മുബൈ: മോദി പ്രഭാവത്തിൽ മഹാരാഷ്ട്രയിൽ അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ സംസ്ഥാനത്തെ ശിവസേന - ബിജെപി പോര്‌ കൂടുതൽ വഷളായി. 135 സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാത്ത ശിവസേന തങ്ങൾക്ക് പകരം വഴികളുണ്ടെന്ന് പറഞ്ഞ് ആവശ്യപ്പെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയും നൽകി. ഒക്ടോബർ 15നാണ് മഹാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ശിവസേന തലവൻ ഉദ്ധവ് താക്കറെ തന്നെയാണ് ബിജെപി ബന്ധം കൂടുതൽ വഷളാകുകയാണെന്ന സൂചന നൽകിയത്. ആവശ്യമെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാത്തിനും ഒരു പകരം വഴി ഉണ്ടെന്നായിരുന്നു ഉദ്ധവിന്റെ പ്രതികരണം. 135 സീറ്റുകൾ നൽകണമെന്ന നിർദ്ദേശം ബിജെപി യോഗത്തിൽ വച്ചിരുന്നു. എന്നാൽ അത് സാദ്ധ്യമല്ലെന്ന് ബിജെപിയെ അറിയിച്ചിട്ടുണ്ട്. ഒരു പരിധിയിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന കാര്യം ബിജെപിയെ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങൾക്കും പകരം ഒരു വഴി ഉണ്ട് ഉദ്ധവ് പറഞ്ഞു.

മഹാരാഷ്ട്രയിൽ ശിവസേന 171 സീറ്റിലും ബിജെപി 117 സീറ്റിലുമാണ് മത്സരിച്ചു വരുന്നത്. കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് ഇത്തവണ ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞാൽ മുഖ്യമന്ത്രിപദം അവകാശപ്പെടാൻ കഴിയുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടത്.

എന്നാൽ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ഉദ്ധവ് കൂടുതൽ സീറ്റുകൾ വിട്ടു നൽകാൻ തയ്യാറല്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് എൻ.സി.പി സർക്കാരിനെതിരായ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ലെന്നാണ് ഉദ്ധവ് കരുതുന്നത്. മോദി തരംഗം ചൂണ്ടിക്കാട്ടി കൂടുതൽ സീറ്റുകൾ ബിജെപി ചോദിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് ആയിരിക്കുമെന്ന് ഉദ്ധവ് പ്രസ്താവന നടത്തിയതും. അതേസമയം ബിജെപി സംസ്ഥാന നേതൃത്വമാകട്ടെ, 86 സ്ഥാനാർത്ഥികളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കഴിഞ്ഞു.

അതിനിടെ കോൺഗ്രസ് - എൻസിപി സഖ്യത്തിലും വിള്ളലുകൾ വീണിട്ടുണ്ട്. എൻസിപി കൂടതൽ സീറ്റ് വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.