- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച കേസിൽ ആസാമിലെ ചാനലിന് ഒരു ദിവസത്തെ വിലക്ക്; എൻഡി ടി വി നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനം വിവാദമാകുന്നു; നരേന്ദ്ര മോദി സർക്കാർ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നെന്ന് വിമർശകർ
ന്യൂഡൽഹി: വിമർശനങ്ങളോട് അസഹിഷ്ണുതയോടെയാണ് എല്ലാ ഭരണകൂടങ്ങളും കാണുന്നത്. പ്രത്യേകിച്ചും സർക്കാറിനെ രൂക്ഷമായി വിമർക്കുന്ന വാർത്താചാനലുകളോട്. മോദി സർക്കാറിന്റെ പല നടപടി ക്രമങ്ങളിലെയും പൊള്ളത്തരങ്ങൾ തുറന്നു കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ട എൻഡി ടി വി ചാനലിന് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കർശനമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. പത്താൻ കോട്ട് ഭീകരാക്രമണത്തിൽസംപ്രേഷണത്തിന്റെ പേരിലാണ് നടപടി എന്നാണ് സർക്കാർ ഭാഷ്യമെങ്കിലും രൂക്ഷമായ സർക്കാർ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് എൻഡി ടിവിക്കെതിരെ നടപടിയെന്നത് വ്യക്തമായ കാര്യമാണ്. എന്തായാലും ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകവേ അസമീസ് വാർത്താ ചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതും വിവാദമാകുന്നു്. ഒരു ദിവസത്തേക്ക് ചാനൽ പ്രക്ഷേപണം നിർത്തിവെക്കാനാണ് അസം ചാനലിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എൻഡിടിവി ഹിന്ദി ചാനലിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന നവംബർ ഒമ്പതിനു തന്നെയാണ് ന്യൂസ് ടൈം അസമിനോടും പ്രക്ഷേപണം ന
ന്യൂഡൽഹി: വിമർശനങ്ങളോട് അസഹിഷ്ണുതയോടെയാണ് എല്ലാ ഭരണകൂടങ്ങളും കാണുന്നത്. പ്രത്യേകിച്ചും സർക്കാറിനെ രൂക്ഷമായി വിമർക്കുന്ന വാർത്താചാനലുകളോട്. മോദി സർക്കാറിന്റെ പല നടപടി ക്രമങ്ങളിലെയും പൊള്ളത്തരങ്ങൾ തുറന്നു കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ട എൻഡി ടി വി ചാനലിന് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കർശനമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. പത്താൻ കോട്ട് ഭീകരാക്രമണത്തിൽസംപ്രേഷണത്തിന്റെ പേരിലാണ് നടപടി എന്നാണ് സർക്കാർ ഭാഷ്യമെങ്കിലും രൂക്ഷമായ സർക്കാർ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് എൻഡി ടിവിക്കെതിരെ നടപടിയെന്നത് വ്യക്തമായ കാര്യമാണ്. എന്തായാലും ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകവേ അസമീസ് വാർത്താ ചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതും വിവാദമാകുന്നു്.
ഒരു ദിവസത്തേക്ക് ചാനൽ പ്രക്ഷേപണം നിർത്തിവെക്കാനാണ് അസം ചാനലിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എൻഡിടിവി ഹിന്ദി ചാനലിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന നവംബർ ഒമ്പതിനു തന്നെയാണ് ന്യൂസ് ടൈം അസമിനോടും പ്രക്ഷേപണം നിർത്തിവെക്കാൻ നിർദേശിച്ചിരിക്കുന്നത്. വാർത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ത മാർഗനിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ന്യൂസ് ടൈം അസമിന് കേന്ദ്രം ഒരു ദിവസത്തെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ചാനൽ വാർത്ത കൊടുത്തെന്ന് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. വിഷയത്തിൽ 2013ൽ ഷോകോസ് നൽകിയിരുന്നെന്നും ചാനലിന്റെ വിശദീകരണം കേട്ട ശേഷം മന്ത്രിതല സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി സംപ്രേഷണം ചെയ്‌തെന്നും മൃതദേഹങ്ങളുടെ ഭയാനകമായ ദൃശ്യങ്ങൾ കാണിച്ചെന്നും ചാനലിനെതിരെ ആരോപണമുണ്ട്.
ജനവരിയിലെ പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ റിപ്പോർട്ടിങ്ങിന്റെ പേരിലാണ് എൻഡിടിവി ഹിന്ദി ചാനലിന് കേന്ദ്രവിലക്ക് വന്നത്. റിപ്പോർട്ടിൽ പഠാൻകോട്ട് വ്യോമതാവളത്തിലെ ആയുധങ്ങളുടെ വിവരങ്ങൾ ചാനൽ പുറത്തുവിട്ടെന്നതാണ് വിലക്കിന് കാരണമായത്. വിഷയാധിഷ്ഠിത വിവരങ്ങൾ മാത്രമാണ് നൽകിയതെന്നും തങ്ങൾ പുറത്തുവിട്ട് വിവരങ്ങളിലേറെയും നേരത്തേ പുറത്തുവന്നിരുന്നതായിരുന്നു എന്നുമാണ് ചാനൽ ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം. എന്നാൽ കേന്ദ്രം ഇതംഗീകരിച്ചില്ല.
അതേസമയം എൻഡിടിവി ചാനൽ സംപ്രേഷണം ഒരു ദിവസം വിലക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സർക്കാരിനെ ചോദ്യം ചെയ്യുന്നതു തെറ്റാണോ എന്ന ചോദ്യമുയർത്തി വിവിധ കോണിലുള്ളവർ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജുവും സർക്കാർ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചത്.
അതിനിടെ, വിലക്കു നേരിടുന്ന എൻഡിടിവി ചാനൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രത്യേക ഷോയും സംപ്രേഷണം ചെയ്തു. സർക്കാർ നടപടികൾ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, വാ തുറന്നു സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത് എന്ന ചോദ്യമാണ് പ്രൈം ടൈം ഷോയിലൂടെ എൻഡിടിവി എഡിറ്റർ രവീഷ് കുമാർ ഉന്നയിച്ചത്.
പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സംപ്രേഷണം ചെയ്ത എൻഡിടിവിയെ വിലക്കിയ നടപടിക്കു കുറിക്കു കൊള്ളുന്ന മറുപടി രവീഷ് കുമാർ നൽകിയത് പ്രത്യേക മൈം ഷോയും ഉൾപ്പെടുത്തിയാണ്. തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് അർഹമായ, ശക്തമായ മറുപടിയാണു മൂകാഭിനയ പരിപാടിയിലൂടെ എൻഡിടിവി നൽകിയത്.
ഡൽഹിയിലെ മലിനീകരണ വിഷയത്തിൽ തുടങ്ങി പ്രധാനമന്ത്രിയിലേക്ക് എത്തിനിൽക്കുന്ന തരത്തിലായിരുന്നു പ്രത്യേക ഷോ. ഡൽഹി മലിനീകരണത്തിനു ഹേതുവാകുന്ന പിഎം 2.5നെ ലോകം തിരിച്ചറിഞ്ഞതു പോലെ പിഎമ്മിനെയും ലോകം തിരിച്ചറിഞ്ഞു തുടങ്ങിയെന്നു പറഞ്ഞാണു ഷോ ആരംഭിച്ചത്. മലിനവായുവിൽ നിന്നു തുടങ്ങി ചോദ്യം ചെയ്യുന്നതിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിലേക്ക് എത്തിച്ച പ്രൈം ടൈം ഷോ രാജ്യത്തിന്റെയാകെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.
ചോദ്യം ചോദിക്കാൻ പറ്റില്ലെങ്കിൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾ വേറെന്ത് ചെയ്യണം എന്ന് ജനാധിപത്യ രാജ്യത്തിലെ സർക്കാരിനോട് എൻഡിടിവി ആവർത്തിച്ച് ചോദിക്കുകയായിരുന്നു മൈം ഉൾപ്പെടുത്തിയുള്ള രവീഷ് കുമാർ ഷോയിലൂടെ. ലോകത്തിന് മുന്നിൽ അഭിനയിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത അച്ഛനെ ചോദ്യം ചെയ്ത പഴയ പെൺകുട്ടിയുടെ കഥയിലൂടെയാണു ചോദ്യം ചെയ്യുന്നവർ എന്നും ഓർമിക്കപ്പെടുമെന്നു രവീഷ് കുമാർ പറഞ്ഞത്. ദാനവും സത്കർമ്മവും ചെയ്യുന്നു എന്ന പേരിൽ മറ്റുള്ളവർക്ക് നാശമായത് മാത്രം നൽകി നല്ലവനെന്ന് അഭിനയിക്കുന്ന അച്ഛനെ ചോദ്യം ചെയ്ത പെൺകുട്ടിയെ പിതാവ് കാലന് ദാനം ചെയ്തു. എന്നാൽ ഇന്നും ഈ കഥ പ്രസക്തമാകുന്നതും ആളുകൾ ഓർക്കുന്നതും അച്ഛന്റെ പേരിലല്ല, അച്ഛനെ ചോദ്യം ചെയ്ത മകളുടെ പേരിലാണെന്നും രവീഷ് ഓർമിപ്പിച്ചു.
എൻഡിടിവിക്കെതിരായ വിലക്ക് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് അഭിപ്രായപ്പെട്ടു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. മറ്റു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തതായി ഒന്നും എൻഡിടിവിയും റിപ്പോർട്ട് ചെയ്തിട്ടില്ല. മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് തങ്ങൾക്കുള്ള അധികാരം ഉറപ്പിച്ചുനിർത്താനുള്ള സർക്കാർശ്രമത്തിന്റെ ഭാഗമാണിത്. വിലക്ക് ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു. അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.