- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തൽ നിർത്തണം; അപകട സ്ഥലം സുരക്ഷിതമാക്കണം; വിവിഐപികൾ ഒഴിഞ്ഞു നില്ക്കണം; കുറ്റവാളിയാക്കാൻ അന്വേഷണം അരുത്; കലാരൂപത്തെ നശിപ്പിക്കരുത്: പരവൂർ ദുരന്തത്തിന്റെ ബാക്കിപത്രത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ഏത് വലിയ യുദ്ധവും ഒരിക്കൽ അവസാനിക്കും എന്നത് ഞങ്ങൾ പോസ്റ്റ് കോൺഫ്‌ലിക്ടുകാരെ സംബന്ധിച്ചിടത്തോളം ജീവമന്ത്രം ആണ്. അതുപോലെയാണ് ദുരന്തങ്ങളുടെ കാര്യവും. രണ്ടു ലക്ഷം ആളുകൾ മരിച്ച സുനാമിയെ പറ്റി പോലും ഇപ്പോൾ അധികം ആരും ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ 100 പേർ മരിച്ച വെടിക്കെട്ട് അധികകാലം ഒന്നും സമൂഹത്തിന്റെ ഓർമ്മയിൽ ഉണ്ടാവില്ല. പക്ഷെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ഓരോ ദുരന്തന്തിൽ നിന്നും നാം പാഠങ്ങൾ പഠിച്ചേ തീരു. മാദ്ധ്യമങ്ങളുടെ ധർമ്മം: ഒരു ദുരന്തം ഉണ്ടായാൽ അതിന്റെ പാഠങ്ങൾ സമൂഹം പഠിച്ചു എന്നും അത്തരം ഒരു ദുരന്തം ഇനി ഉണ്ടാവില്ല എന്നും ഉറപ്പു വരുത്തുന്നത് വരെ മാദ്ധ്യമങ്ങൾ ആ വിഷയം ശ്രദ്ധയിൽ നിറുത്തണം. അതേ സമയം ദുരന്തത്തെ പറ്റിയുള്ള ഏതു വാർത്തകളിൽ എപ്പോൾ ഫോക്കസ് ചെയ്യണമെന്നും ശ്രദ്ധിക്കണം. ദുരന്തമുണ്ടായി ആദ്യത്തെ മണിക്കൂറുകളിൽ, അതായത് ദുരന്തത്തിൽപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി അവരുടെ ചികിത്സക്കുള്ള കാര്യങ്ങൾ ഒക്കെ തരപ്പെടുത്തുന്നതുവരെ, ഇതാരുടെ കുറ്റം ആണെന്ന വിചാരണ തുടങ്ങരുതെന്ന് ഞാൻ പല തവ
ഏത് വലിയ യുദ്ധവും ഒരിക്കൽ അവസാനിക്കും എന്നത് ഞങ്ങൾ പോസ്റ്റ് കോൺഫ്‌ലിക്ടുകാരെ സംബന്ധിച്ചിടത്തോളം ജീവമന്ത്രം ആണ്. അതുപോലെയാണ് ദുരന്തങ്ങളുടെ കാര്യവും. രണ്ടു ലക്ഷം ആളുകൾ മരിച്ച സുനാമിയെ പറ്റി പോലും ഇപ്പോൾ അധികം ആരും ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ 100 പേർ മരിച്ച വെടിക്കെട്ട് അധികകാലം ഒന്നും സമൂഹത്തിന്റെ ഓർമ്മയിൽ ഉണ്ടാവില്ല. പക്ഷെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ഓരോ ദുരന്തന്തിൽ നിന്നും നാം പാഠങ്ങൾ പഠിച്ചേ തീരു.
മാദ്ധ്യമങ്ങളുടെ ധർമ്മം: ഒരു ദുരന്തം ഉണ്ടായാൽ അതിന്റെ പാഠങ്ങൾ സമൂഹം പഠിച്ചു എന്നും അത്തരം ഒരു ദുരന്തം ഇനി ഉണ്ടാവില്ല എന്നും ഉറപ്പു വരുത്തുന്നത് വരെ മാദ്ധ്യമങ്ങൾ ആ വിഷയം ശ്രദ്ധയിൽ നിറുത്തണം. അതേ സമയം ദുരന്തത്തെ പറ്റിയുള്ള ഏതു വാർത്തകളിൽ എപ്പോൾ ഫോക്കസ് ചെയ്യണമെന്നും ശ്രദ്ധിക്കണം. ദുരന്തമുണ്ടായി ആദ്യത്തെ മണിക്കൂറുകളിൽ, അതായത് ദുരന്തത്തിൽപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി അവരുടെ ചികിത്സക്കുള്ള കാര്യങ്ങൾ ഒക്കെ തരപ്പെടുത്തുന്നതുവരെ, ഇതാരുടെ കുറ്റം ആണെന്ന വിചാരണ തുടങ്ങരുതെന്ന് ഞാൻ പല തവണ എഴുതിയിട്ടുണ്ട്. കാരണം ദുരന്തം സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരികയാണ്. സഹജീവികളുടെ ദുഃഖത്തിൽ അവർ പങ്കുചേരുകയും അവർക്ക് പരമാവധി ആശ്വാസം രക്തമായോ പണമായോ മറ്റു വസ്തുക്കളായോ ഒക്കെ കൊടുക്കാൻ തുടങ്ങുന്ന സമയം ആണ്. ആ സമയത്ത് ആ ദുരന്തത്തിന് വെടിക്കെട്ടുകാരോ അമ്പലക്കമ്മിറ്റിയോ, സർക്കാരോ എന്തിന് ദുരന്തത്തിൽപ്പെട്ടവർ തന്നെയോ ഉത്തരവാദികൾ ആണെന്ന് പറഞ്ഞു പരത്തുന്നത് സമൂഹത്തിന്റെ സൗമനസ്യം (Goodwill) കുറക്കാനേ സഹായിക്കൂ. ആർക്കും ഒരു ഗുണവും ഉണ്ടാവില്ല. രക്ഷ പെടുത്തൽ, അവർക്കാവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കൽ, വീട് നഷ്ടപ്പെട്ടവർക്ക് താല്ക്കാല സൗകര്യങ്ങൾ ഒരുക്കൽ എന്നിവയെല്ലാം അധികാരികളുടെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് അടുത്ത പടി. അതിനു ശേഷം ആകണം കുറ്റം കണ്ടു പിടിക്കലും എല്ലാം അതും കഴിഞ്ഞ് ചികിത്സയും പുനരധിവാസവും ഒക്കെ പറഞ്ഞ പോലെ നടക്കുന്നുണ്ടോ എന്നൊക്കെ ഇടക്കിടക്ക് വാർത്തയാക്കണം. ഒരു അപകടത്തിലെ പാഠങ്ങൾ പഠിച്ചോ എന്നതിൽ കൂടി ശ്രദ്ധ ചെലുത്തിയാൽ ഏറ്റവും നല്ലത്.
അപകട സ്ഥലം സുരക്ഷിതമാക്കണം: വെടിക്കെട്ടപകടം പോലെ സഫോടക വസ്തുക്കൾ ഉൾപ്പെട്ട ഒരു അപകടം ഉണ്ടായാൽ പരിക്കേറ്റവരെ സ്ഥലത്ത് നിന്നും ആശുപത്രികളിലേക്ക് മാറ്റിയിട്ട് അപകടം നടന്ന സ്ഥലം വളഞ്ഞു കെട്ടി സുരക്ഷിതം ആക്കണം. അമേരിക്കയിൽ എല്ലാം 'ക്രൈം സീൻ' എന്ന പേരിൽ മഞ്ഞ ടേപ്പ് കെട്ടി തിരിക്കുന്നത് സിനിമയിൽ കണ്ടിട്ടില്ലേ. ഇത് രണ്ടു കാരണങ്ങൾ കൊണ്ടാണ്, ഒന്നാമത് ഏത് വെടിക്കെട്ട് അപകടത്തിലും അനവധി സഫോടക വസ്തുക്കൾ പൊട്ടാതെ കിടക്കും, അതിന്റെ മുകളിൽ കൂടി ആളുകളോ വാഹനങ്ങളോ ഒക്കെ കയറിയിറങ്ങുമ്പോൾ വീണും സ്‌ഫോടനം ഉണ്ടാകാൻ സാധ്യത ഉണ്ട്. അപ്പോൾ അതീവ സൂക്ഷ്മതയോടെ വേണം രക്ഷാ പ്രവർത്തനം പോലും നടത്താൻ. രണ്ടാമത് സ്‌ഫോടനം ഉണ്ടായ സാഹചര്യം മനസ്സിലാക്കാൻ ഫോറൻസിക്ക് എവിടന്ൻസ് ആയി കംബപ്പുരയും ചുറ്റുവട്ടവും ഒക്കെ സംരക്ഷിക്കപ്പെടണം. ഉദാഹരണത്തിന് കംബപുരയുടെ മുകളിലേക്ക് പകുതി പൊട്ടിയ അമിട്ട് വീണ് ആണ് അപകടം ഉണ്ടായതെന്ന് മണിക്കൂറുകളോളം ടി വി യിൽ കണ്ടു. കംബപ്പുരയുടെ ഒന്നാമത്തെ ലക്ഷ്യം തന്നെ സഫോടക വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുകയല്ലേ ?. അപ്പോൾ മുകളിൽ നിന്നോ സൈഡിൽ നിന്നോ അമിട്ടോ അഗ്‌നിയോ നേരിട്ട് അകത്തു സൂക്ഷിച്ചിരിക്കുന്ന സഫോടക വസ്തുക്കളിൽ എത്താൻ പറ്റുന്ന ഒരു കംബപ്പുര ആരെങ്കിലും നിര്മ്മിക്കുമോ ?. ദുരന്തം ഉണ്ടായി ഏതാനും മണിക്കൂറുകൾക്കകം നമ്മൾ കാണുന്നത് കംബപ്പുര പൊളിച്ചു മാറ്റുന്നതാണ്. ഇതുകൊണ്ട് ഒരു ദുരന്ത നിവാരണവും ഉണ്ടാവില്ല എന്ന് മാത്രമല്ല ദുരന്തത്തിന്റെ അടിസ്ഥാന കാര്യങ്ങളെ പറ്റിയുള്ള അന്വേഷണത്തിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അപകടം നടന്ന സ്ഥലം സഫോടക വസ്തു വിദഗ്ദ്ധരും സഫോടനത്തെ പറ്റി അന്വേഷിക്കുന്നവരും ഒക്കെ വന്നു പരിശോധിച്ച് ഇനി അവിടെ സഫോടക വസ്തുക്കൾ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുകയും അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമേ ഈ സ്ഥലം ക്ലീൻ ആക്കാൻ പോലും തുറന്നു കൊടുക്കാവൂ.[BLURB#1-H]
വി വി ഐ പി സന്ദർശനം: ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളിൽ രക്ഷാ പ്രവർത്തനം ആണ് പ്രധാന ദൗത്യം. അതൊരു സാങ്കേതിക ജോലി ആണ്, മറ്റുള്ളവർക്ക് അധികം ഒന്നും ചെയ്യാനില്ല. എന്നാൽ ദുരന്തം ഉണ്ടായാൽ എത്രയും വേഗം അവിടെ എത്തി ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുക എന്നത് ജനാധിപത്യത്തിൽ പതിവാണ്. ഇതൊരു വ്യക്തിപരമായ ദുഃഖ പ്രകടനം മാത്രം അല്ല, ദുരന്ത സമയത്ത് ദുരന്ത ബാധിതർ ഒറ്റക്കല്ല രാജ്യം മുഴുവൻ കൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കാൻ ഇത് സഹായിക്കും, അത് പോലെ പ്രധാന മന്ത്രി പോലും പ്രശ്‌നത്തിൽ ഇടപെടുമ്പോൾ രാജ്യത്ത് ലഭ്യമായ എല്ലാ വിഭവങ്ങളും ദുരന്ത നിവാരണത്തിനായി എത്തുകയും ചെയ്യും. ഈ രണ്ടും തമ്മിൽ ഒരു ബാലൻസിങ് ആക്റ്റ് വേണ്ടി വരും. പക്ഷെ ഇത്തവണ ഏറ്റവും വേഗം ഡോക്ടർമാരും ആയി ഓടി എത്താനും തന്റെ സന്ദർശനം ഏറ്റവും തിരക്ക് കുറഞ്ഞതാക്കാനും നമ്മുടെ പ്രധാനമന്ത്രി കാണിച്ച കരുണയും കരുതലും നമ്മൾ അംഗീകരിക്കെണം.
പക്ഷെ പ്രാധാന മന്ത്രി എത്ര തന്നെ സന്ദർശനം ലോ കീ ആക്കണം എന്ന് പറഞ്ഞാലും അദ്ദേഹം കേരളത്തിൽ കാലുകുത്തുന്ന മുതൽ തിരിച്ചു വിമാനം കയറുന്നത് വരെ നമ്മുടെ അധികാരികളുടെ ഉള്ളിൽ തീയാണ്, അവരുടെ പ്രധാന ശ്രദ്ധ ഇക്കാര്യത്തിൽ ആയിരിക്കുകയും ചെയ്യും. പക്ഷെ ഇത് മാത്രം അല്ല പ്രശ്‌നം. ഒരു പ്രധാന മന്ത്രിയും ഒരു മുൻ പ്രധാന മന്ത്രിയും തീവ്രവാദികളാൽ കൊല്ലപ്പെട്ട രാജ്യം ആണ് നമ്മുടേത്. അപ്പോൾ നമ്മുടെ പ്രധാനമന്ത്രിയുടെ യാത്രകളിൽ ഒരുക്കുന്ന സന്നാഹങ്ങൾ ആർഭാടം അല്ല, അത്യാവശ്യം ആണ്. ഇതിൽ ദുരന്ത സമയത്താണെങ്കിലും കുറവ് വരുത്തുന്നതിന് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ട്. അപകട സമയങ്ങളിൽ നമ്മുടെ പ്രധാനമന്ത്രി സുരക്ഷാ സംവിധാനങ്ങളിൽ ഇളവു വരുത്തുന്നു എന്ന കാര്യം നമ്മൾ മാത്രം അല്ല ശ്രദ്ധിക്കുന്നത് എന്നോർക്കണം.[BLURB#2-VL]
അപകടത്തിന്റെ കണക്കെടുപ്പ്: അപകടത്തിൽ മരണവും പൊള്ളലും കൂടാതെ വസ്തു വകകല്ക്കും പരിസ്ഥിതിക്കും നാശം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങളുടെ വസ്തുവകകളുടെ നാശനഷ്ടക്കണക്കെടുക്കുക എന്നതാണ് അടുത്ത ജോലി. ഇത് കൃത്യതയോടെ ചെയ്ത് അവർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കണം. പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്!മെന്റ് എന്ന ഐക്യരാഷ്ട്രസഭയും ലോകബാങ്കും സംയുക്തമായി വികസിപ്പിച്ച മാതൃക പിൻതുടരാവുന്നതേ ഉള്ളൂ. സാധാരണ വരൾച്ചയിലും വെള്ളപ്പൊക്കത്തിലും ഡൽഹിക്ക് അയക്കുന്ന കമ്മദി കണക്ക് മാറ്റി വ്യക്തവും കൃത്യവും ആയതായിരിക്കണം ഈ കണക്കുകൂട്ടൽ. പരിസ്ഥിതി നാശം കണ്ടു പിടിക്കാൻ പറമ്പിലേയും പാടത്തേയും വെള്ളത്തിലെ എല്ലാം മണ്ണും ജലവും പരിശോധിച്ച് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും അതിലുണ്ടോ എന്ന് കണ്ടു പിടിക്കണം, ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനുള്ള ശ്രമം നടത്തണം. അപകടത്തിൽ പരിക്ക് പറ്റിയവരെ കൂടാതെ അതിനു ചുറ്റുവട്ടത്തുള്ള ആയിരക്കണക്കിന് ആളുകളുടെ, പ്രതെയ്കിച്ചും കുട്ടികളുടെ, മാനസിക ആരോഗ്യത്തെ ഇത് ബാധിച്ചിട്ടുണ്ട്. അവർക്ക് പോസ്റ്റ് ട്രോമാടിക് സ്‌ട്രെസ് ഡിസോർഡർ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും, ഇത് മുന്നേ കണ്ട് കൗൺസലിങ് നല്കണം. ക്ഷേത്രത്തിലും, സ്‌കൂളിലും ഒക്കെ ഇതിനുള്ള സംവിധാനം ഉണ്ടാക്കണം. അപകടം മൂലം ജീവിതകാലം മുഴുവൻ പഴയത് പോലെ പണിയെടുത്തു ജീവിക്കാൻ പറ്റാത്ത അനവധി പേരുണ്ടാകും അവർക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കണം. പ്രകടമായ നാശനഷ്ടം കൂടാതെ പരിസ്ഥിതിപ്രശ്‌നം പരിഹരിക്കാനും സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവരുടെ ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകൾ കുറക്കാനുള്ള തുകയും നാശ നഷ്ടത്തിന്റെ കണക്കിൽ വകയിരുത്തണം.
അപകടത്തെ പറ്റിയുള്ള അന്വേഷണം: ഏതൊരു അപകടത്തിനും ശേഷം ആ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഏതു ദുരന്തവും ഉണ്ടാകുന്നത് ഒരു പറ്റം സുരക്ഷാ പിഴവുകൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടാകുമ്പോൾ ആണ്. ഉപയോഗിച്ച വെടിമരുന്നിറെ രാസ ഘടന, അളവ്, വെടിമരുന്നു പുരയും കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരം, കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലവും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം, കംബപുരയുടെ നിർമ്മാണം അവിടുത്തെ ശീതികരണ സംവിധാനങ്ങൾ,ചെറിയ തീ ഉണ്ടായാൽ അണക്കാനുള്ള സംവിധാനം, വെടിക്കെട്ട് നടത്തുന്ന ആളുകളുടെ പരിശീലനവും എക്‌സ്പീരിയൻസും സുരക്ഷാ ബോധവും, അപകടം ഉണ്ടായിക്കഴിഞ്ഞാൽ അത് നേരിടാൻ ഉള്ള സംവിധാനങ്ങൾ എന്നിങ്ങനെ അനവധി വിഷയങ്ങൾ ഇവിടെ പ്രസക്തം ആണ്. വെടിക്കെട്ട് നടത്തിയത് ലൈസൻസോടെ ആണോ അല്ലയോ എന്നതിന് സാങ്കേതികമായി വലിയ പ്രസക്തി ഇല്ല. പക്ഷെ ഇപ്പോൾ നമുക്കുള്ള എല്ലാ നിയമങ്ങളും പാലിച്ചാലും അപകടങ്ങൾ ഉണ്ടാകാമായിരുന്നോ എന്നത് പ്രധാനപ്പെട്ട ചോദ്യം ആണ്.
ഒരു കുറ്റവും അതിനെ ചൊല്ലി കുറച്ചു കുറ്റവാളികളെയും കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ അന്വേഷണത്തെ സമീപിച്ചാൽ ഒരു ഗുണവും ഉണ്ടാവില്ല. ഈ അപകടത്തെ പറ്റി ശരിക്കും അറിയാവുന്നവർ കരിമരുന്നു പ്രയോഗം നടത്തിയവരും പിന്നെ ക്ഷേത്ര കമ്മിറ്റിക്കാരും ആണ്. ഇവരൊന്നും അപകടം ഉണ്ടാക്കണം എന്ന് കരുതി ഒന്നും ചെയ്തിട്ടും ഇല്ല. അപ്പോൾ ആരെയെങ്കിലും കുറ്റവാളി ആക്കാൻ നോക്കുന്ന തരത്തിൽ ഉള്ള അന്വേഷണം അപകടത്തിന്റെ അടിസ്ഥാന കാരണങ്ങൾ അറിയാൻ നമ്മെ സഹായിക്കില്ല. പറ്റിയത് പറ്റി, മരിച്ചവർ മരിച്ചു ഇനി ബാക്കി ഉള്ളവരുടെ കൂടെ കാര്യം കുഴപ്പത്തിലാക്കാതെ നോക്കണം എന്നതായിരിക്കും അപകടത്തെ പറ്റി ശരിക്കും അറിവുള്ളവരുടെ മനോഭാവം. അടിസ്ഥാന കാരണങ്ങൾ അറിഞ്ഞില്ലെങ്കിൽ ആരൊക്കെ ജയിലിൽ പോയാലും മറ്റൊരിടത്ത് ഈ അപകടങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. ഇതിനു പകരം ഇതിൽ ഉള്‌പ്പെട്ടവരെ കൂടി വിശ്വാസത്തിൽ എടുത്ത് സമഗ്രമായ അന്വേഷണം നടത്തിയാൽ നമുക്ക് അടിസ്ഥാന കാരണങ്ങൾ കണ്ടെത്താം, അത് നിയമം മൂലം മറ്റിടങ്ങളിൽ നിയന്ത്രിക്കാം കൂടുതൽ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
[BLURB#3-VR]ഒരു കലാരൂപത്തെ നശിപ്പിക്കരുത്: കരിമരുന്നു പ്രയോഗം ഒരു കലാരൂപം ആണ്. അത് നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ വളർന്നു വന്നതും ആണ്. ലോകത്ത് അനവധി സ്ഥലങ്ങളിൽ ഇപ്പോഴും നടക്കുന്നു. കരിമരുന്നു പ്രയോഗം ആരാധനാലയങ്ങളിൽ നടക്കുന്നതിനാലും അത് വിശ്വാസത്തിന്റെ ഭാഗം അല്ലാത്തതിനാലും ഒഴിവാക്കി കൂടെ എന്നും പലരും ചിന്തിക്കുന്നുണ്ട്. പണ്ട് നമ്മുടെ സമൂഹത്തിന്റെ ആഘോഷങ്ങളുടെ കേന്ദ്രം ആയിരുന്നു ക്ഷേത്രങ്ങൾ അതുകൊണ്ടാണ് കലാ രൂപങ്ങൾ, അത് കഥകളി ആയാലും കരിമരുന്നായാലും, അവിടെ പ്രോല്‌സാഹിക്കപ്പെട്ടതും. അതൊരു നല്ല കാര്യം ആണ്. മറ്റു നാടുകളിൽ സ്വാതന്ത്ര്യ ദിനത്തിനൊ പുതുവർഷത്തിനൊ സ്‌പോര്ട്‌സ് മത്സരങ്ങൽക്കിടയിലോ ഒക്കെ ആണ് ഫയർ വർക്‌സ് നടക്കുന്നത്. ഇംഗ്ലണ്ടിൽ ചരിത്രത്തിന്റെ ഭാഗമായ കരിമരുന്നു ഗൂഢാലോചനയിൽ (1605) നിന്നും രാജാവ് രക്ഷ പെട്ടതിന്റെ ഓര്മ്മക്കായി നവംബറിൽ ഗൈ ഫോക്‌സ് ഡേ എന്ന വെടിക്കെട്ടിന് വേണ്ടി മാത്രം ഉള്ള ഒരു ദിവസം തന്നെ ഉണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്നു പ്രയോഗം നടക്കുന്ന ജനീവയിൽ ആഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ച ആണ്, ജനീവ ഫെസ്റ്റിവലിന്റെ അവസാനം കുറിച്ച് കൊണ്ട്. ഇതിനെല്ലാം ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ആളുകൾ പങ്കെടുക്കുന്നു. അപ്പോൾ ഏതു ദിവസം ആര് നടത്തുന്നു എന്നത് അത്ര പ്രധാനമായ കാര്യം അല്ല. സമൂഹം ആസ്വദിക്കുന്ന നല്ല സാങ്കേതിക ജ്ഞാനം വേണ്ട ഒരു കലാരൂപം ആണ് എന്നതാണ് പ്രധാനം. ഇത് സുരക്ഷിതമായി നടത്തുക എന്നതാണ്, ഇതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലോകത്ത് എത്രയോ ലഭ്യമാണ്.
കേരളത്തിൽ നൂറുകണക്കിന് ആരാധനാലയങ്ങളിൽ ചെറുതും വലുതും ആയ കരിമരുന്നു പ്രയോഗങ്ങൾ ഉണ്ട്, ഇത് കൂടാതെ വിഷുവിനും ക്രിസ്തുമസിനും വീടുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഫയർ വർക്‌സ് നടത്തുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു വലിയ വ്യവസായം തന്നെ ഉണ്ട്, അനവധി തൊഴിലാളികളും സാങ്കേതിക വിദഗ്ദ്ധരും. പക്ഷെ ഇവരെ ആധുനിക സുരക്ഷ പോയിട്ട് അവരുടെ തൊഴിൽ പോലും പരിശീലിപ്പിക്കാനുള്ള ഒരു സംവിധാനം ഇപ്പോൾ കേരളത്തിൽ ഇല്ല. മിക്കവാറും പേർ പരമ്പരാഗതം ആയാണ് ഈ രംഗത്ത് എത്തി പറ്റുന്നത്, അത് കൂടാതെ ഇതിലെ സാങ്കേതിക വിദ്യകൾ രഹസ്യമായി സൂക്ഷിക്കുന്നതും ഇതിനാവശ്യമായ രാസ വസ്തുക്കളെ പറ്റിയുള്ള അറിവ് കുറവായതും ഒക്കെ ഈ തൊഴിൽ കൂടുതൽ അപകടം പിടിച്ചതാക്കുന്നു. പക്ഷെ ഇതൊക്കെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ ആണ്.
ലോകത്ത് പൈറോ റെക്‌സ്‌നിക് വിദഗ്ദ്ധർ ഏറെ ഉണ്ട്, അവരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും. കഴിഞ്ഞ നൂറു വർഷത്തിൽ വർണ്ണ വിസ്മയതിന്റെ ലോകത്ത് എത്രയോ പുരോഗതി ഉണ്ടായിരിക്കുന്നു, സുരക്ഷ എത്രയോ നന്നായിരിക്കുന്നു. ഇതെല്ലം നമ്മുടെ സമൂഹത്തിൽ എത്തിക്കാനുള്ള ഒരു അവസരം ആയി നമുക്കിതിനെ കണ്ടു കൂടെ. ആ ലക്ഷ്യത്തോടെ ലോകോത്തരം ആയ ഒരു 'സ്‌കൂൾ ഓഫ് പൈറോ ടെക്‌നിക്‌സ്' കേരളത്തിൽ, പറ്റിയാൽ പറവൂരിൽ തന്നെ, സ്ഥാപിച്ചു കൂടെ ?. പരവൂരിനു ഇപ്പോൾ പ്രധാനമന്ത്രിയുടെ വരെ ശ്രദ്ധ ഉണ്ടല്ലോ, അപ്പോൾ പുതിയ സ്‌കിൽ ബിൽഡിങ് സ്‌കീം അനുസരിച്ച് ലോകോത്തര പൈറോ ടെക്‌നിക്‌സ് വിദഗ്ദ്ധരെ നമുക്കും വാർത്തെടുത്തു കൂടെ ?. എന്തും നിരോധിക്കാൻ എളുപ്പം ആണ്, പക്ഷെ നൂറ്റാണ്ടുകൾ ആയി നാം വളർത്തിയ ഒരു കലാരൂപത്തെ ഒരു അപകടത്തിന്റെ പേരിൽ നശിപ്പിക്കണോ ?.
വളരുന്ന കമ്പം, ചുരുങ്ങുന്ന മൈതാനം: നമ്മുടെ ആരധനാലയങ്ങളോട് അനുബന്ധിച്ച ഉത്സവങ്ങൾ ദുരന്തത്തിൽ കലാശിക്കാനുള്ള സാധ്യത കൂടി വരികയാണ്. ഇത് കരിമരുന്നു പ്രയോഗത്തിന്റെ മാത്രം കാര്യം അല്ല, ആന എഴുന്നുള്ളിപ്പ് മുതൽ പൊങ്കാല വരെ, മല കയറ്റം മുതൽ ആറാട്ടുവരെ എല്ലാ ആഘോഷങ്ങൾക്കും ആളുകളുടെ എണ്ണം കൂടുന്നു, പക്ഷെ ഇത് സുരക്ഷിതമായി നടത്താനുള്ള സ്ഥല സൗകര്യം കുറയുന്നു. ശക്തൻ തംപുരാൻ പൂരം ഉണ്ടാക്കിയ കാലത്ത് കേരളത്തിൽ മൊത്തം ഉള്ള ജനങ്ങളിൽ കൂടുതൽ ഇപ്പോൾ തൃശ്ശൂർ നഗരത്തിൽ തന്നെ കാണും. നഗരത്തിൽ തുറന്ന പ്രദേശങ്ങൾ കുറയുന്നു, ഉയർന്ന കെട്ടിടങ്ങൾ വർദ്ധിക്കുന്നു, പെട്രോൾ ടാങ്കുകളും കാര് പാർക്കുകളും പോലെ ദുരന്തം ഇരട്ടിപ്പിക്കാൻ കഴിവുള്ള സംവിധാനങ്ങൾ വരുന്നു. പൂരത്തിന്റെ പ്രശസ്തിയും സഞ്ചാര സൗകര്യവും വർദ്ധിച്ചതോടെ ദൂര ദേശത്തുനിന്നും കൂടുതൽ പേർ പൂരം കാണാൻ എത്തുന്നു. ഇതെല്ലാം അപകട സാധ്യത പല മടങ്ങാക്കുന്നു. എത്ര ആളുകൾക്ക് ഒരേ സമയം സുരക്ഷിതമായി ഉത്സവത്തിൽ പങ്കെടുക്കാം എന്നതിന് ശാസ്ത്രീയമായി അപഗ്രഥിക്കാൻ ഉള്ള കഴിവൊന്നും തല്ക്കാലം നമ്മുടെ ക്ഷേത്ര കമ്മിറ്റികള്ക്കില്ല.
ഒളിമ്പിക്‌സ് ഉൾപ്പടെ ലക്ഷങ്ങൾ അണിനിരക്കുന്ന സ്ഥലങ്ങളിൽ എത്രയോ വലുതും മനോഹരവും ആയ കരിമരുന്നു പ്രയോഗങ്ങൾ നടക്കുന്നു. കരിമരുന്നു പ്രയോഗം നടത്തുന്ന സ്ഥലങ്ങളിൽ ആദ്യം നടത്തുന്നത് സമഗ്രമായ ഒരു റിസ്‌ക് അസസ്‌മെന്റ് ആണ്. കരിമരുന്നു പ്രയോഗം നടത്താനുള്ള സ്ഥലം ആദ്യം പരിശോധിക്കും. അവിടെ മരുന്ന് സൂക്ഷിക്കാനുള്ള സ്ഥലം, കരിമരുന്നിന് തീ കൊടുക്കുന്ന സ്ഥലം കത്തിയമർന്ന കംബ വസ്തുക്കള്ക്ക് തിരിച്ചു താഴെ വീഴാൻ ഉള്ള സ്ഥലം ഇതിൽ നിന്നും സുരക്ഷിതമായ ദൂരത്തിൽ ആളുകൾക്ക് നില്ക്കാനുള്ള സംവിധാനം, അതിനും അപ്പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം, മൊത്തം ആളുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനം, ആളുകൾക്ക് വരാനും പോവാനും ഉള്ള സംവിധാനം ഇതെല്ലം റിസ്‌ക് അസസ്‌മെന്റിന്റെ ഭാഗം ആണ്. ഇതിനു ശേഷം ആണ് അപകടം ഉണ്ടായാൽ അത് നേരിടാനും ആള്ക്കൂട്ടാത്തെ നേരിടാനും ഒക്കെ ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഇതെല്ലാം ഫയർ വർക്ക് നടത്തുന്നവരും അതിനു പണം ചെലവാക്കുന്ന സംഘാടകരും മുനിസിപ്പാലിറ്റിയും പൊലീസും ഹെൽത്ത് ആൻഡ് സേഫ്ടി ഡിപ്പാർട്ട്‌മെന്റുംഒക്കെ ചേർന്നാണ് നടത്തുന്നത്.
ശാസ്ത്രീയമായി ഒരു റിസ്‌ക് അസസ്‌മെന്റ് നടത്തിയാൽ ഇപ്പോൾ വെടിക്കെട്ട് നടക്കുന്ന എല്ലാ ഇടങ്ങളിലും അത് നടത്താൻ പറ്റിയില്ലെന്നു വരും, ചിലയിടത്ത് അത് ചെറിയ തോതിൽ ആക്കേണ്ടി വരും, ചിലയിടത്തെല്ലാംപുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ നന്നായി നടത്താൻ പറ്റും. പക്ഷെ ഇതെല്ലാം ശാസ്ത്രീയം ആയി എടുക്കേണ്ട തീരുമാനങ്ങൾ ആണ് അല്ലാതെ വിശ്വാസത്തെ അധിസ്ഥാനമാകി അല്ല.[BLURB#4-VL]
ആരാധനാലയങ്ങളുടെ നടത്തിപ്പിൽ അല്പം ആധുനിക സങ്കേതങ്ങൾ കൊണ്ടുവരാനും ഈ അവസരം ഉപയോഗിക്കാം. കേരളത്തിൽ പതിനായിരത്തിലധികം ആളുകൾ കൂടുന്ന ഉത്സവങ്ങൾ ഏറെയാണ്. പക്ഷെ ഇതിൽ ഒരു അമ്പലക്കമ്മിറ്റിക്കാരനുപോലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനോ എന്തിന് അടിസ്ഥാനപരമായ ഒരു സംഭവ്യ പദ്ധതി (Contingency Plan) ഉണ്ടാകുന്നതിനോ ഉള്ള ഒരു പരിശീലനവും ഇതേവരെ ആരും കൊടുത്തിട്ടില്ല. ഇതിനൊക്കെ ലോകത്തിനു എത്രയോ നല്ല മാതൃകകൾ ഉണ്ട്. അപ്പോൾ കേരളത്തിൽ വ്യാപകമായ ഓരോ ആഘോഷങ്ങൾക്കും മുൻപ് സമഗ്രമായ എമർജൻസി പ്ലാനിംഗും അപകടസാദ്ധ്യത നിർണ്ണയം (Risk Assessment) നടത്താനുള്ള പരിശീലനം ഈ കമ്മിറ്റിക്കാർക്ക് നിർബന്ധമാക്കണം. അതനുസരിച്ച് പദ്ധതി ഉണ്ടാക്കാൻ അവരെ പഠിപ്പിക്കണം. ആ പദ്ധതി അനുകരിച്ചുകൊണ്ടുള്ള ഒരു അഭ്യാസക്രമം (Mock Drill) ഉത്സവങ്ങൾക്ക് മുൻപ് നടത്തണം. ഇങ്ങനെയൊക്കെ ആകുമ്പോൾ സുരക്ഷയെപ്പറ്റി അവർക്ക് കൂടുതൽ അവബോധം ഉണ്ടാകും. ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ Awareness and Preparedness for Emergencies at Local Level (APELL) എന്ന പദ്ധതി പരിഷ്‌കരിച്ച് തൃശൂരിൽ ഉള്ള നമ്മുടെ സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് വഴി എളുപ്പത്തിൽ ഇതിനു വേണ്ട ഒരു പഠന പദ്ധതി ഉണ്ടാക്കവുന്നതെ ഉള്ളൂ. ശബരിമലക്ക് വേണ്ടി കേരള സംസ്ഥാന ഡി സാസ്ടർ മാനജെമെന്റ്‌റ് അഥോറിറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്ടർ മാനേജ്‌മെന്റും കൂടി ഉണ്ടാക്കിയ ക്രൈസിസ് മാനെജ്‌മെന്റ് പ്ലാൻ ഒരു നല്ല ഉദാഹരണം ആണ്.
നിയമം നടപ്പാക്കാനുള്ള പരിശീലനം: സഫോടക വസ്തുക്കളുടെ രസതന്ത്രം അത്ര എളുപ്പമുല്ലതോ സാധാരണ കെമിസ്ടുകൾക്ക് പോലും പരിചിതമൊ അല്ല. സഫോടക വസ്തുകളുടെ സാന്നിധ്യവും സാന്ദ്രതയും പരിശോധിക്കുക എന്നത് വികസിത രാജ്യങ്ങളിൽ പോലും ഏറെ വിഷമം പിടിച്ചതും ചിലവുള്ളതും ആണ്. അങ്ങനെയിരിക്കെ നമ്മുടെ വെടിക്കെട്ടുകളിൽ എന്തൊക്കെ രാസ വസ്തുക്കൾ വരുന്നു, എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്നൊക്കെ കൃത്യമായും സൂക്ഷ്മമായും പരിശോധിക്കാനുള്ള സംവിധാനങ്ങൾ നമുക്കുണ്ടോ എന്ന് സംശയം ആണ്. വികസിത രാജ്യങ്ങളിൽ ഹെൽത്ത് ആൻഡ് സേഫ്ടി ഡി പ്പാർട്ട്‌മെന്റ് ആണ് ഈ കാര്യം ചെയ്യുന്നത് അവർക്ക് പ്രത്യേക പരിശീലനം ഉള്ള സഫോടക വിദഗ്ദ്ധർ, കെമിസ്റ്റുകൾ, പ്രത്യേകം ഉപകരണങ്ങൾ, അവരുടെ തന്നെ വ്യക്തി സുരക്ഷക്കുള്ള ഉപകരണങ്ങൾ എല്ലാം ഉണ്ട്. ഇതൊക്ക നമുക്കുണ്ടോ ?, ഇതൊന്നും ഇല്ലാതെ നമ്മുടെ പൊലീസിനെയോ ഫയർ ഡിപ്പാര്ട്ട്‌മെന്റിനെയൊ ദുരന്തന്തിനു മുന്‌പോ പിന്‌പോ പരിശോധനക്ക് വിടുന്നത് ശരിയാണോ ?. വിട്ടതുകൊണ്ട് കാര്യം ഉണ്ടോ ?. അപ്പോൾ ഈ വിഷയത്തിൽ നമ്മുടെ പൊലീസിനും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിനും പ്രത്യേക പരിശീലനം നല്കണം, ആവശ്യത്തിനുള്ള പരിശോധന, വ്യക്തി സുരക്ഷാ ഉപകരണങ്ങളും. കരിമരുന്നു പരിശോധിക്കാനുള്ള ലബോറട്ടറി, പിടിച്ചെടുത്താൽ സുരക്ഷിതമായി നശിപ്പിക്കാനോ സൂക്ഷിച്ചു വക്കാനൊ ഒക്കെ ഉള്ള സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടു വേണം ഇത്ര ഭാരിച്ച ഉത്തരവാദിത്തം ആർക്കെങ്കിലും നല്കാൻ.
നാളത്തെ ദുരന്തം ആണ് ഒഴിവാക്കേണ്ടത്: മൂന്നു കാര്യങ്ങൾ കൂടി പറഞ്ഞു ലേഖനം അവസാനിപ്പിക്കുകയാണ്. . ഒന്നാമത് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏതെങ്കിലും വലിയ കരിമരുന്നു പ്രയോഗങ്ങൾ എല്ലാ അപകട സാധ്യതയും ആലോചിച്ചു, മുൻകരുതൽ എടുത്താണ് ചെയ്യുന്നത് എന്ന് കരുതാൻ വയ്യ. പറവൂരിൽ വ്യക്തമായ പല ന്യൂനതകളും എല്ലായിടത്തും ഉണ്ടാവണം. അപ്പോൾ ഒരു മൂന്നു മാസത്തേക്ക് വൻ കരിമരുന്നു പ്രയോഗങ്ങള്ക്ക് ഒരു മൊറട്ടൊരിയം പ്രഖ്യാപിക്കണം. ഈ സമയത്ത് കരിമരുന്നു കരാറുകാരുടെയും പൊലീസിന്റെയും, ദേവസ്വം ബോർഡിന്റെയും മറ്റു ആരാധനാലയങ്ങളുടെ നടത്തിപ്പുകാരുടെയും മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും അഭിപ്രായം തേടി സമഗ്രമായി ഈ വിഷയത്തിൽ പ്രായോഗികം ആയ പുതിയ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കണം.
രണ്ടാമത് ഇന്നലത്തെ ദുരന്തതിനല്ല നാളത്തെ ദുരന്തന്തിനാണ് നാം തയ്യാര് എടുക്കേണ്ടത്. നാളത്തെ ദുരന്തം വെടിക്കെട്ടുപുരയിൽ മാത്രമല്ല, മറ്റെവിടെയും ആകാം. ഉദാഹരണത്തിന് കേരളത്തിൽ ആളുകൂടുന്ന എവിടെയും, അത് പൊങ്കാല ആകട്ടെ, പള്ളിപ്പെരുന്നാൾ ആകട്ടെ ക്രിക്കറ്റ് മത്സരം ആകട്ടെ അവിടെ എല്ലാം ആൾക്കൂട്ടത്തിന്റെ നിയന്ത്രണവും ആയി ബന്ധപ്പെട്ട വലിയ അപകടങ്ങൾ ഉണ്ടാകാം. കേരളത്തിൽ എന്ന് വേണമെങ്കിലും പത്തു നിലയിൽ കൂടുതൽ ഉയരം ഉള്ള ഒരു കെട്ടിടത്തിന് തീ പിടിച്ചു വലിയ ആൾ നാശം ഉണ്ടാകാം. ലിസ്റ്റിൽ സാധ്യതകൾ വേറെയും ഉണ്ട്. അപ്പോൾ നമ്മുടെ മുഴുവൻ ശ്രദ്ധയും വെടിക്കെട്ടിന്റെ പുറകെ പോകരുത്, സാധ്യമായ എല്ലാ ദുരന്തങ്ങളും ഒഴിവാക്കാൻ ആയിരിക്കണം നമ്മളുടെ ശ്രമം.[BLURB#5-H]
മൂന്നാമത് , ഒരു അപകടത്തിൽ നൂറു പേർ മരിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഭവം ആണ്. പക്ഷെ ഓരോ വര്ഷവും കേരളത്തിൽ 8000 ത്തിൽ അധികം ആളുകൾ ആണ് അപകടത്തിൽ മരിക്കുന്നത്, അതായത് ഒരു ദിവസം ഇരുപതിന് മുകളിൽ. അപ്പോൾ പരവൂരിലെ അപകടം കഴിഞ്ഞ ഒരാഴ്‌ച്ചക്കകം പരവൂരിലെ അപകടത്തിൽ മരിച്ചതിലും ഏറെ പേർ മറ്റപകടങ്ങളിൽ മരിച്ചു കഴിഞ്ഞു. വ്വർഷാവസന മരണക്കണക്ക് എടുക്കുമ്പോൾ പരവൂർ ദുരന്തം മൊത്തം മരണത്തിന്റെ എണ്ണത്തിൽ വലിയ കുറവോ കൂടുതലോ ഉണ്ടാക്കില്ല. അപ്പോൾ വൻ അപകടങ്ങൾ കൂടാതെ നമുക്ക് ചുറ്റും എന്നും നടക്കുന്ന ഒറ്റക്കൊറ്റക്കായിട്ടുള്ള അപകടങ്ങൾ കുറച്ചാലേ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്ക് ഒരു അവസാനം ആകൂ. ഈ അപകടം അതിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ്.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല. )