കൊച്ചി; ഡബ്യുസിസി എന്ന സിനിമാ ലോകത്തെ വനിതാ സംഘടനയിലെ പ്രധാനിയാണ് പാർവതി. ഒട്ടെറെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടി അൽപകാലമായി സിനിമാ സംഘടനയായ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലും മമ്മൂട്ടിയുടെ കസബയെ വിമർശിച്ചതിന്റെ പേരിലും അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇപ്പോൾ അത് ശരിവച്ചു കൊണ്ട് പാർവ്വതി തന്നെ രംഗത്തെത്തിയിരിക്കുകായണ്. 'മമ്മൂട്ടി നായകനായ 2016 ചിത്രം 'കസബ'യ്ക്ക് ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു സിനിമയിലെ അവസരമെന്ന് പാർവ്വതി. അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങൾ 'കസബ' വിവാദത്തിന് മുൻപ് എത്തിയതാണെന്നും പാർവ്വതി. ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതിയുടെ തുറന്നുപറച്ചിൽ.

'കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറൽ ആണ്.' മുൻപും അനേകം നടിമാർ വേഗത്തിൽ അസ്തമിച്ച് പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആർക്കും അറിയില്ലെന്നും പാർവ്വതി പറയുന്നു.

'അതിനാൽത്തന്നെ ഇതേക്കുറിച്ച് ഞാൻ നിശബ്ദത പാലിക്കില്ല. ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാൻ സിനിമയിൽ നിന്ന്   പുറത്താക്കപ്പെടുകയാണെങ്കിൽ അത് ഞാൻ തൊഴിലിൽ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവർ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിങ് കൗച്ച് സന്ദർഭങ്ങളിലൊക്കെ ഞാൻ ഇത്തരത്തിൽ തന്നെയാവും പെരുമാറുക. 'നോ' പറയാൻ നിങ്ങൾ ഒരു തീരുമാനമെടുക്കുകയാണ്.

പക്ഷേ 'നോ' പറഞ്ഞാൽ നിങ്ങൾക്ക് അവസരം നഷ്ടപ്പെടുകയും 'യെസ്' പറഞ്ഞാൽ നിങ്ങൾ അപമാനിക്കപ്പെടുകയും ചെയ്യും. ഇപ്പോഴത്തെ (ഡബ്ല്യുസിസി) സന്ദർഭത്തെയും ഇങ്ങനെ തന്നെ വായിക്കാം. അതായത്, ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാൽ നിങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടാം. മറ്റൊരു തൊഴിൽ കണ്ടെത്താൻ ഒരുക്കമാണോ എന്നാണ് ഇപ്പോൾ ഞാൻ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് 'അതെ' എന്നാണ് എന്റെ മനസ് പറയുന്ന മറുപടി.' കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് എന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്ന തനിക്കാണ് ഇപ്പോൾ ഒരു സിനിമ മാത്രമുള്ളതെന്ന് പറഞ്ഞ പാർവ്വതി ഇപ്പോൾ അമ്മ തന്നോട് എംബിഎ പഠിച്ചാൽ മതിയായിരുന്നു എന്നാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു.

'എനിക്കും റിമയ്ക്കും രമ്യ (നമ്പീശൻ)യ്ക്കുമൊക്കെ ഈ പോരാട്ടത്തിൽ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിക്കുവേണ്ടി ആണെന്ന് ആളുകൾ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പർ ഹിറ്റ് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.' അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യുസിസിയുമായി ചേർന്ന് നിൽക്കുന്ന മറ്റ് നടിമാരുടെയും കാര്യം അങ്ങനെതന്നെയാണെന്നും പറയുന്നു പാർവ്വതി.

ഡബ്യുസിസി അംഗങ്ങളോട് സംസാരിക്കാൻ പോലും മറ്റുള്ളവർക്ക് വിലക്കുണ്ട്. എന്നാൽ അമ്മയിലെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ടു പോകാൻ ഒരുക്കമല്ലെന്നും പാർവ്വതി പറഞ്ഞു. തന്റെ നിലപാട് മാറില്ലെന്നും പാർവ്വതി പറഞ്ഞു. കേരളത്തിലെ ഫാൻസ് അസോസിയോഷനുകൾ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നു പാർവതി താരരാജാക്കന്മാർക്കെതിരെ പ്രതികരിച്ചാൽ എന്തും സംഭവിക്കാമെന്നും കൂട്ടിച്ചേർക്കുന്നു.

ബോളിവുഡിൽ അനുഭവങ്ങൾ തുറന്നുപറയുന്ന നടിമാർക്ക് കിട്ടുന്ന പിന്തുണ കേരളത്തിലെ നടിമാർക്ക് കിട്ടുന്നില്ലെന്നും ഡബ്യുസിസി അംഗങ്ങളായ എല്ലാവർക്കും അവസരങ്ങൾ നിഷേധിക്കപ്പെടുകയാണ് എന്നും തങ്ങളോട് സംസാരിക്കുന്നതിൽ നിന്നു പോലും മറ്റുള്ളവർക്ക് വിലക്കുണ്ടെന്നും പാർവ്വതി പറയുന്നു.