മുംബൈ: ഒരു യുധിഷ്ഠിരന്റെ പേരിൽ ഏറെ വിവാദങ്ങൾ കേട്ട ബിജെപിയിലേക്കു രാമനും എത്തുന്നു. 'രാമായണം' പരമ്പരയിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിലാണ് ബിജെപി. യിൽ അംഗമാകുന്നത്.

നേരത്തെ മഹാഭാരതത്തിൽ യുധിഷ്ഠിരനായി വേഷമിട്ട ഗജേന്ദ്ര ചൗഹാൻ ബിജെപിയിൽ ചേർന്നിരുന്നു. ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു നിയമിക്കുന്നതിന്റെ പേരിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് 'രാമനും' ബിജെപിയിൽ ചേരുന്നത്.

ബിഹാർ നിയമസഭതിരഞ്ഞെടുപ്പിന് മുമ്പ് അരുൺ ഗോവിൽ പാർട്ടി അംഗത്വമെടുത്ത് പ്രചാരകനായി മാറും. ദൂരദർശന്റെ കിസാൻ ചാനൽ സംപ്രേഷണം ചെയ്തുവരുന്ന 'ധർത്തി കീ ഗോദ് മേ' എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഗോവിൽ ഇപ്പോൾ. ഇതിന്റെ നിർമ്മാതാവും ഗോവിലാണ്. ബിജെപി.യിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്നും പാർട്ടിയിൽ നിന്ന് വാഗ്ദാനങ്ങൾ വന്നാൽ സ്വീകരിക്കുമെന്നും ഗോവിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു മുതിർന്ന ബിജെപി നേതാവ് ബിഹാർ തെരഞ്ഞെടുപ്പിനു ഗോവിൽ പാർട്ടി പ്രചാരകനായി എത്തുമെന്നു വ്യക്തമാക്കിയത്.

കോൺഗ്രസ്സിൽ നിന്ന് നേരത്തേ ക്ഷണം വന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ലെന്ന് ഗോവിൽ പറഞ്ഞു. എന്തായാലും അടുത്ത തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കായി യുധിഷ്ഠിരനൊപ്പം രാമനും എത്തുമെന്നുറപ്പ്.