ഡബ്ലിൻ: മരവിക്കുന്ന തണുപ്പും കൊടുങ്കാറ്റും അയർലണ്ടിലെ ജനജീവിതം ദുസ്സഹമാക്കുന്നു. ആഴ്ചകളായി തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയ്ക്കു ശേഷം കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥ കേന്ദ്രമായ മെറ്റ് ഐറീൻ മുന്നറിയിപ്പു നൽകിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങൾ കൊടുംതണുപ്പിന്റെതാണെന്നാണ് മെറ്റ് ഐറീൻ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യമെമ്പാടും തന്നെ ശക്തമായ കാറ്റ് വീശും ഡബ്ലിൻ, കാർലോ, കിൽഡെയർ, കിൽകെന്നി, ലവോയ്‌സ്, ലോംഗ്‌ഫോർഡ്, ലൂത്ത്, വിക്ലോ, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മൊണഗൻ, റോസ്‌കോമൺ, ടിപ്പറാറി എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റ് മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ഇവിടങ്ങളിൽ കാറ്റിന് സാധ്യതയുള്ളത്. കാറ്റിനെ തുടർന്ന് ചിലയിടങ്ങൡ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നലെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടർന്ന് കാറ്റ് വീശുന്നതിനാൽ തണുപ്പിന്റെ ആധിക്യം വളരെ കൂടിയതായിരിക്കാം എന്നാണ് കരുതുന്നത്. അന്തരീക്ഷ താപനില മൈനസ് രണ്ടു വരെ താഴ്‌ന്നേക്കാമെന്നും പ്രവചനമുണ്ട്. വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്. റോഡുകളിലെങ്ങും മഞ്ഞുപാളികൾ വീണു കിടക്കുന്നുണ്ട്. വാഹനത്തിന്റെ വേഗം നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. അറ്റ്‌ലാന്റിക്കിൽ നിന്നുള്ള കാറ്റിന്റെ ഗതിയനുസരിച്ച് ഈയാഴ്ച മൊത്തം മഴയ്ക്കു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ആഴ്ചാവസാനം ആകുമ്പോഴേയ്ക്കും പകൽ താപനില മൂന്ന് ഡിഗ്രിക്കും അഞ്ചു ഡിഗ്രിക്കും മധ്യേയായി ഉയർന്നേക്കാം.

കഴിഞ്ഞ രാത്രി  നീണ്ടു നിന്ന മഞ്ഞുവീഴ്ചയിൽ ഡബ്ലിൻ തണുത്തുവിറയ്ക്കുകയാണിപ്പോഴും. കനത്ത മഞ്ഞുവീഴ്ച ഡൊണീഗൽ- സ്ലൈഗോ റൂട്ടിലെ എൻ 15-ൽ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. ശക്തമായ മഞ്ഞുവീഴ്ച എൻ 22-ൽ കിൽക്കെർണി -കോർക്ക് റോഡിലും ഗതാഗതം താറുമാറാക്കിയിരുന്നു. മഞ്ഞിനെതുടർന്ന് വെസ്റ്റ് ഡൊണീഗലിലെ മിക്ക സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഗതാഗതം താറുമാറായി ചില മേഖലകൾ ഒറ്റപ്പെട്ടതോടെ എമർജൻസി സർവീസ് ആഹാരപദാർഥങ്ങളും മറ്റും ഹെലികോപ്ടറിൽ വിതരണം നടത്തി.

കെറി കൗണ്ടി കൗൺസിലിലെ ചില മേഖലകളിൽ ഇന്നലെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലെയർ കൗണ്ടിയിലാകട്ടെ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റിന് മുന്നറിയിപ്പ് നൽകിയതോടെ ഒട്ടുമിക്ക കൗണ്ടികൾക്കും റെഡ് അലർട്ടാണ് മെറ്റ് ഐറീൻ പുറപ്പെടുവിച്ചിരിക്കുന്നത്.