ലക്‌നൗ: കാവി നിറത്തോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രണയം ഒരു രഹസ്യമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം മിക്ക സഥലങ്ങളും നിറത്തിന്റെ വ്യക്തിത്വം പുലർത്തുന്നു. സംസ്ഥാന ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതിനു പിന്നാലെ ലക്നൗവിലെ പൊതുകെട്ടിടങ്ങൾക്കും കാവിനിറം നൽകുകയാണ് യോഗി ആദിത്യനാഥ് സർക്കാർ. ഇതിന്റെ ഭാഗമായി പാർക്കുകൾക്കും റോഡിൽ സ്ഥാപിച്ച ഡിവൈഡറുകൾക്കുമാണ് വ്യാപകമായി കാവി നിറം നൽകിയിരിക്കുന്നത്. ലക്നൗവിലെ ഗോമതി നഗർ മുനിസിപ്പൽ കോർപ്പറേഷനാണ് പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവി നിറം പൂശിയിരിക്കുന്നത്.

യോഗി ആദിത്യനാഥിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ പ്രവർത്തിക്കുന്ന ലാൽ ബഹദൂർ ശാസ്ത്രി ഭവൻ അനെക്സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫർണിച്ചറിനും ടവലിനും എല്ലാം കാവിനിറമാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ബിജെപി സർക്കാർ ഗ്രാമീണമേഖലയിൽ ആരംഭിച്ച 50 പുതിയ സർക്കാർ ബസുകൾക്കും കാവിനിറമാണ്. നേരത്തെ സർക്കാർ ഓഫീസുകൾക്കും ചരിത്ര സ്മാരകങ്ങൾക്കും കാവി നിറം പൂശിയിരുന്നു. അതൊടൊപ്പം, സ്പോർട്സ് മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് നൽകിയ സർട്ടിഫിക്കറ്റിൽ പോലും കാവി നിറം ഉൾപ്പെടുത്തിയിരുന്നു.

നേരത്തെ ഹജ്ജ് ഹൗസിന് കാവി പൂശിയ സർക്കാരിന്റെ നടപടി വ്യാപക പ്രതിഷേധത്തിനിടയായതിനെ തുടർന്ന് വീണ്ടും പഴയ നിറമായ വെള്ളയാക്കി മാറ്റിയിരുന്നു. സംസ്ഥാനം കാവിവൽകരിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.