ഡിസംബർ ഒന്നുമുതൽ വർദ്ധിപ്പിച്ച ടാക്‌സിചാർജിന് പിന്നാലെ ദുബായിൽ മിനിമം ചാർജ് വർദ്ധിപ്പിക്കാനും തീരുമാനിച്ചു.പത്ത് ദിർഹത്തിൽ നിന്ന് പന്ത്രണ്ട് ദിർഹമായാണ് ടാക്‌സിയുടെ മിനിമം ചാർജ് വർധന.റോഡരികിൽ നിന്ന് ടാക്‌സിയിൽ കയറുന്നവുരടെ മീറ്റർ റീഡിങ്  മൂന്നിൽ നിന്ന് അഞ്ച് ദിർഹമായി  വർധിപ്പിച്ചതിന് പിന്നാലെയാണ്് മിനിമം ചാർജും ആർ ടി എ വർധിപ്പിച്ചത്. ഇനിമുതൽ പത്ത് ദിർഹത്തിന് പകരം യാത്രക്കാർ പന്ത്രണ്ട് ദിർഹം മിനിമം ചാർജായി നൽകേണ്ടിവരും. ഡിസംബർ ഒന്നിലെ ചാർജ് വർധന പ്രകാരം നേരത്തെ ബുക് ചെയ്യുന്ന ടാക്‌സികളിൽ സാധാരണ സമയത്ത് 8 ദിർഹത്തിലും തിരക്കുള്ള സമയത്ത് 12 ദിർഹത്തിലുമാണ് മീറ്റർ റീഡിങ് തുടങ്ങുക.

ടാക്‌സിയുടെ സേവനം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് മിനിമം ചാർജ് വർധനയെന്ന് ആർ ടി എ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി ഇ ഒ ഡോക്ടർ യൂസുഫ് അലി പറഞ്ഞു. ഈ ആഴ്ചതന്നെ മിനിമം ചാർജ് എല്ലാ ടാക്‌സികളിലും നിലവിൽ വന്നതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ യാത്രക്കായി ബസ്, മെട്രോ, ട്രാം തുടങ്ങിപൊതുമേഖലാ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയെന്ന ഉദ്ദേശ്യവും ചാർജ് വർധനക്ക് പിന്നിലുണ്ടെന്ന് യൂസുഫ് അലി കൂട്ടിച്ചേർത്തു. നോൽ കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ വഴി ടാക്‌സി ചാർജ് നൽകാനുള്ള സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ചാർജിലും മിനിമം ചാർജിലും വർധനയുണ്ടായെങ്കിലും കിലോമീറ്ററിന് 1.71 ദിർഹം തന്നെയായിരിക്കും ഈടാക്കുക.