്കുംഗ് പരിശോധനക്കും ഇവർ വിധേയരായിരുന്നു. രക്തപരിശോധനയും നടത്തിയിരുന്നു. ക്ഷീണവും പേശീ വേദനയും പേശിയുടെ ബലക്കുറവുമായിരുന്നു 63 ശതമാനം പേരിൽ കണ്ടത്. 26 ശതമാനം പേരിൽ ഉറക്കനഷ്ടം സംഭവിച്ചപ്പോൾ 23 ശതമാനം പേരാണ് കാരണമറിയാത്ത ഉത്ക്കണ്ഠക്കും വിഷാദരോഗത്തിനും അടിമപ്പെട്ടത്. 22 ശതമാനം പേർക്ക് മുടികൊഴിയൽ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ ഇന്ത്യാന സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോക്ടർ നടാലിയ ലാംബെർട്ട് നടത്തിയ പഠനത്തിലും പല രോഗികൾക്കും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതായി കണ്ടിരുന്നു. 1,567 പേരിൽ നടത്തിയ പഠനത്തിൽ 423 പേരിലാണ് മുടികൊഴിച്ചിൽ ദൃശ്യമായത്.
മറുനാടന് ഡെസ്ക്