മലയാള സിനിമാലോകത്ത് അടുത്തിടെ ഉയരുന്ന വിവാദങ്ങളിൽ ഒന്നാണ് ഒരേപ്രമേയവുമായി നിരവധി സിനിമകൾ പ്രഖ്യാപിക്കപ്പെടുക എന്നത്. കുഞ്ഞാലി മരയ്ക്കാറും വാരിയംകുന്നനും തുടങ്ങി പല ചരിത്ര പുരുഷന്മാരും മലയാള സിനിമയുടെ തർക്കങ്ങളിൽ കഥാപാത്രങ്ങളായി. വെള്ളിത്തിരയിൽ എത്തും മുമ്പേ വിവാദങ്ങളിൽ നിറഞ്ഞ സമീപകാല പ്രമേയങ്ങളുടെ കൂട്ടത്തിലേക്കാണോ മാപ്പിള ഖലാസികളും എത്തുന്നത് എന്നാണ് മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് സിനിമകൾ മാപ്പിള ഖലാസിമാരെ കുറിച്ച് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് മലയാള സിനിമാ പ്രേമികൾ ഈ ആശങ്ക പങ്കുവെക്കുന്നത്. അവർ ഉയർത്തുന്ന ചോദ്യങ്ങളിൽ ആദ്യത്തേത്ത് മമ്മുക്ക നായകനായി നേരത്തേ പ്രഖ്യാപിച്ച മാപ്പിള ഖലാസിമാർ ഇനി വെളിച്ചംകാണില്ലേ എന്നാണ്.

പുതിയ സിനിമകൾ പ്രഖ്യാപിക്കപ്പെടുന്നു..

കഴിഞ്ഞ ദിവസമാണ് മാപ്പിള ഖലാസിമാരെ കുറിച്ച് മലയാളത്തിൽ രണ്ട് സിനിമകൾ പ്രഖ്യാപിക്കപ്പെട്ടത്. സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ആണ് ആദ്യം തന്റെ സിനിമ പ്രഖ്യാപിച്ചത്. 'മിഷൻ കൊങ്കൺ' എന്ന പേരിൽ വി.എ​ ശ്രീകുമാറായിരുന്നു മാപ്പിള ഖലാസികളുടെ കഥ സിനിമയാക്കുന്നുവെന്ന്​ ആദ്യം അറിയിച്ചത്​​. ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി എർത്ത് ആൻഡ് എയർ ഫിലിംസി​െൻറ ബാനറിൽ വമ്പൻ ബജറ്റിലാണ്​ ചിത്രം ഒരുങ്ങുന്നതെന്നും സ്വന്തം ഫേസ്​ബുക്ക്​ പേജിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു​. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയിൽ കഥാപാത്രങ്ങളാകുന്നതെന്നും ശ്രീകുമാർ അവകാശപ്പെട്ടു.

തൊട്ടുപിന്നാലെ ഔദ്യോഗികമായി നടൻ ദിലീപും തന്റെ പുതിയ സിനിമ മാപ്പിള ഖലാസിമാരെ കുറിച്ചുള്ളതാണെന്ന് പ്രഖ്യാപിച്ചു. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്. ദിലീപിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്​ നടന്നത്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും പകർത്തുക. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്റെയും മനക്കണക്കിൻറേയും കഥയാണ് ചിത്രം പറയുന്നത്. കേരളവർമ പഴശിരാജയ്ക്കും കായംകുളം കൊച്ചുണ്ണിക്കും ശേഷം ശ്രീ ഗോകുലം മൂവിസ് ഇൻറർനാഷണലിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥയെഴുതുന്നത്. ഗോകുലം ബാനറിൽ സഹനിർമ്മാതാക്കളാകുന്നത് വി സി പ്രവീണും ബൈജു ഗോപാലനുമാണ്. കൃഷ്ണമൂർത്തിയും സുധാകർ ചെറുകൂരുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

അപ്പോൾ മമ്മൂട്ടിയുടെ മാപ്പിള ഖലാസികളോ?

ആരാധകർ ആവേശത്തോടെയാണ് ഈ വാർത്തകൾ ഏറ്റെടുത്തതെങ്കിലും മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ മമ്മൂട്ടി പ്രഖ്യാപിച്ച മാപ്പിള ഖലാസികൾ ഉപേക്ഷിക്കുകയാണോ എന്നത്. കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ സലിം അഹമ്മദ് ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസിമാർ എന്ന സിനിമ ഒരുക്കുന്നതായി വാർത്തകൾ പുറത്തുവന്നത്. മലബാറിന്റെ ചരിത്രം കൂടി പറയുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ നിരവധി താരങ്ങൾ ഉണ്ടാവുമെന്നും മധുരരാജയ്ക്ക് ശേഷം ഷൂട്ടിങ് തുടങ്ങുമെന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ.

എന്നാൽ ഇതിനുശേഷം പുതിയ ഒരു വിവരങ്ങളും സിനിമയെ കുറിച്ച് പുറത്തുവന്നില്ല. ഇതിന് പിന്നാലെ പ്രായം എന്ന പേരിൽ പുതിയ സിനിമ സലിം അഹമ്മദ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിൽ ആരൊക്കെയാണ് അഭിനയിക്കുകയെന്നത് പുറത്തുവിട്ടില്ല. അതേസമയം മമ്മൂട്ടി തന്നെയായിരിക്കും ‘പ്രായ'ത്തിൽ അഭിനയിക്കുകയെന്നാണ് ആരാധകർ പറയുന്നത്.

നേരത്തെ കുഞ്ഞാലി മരക്കാർ സിനിമയും സമാനമായ രീതിയിൽ ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രം നിലവിൽ ചെയ്യുന്നില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഭാവിയിൽ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്‌ത്തിയ വാർത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാർ ആവുന്നു എന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

പ്രിയദർശൻ തന്റെ കുഞ്ഞാലി മരക്കാർ അനൗൺസ് ചെയതതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ സിനിമയാക്കുന്നത് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപിച്ചതിനാൽ താൻ ‘കുഞ്ഞാലിമരയ്ക്കാറി'ൽ നിന്ന് പിന്മാറുകയാണെന്ന് പ്രിയദർശൻ അറിയിച്ചിരുന്നു. മലയാളത്തിൽ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയൻ പറഞ്ഞത്. എന്നാൽ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാർ' സംബന്ധിച്ച വാർത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദർശൻ വീണ്ടും തീരുമാനം മാറ്റി . എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവൻ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാർ' യാഥാർത്ഥ്യമായില്ലെങ്കിൽ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.

ഓഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലി മരക്കാർ ഉടനെ തുടങ്ങുമെന്നും 2 പ്രീ പ്രൊഡക്ഷൻ വർക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും 2018 ജൂൺ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിർമ്മാതാവായ ഷാജി നടേശൻ പ്രഖ്യാപിക്കുകയും ഓഗസ്റ്റ് സിനിമാസിന്റെ തന്നെ തീവണ്ടി സിനിമയുടെ കൂടെ കുഞ്ഞാലി മരക്കാറിന്റെ ടീസർ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലം. തുടർന്ന് മോഹൻലാൽ പ്രിയദർശൻ ടീമിന്റെ കുഞ്ഞാലിമരക്കാർ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു.

മാപ്പിള ഖലാസികൾ ഇവരാണ്..

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. മലബാറിലെ മുസ്‍ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ട് തന്നെ ഇവരെ അറബിയിലുള്ള ഖലാസിയെന്നും മാപ്പിള ഖലാസി എന്നും വിളിക്കപ്പെട്ടു. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി ഇവരുടെ തൊഴിൽ.

കപ്പി, കയർ, റബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് മറ്റൊരു ആധുനിക യന്ത്രങ്ങളുമില്ലാതെയാണ് മാപ്പിള ഖലാസികൾ തങ്ങളുടെ ജോലികൾ ചെയ്തിരുന്നത്. കായികാധ്വാനത്തിലൂടെ മാത്രമുള്ള ഖലാസികളുടെ കൂട്ടായ ജോലി മികവ് അത്ഭുതകരമാണ്. മികച്ച മുങ്ങൽ വൈദഗ്ദ്യവും ഇവരെ ജോലിയിൽ വേറിട്ടതാക്കി. കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒഡീഷ്സയിലെ മഹാനദി പാലം , ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവയുടെ നിർമ്മാണത്തിൽ ഖലാസികൾ സജീവമായി പങ്കെടുത്തിട്ടുണ്ട്. പെരുമൺ തീവണ്ടി ദുരന്തത്തിൽ അഷ്ടമുടിക്കായലിൽ നിന്ന് യാത്രികർ കുടുങ്ങിക്കിടന്ന ഐലന്റ് എക്സ്പ്രസ്സിന്റെ ബോഗികൾ പുറത്തെടുക്കുന്നതിനായി മാപ്പിള ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. റെയിൽവേയുടെ ക്രെയ്‌നുകൾ പരാജയപ്പെട്ടിടത്താണ്‌ 35 ഓളം വരുന്ന ഖലാസികളുടെ കായികമികവ്‌ വിജയിച്ചത്‌.

കോഴിക്കോട് ഇന്ത്യൻ എയർലൈൻസിന്റെ വിമാനം അപകടത്തിലേക്ക് പതിച്ചപ്പോളും ഖലാസികൾ രക്ഷക്കെത്തിയിട്ടുണ്ട്. കോഴിക്കോട്‌ കരിപ്പൂർ എയർപോർട്ട് റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം തിരിച്ച്‌ റൺവേയിൽ എത്തിച്ചത്‌ ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താൽ വിമാനം തിരിച്ച്‌ റൺവേയിൽ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടർന്നാണ്‌ എയർലൈൻസ്‌ അധികൃതർ ഖലാസികളുടെ സഹായം തേടിയത്‌. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിലും കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുണ്ട്. യന്ത്രങ്ങൾ തോൽക്കുന്നിടത്ത് രക്ഷകരായാണ് ഖലാസികളെ കണ്ടിരുന്നത്. ചില വൻകിട സ്ഥാപനങ്ങളിൽ ഖലാസി എന്ന തസ്തികയും നിലവിലുണ്ടായിരുന്നു.