- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ വേണമെന്ന് ആദായ നികുതി വകുപ്പ്; ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങൾ പ്രത്യേകം സമർപ്പിക്കണമെന്നും ആവശ്യം; കിഫ്ബിക്ക് പൂട്ടിടാൻ ഇഡിക്ക് പിന്നാലെ മറ്റൊരു കേന്ദ്ര ഏജൻസി കൂടി; തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കവെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്ര സർക്കാരും
തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കൂടി കേന്ദ്ര അന്വേഷണ ഏജൻസികൾ. ആദായനികുതി വകുപ്പും കിഫ്ബി ഇടപാട് അന്വേഷിക്കുന്നു. കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു. അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. കരാറുകാർക്കു പണം നൽകിയതിന്റെ വിശദാംശങ്ങൾ നൽകണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങൾ പ്രത്യേകം സമർപ്പിക്കണമെന്നും നോട്ടിസിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പിന്നാലെയാണ് കിഫ്ബിയെ പൂട്ടാൻ മറ്റൊരു കേന്ദ്ര ഏജൻസി കൂടി എത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം. വിദേശ നാണയ വിനിമയ നിയമം (ഫെമ) ലംഘിച്ചതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം.കിഫ്ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ച സിഎജി റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് ഇഡി നടപടി. കിഫ്ബിയിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും നീളുമോ എന്നതാണ് ചോദ്യം. കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു ദിവസങ്ങൾക്കകമാണ് ഇഡി കേസെടുത്തത്.
കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ സുപ്രധാന നടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.
കിഫ്ബിയെ ഇ ഡി വേട്ടയാടുമ്പോൾ കേന്ദ്രത്തിന്റെ ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷ(ഡിഎഫ്ഐ)നെ സിബിഐ അടക്കമുള്ള ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിന്നും നിയമത്തിലൂടെ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചിരുന്നു. കിഫ്ബിയിൽ നിയമ ലംഘനമുണ്ടെങ്കിൽ വൈസ് ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പറ്റുമെങ്കിൽ എന്നെ അറസ്റ്റു ചെയ്യൂ. ഉദ്യോഗസ്ഥരുടെ പിന്നാലെ നോട്ടീസുമായി പോയി കുതിരകയറണ്ട. തെരഞ്ഞെടുപ്പിന് മുമ്പ് ആരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് നീക്കം. അതൊന്നും നടക്കില്ല. രാജ്യം ചിന്തിക്കും മുമ്പ് കേരളം മാതൃക സൃഷ്ടിച്ചുവെന്ന് മനസിലായില്ലേ. മോദിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമാകുന്ന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നു.
അന്വേഷണ പ്രഹസനത്തിന് തെരഞ്ഞെടുപ്പു കഴിയും വരെയെ ആയുസുണ്ടാകൂ. ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനും ഇഡിയുടെ നീക്കമുണ്ട്. ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി തുടക്കം കുറിച്ചിട്ടുള്ള വികസന പ്രവർത്തനം തുടരണമോ വേണ്ടയോ എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. വികസനം അട്ടിമറിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന യുഡിഎഫിനുമുള്ള മറുപടി ജനം വോട്ടിലൂടെ നൽകും.
കള്ളപ്പണം വെളിപ്പിക്കുമെന്നാണ് പറയുന്നത്. എല്ലാം ആർബിഐ പരിശോധിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനം കെവൈസി ഉറപ്പുവരുത്തി ബാങ്കുവഴി ബോണ്ടുകളിൽ പണം സ്വീകരിക്കുമ്പോൾ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കാൻ കഴിയുക. സ്വകാര്യ സ്ഥാപനമായി മാറുന്ന ഡിഎഫ്ഐയെ അഴിമതി അന്വേഷണത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമ്പോൾ പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കിഫ്ബിയെ വേട്ടയാടുന്നതിന്റെ ലക്ഷ്യം കേന്ദ്രം വ്യക്തമാക്കണമെന്നും ഐസക് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ