ന്യൂഡൽഹി: സൗമ്യ കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകാമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി. സുപ്രീം കോടതിക്കു പറ്റിയ പിഴവു തിരുത്തൽ ഹർജിയിലൂടെ ബോധ്യപ്പെടുത്താനാകുമെന്നാണ് എജിയുടെ നിലപാട്.

ഹർജി പരിഗണിക്കുന്ന ബഞ്ചിൽ കൂടുതൽ ജഡ്ജിമാർ ഉണ്ട്. അതിനാൽ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യത കൂടുതലാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നിയമ സഹായം നൽകാൻ തയാറാണെന്നും എജി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ എജിയുമായി കൂടിക്കാഴ്ച നടത്തി.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിനെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും വാദത്തിന് ശേഷം കോടതി അത് തള്ളിക്കളയുകയായിരുന്നു. കേസിൽ ബ്ലോഗിലൂടെ അഭിപ്രായപ്രകടനം നടത്തിയ റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ സുപ്രീംകോടതി വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. ജസ്റ്റിസ് കട്ജുവിനെ പുറത്താക്കാൻ ആരുമില്ലേ എന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.