കോഴിക്കോട്: സർക്കാരിന്റെ അനുമതി നേടാതെ ജപ്പാനിൽ പോയി അടിച്ചുപൊളിച്ചതിന് കാലിക്കറ്റ് സർവകലാശാലയുടെ വൈസ്ചാൻസലറെ അക്കൗണ്ടന്റ് ജനറൽ (എ.ജി) കൈയോടെ പൊക്കി. വൈസ്ചാൻസലർ ഡോ.എം.കെ.ജയരാജാണ് നാനോ സയൻസിലെ സെമിനാറിൽ പങ്കെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ ജപ്പാനിലേക്ക് യാത്ര ചെയ്തത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്‌സ് വകുപ്പിൽ ജോലി ചെയ്യുമ്പോഴാണ് ജയരാജ് അനുമതിയില്ലാതെ ജപ്പാനിൽ പോയത്.

2008 ഡിസംബറിൽ ജപ്പാനിലെ നഗോയയിലേക്കായിരുന്നു യാത്ര. ഡിസംബർ അവസാനമുള്ള യാത്രയായതിനാൽ സ്വാഭാവികമായും അതൊരു പുതുവത്സരാഘോഷ യാത്രയായി മാറി. വർഷങ്ങൾ കഴിഞ്ഞ് ജയരാജ് കാലിക്കറ്റ് സർവകലാശാലാ വൈസ്ചാൻസലറായപ്പോൾ എ.ജി അദ്ദേഹത്തിന്റെ സർവീസ് രേഖകളിൽ സൂക്ഷ്മപരിശോധന നടത്തിയാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ യാത്രയ്ക്ക് ആര് പണം മുടക്കിയെന്നടക്കം നിരവധി ചോദ്യങ്ങൾ എ.ജി ഉന്നയിച്ചു. ഇതോടെ വി സി കുടുങ്ങി. ജപ്പാൻ യാത്രയ്ക്ക് എ.ജി അനുമതി നൽകിയില്ലെങ്കിൽ പെൻഷൻ ആനുകൂല്യങ്ങളടക്കം കിട്ടില്ലെന്നായതോടെ, വി സി അനുമതിക്കായി സർക്കാരിനെ സമീപിച്ചു.

ജപ്പാനിലെ നഗോയയിൽ ഓക്‌സൈഡ് നാനോ കോമ്പോസിറ്റിസ്, തിൻ ഫിലിംസ്, നാനോ സ്ട്രക്‌ചേഴ്‌സ് എന്ന ശിൽപ്പശാലയിൽ പങ്കെടുക്കാനായിരുന്നു സർക്കാരിന്റെ അനുമതി തേടാതെ ജയരാജ് പോയത്.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അനുമതിയില്ലാത്ത വിദേശയാത്ര വി സിക്ക് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സർക്കാരിന് ബോദ്ധ്യമായി. സംസ്ഥാന സർക്കാരിനോ സർവകലാശാലയ്‌ക്കോ ഈ വിദേശയാത്ര കൊണ്ട് യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ലെന്ന വ്യവസ്ഥയിൽ വി സിയുടെ യാത്രയ്ക്ക് അംഗീകാരം നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാല വിദേശയാത്രാ വിവാദത്തിൽ കുരുങ്ങുന്നത് ഇതാദ്യമല്ല. നേരത്തേ വിദേശത്തെ സ്റ്റഡി സെന്ററുകളിൽ പഠിപ്പിക്കാനും പരീക്ഷ നടത്താനുമായി സർവകലാശാലയിലെ ഉദ്യോഗസ്ഥർ മാർക്കറ്റിങ് എക്‌സിക്യുട്ടീവ് എന്ന വ്യാജ വിസ സംഘടിപ്പിച്ച് ഗൾഫ് രാജ്യങ്ങളിൽ പോയത് വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിരുന്നു. സർവകലാശാലാ ഉദ്യോഗസ്ഥർ തങ്ങളുടെ ഉദ്യോഗം മറച്ചുവച്ച് ബിസിനസ് വികസനത്തിനുള്ള മാർക്കറ്റിങ് എക്‌സിക്യുട്ടീവുകൾ എന്ന വ്യാജേന വിസ സംഘടിപ്പിച്ച് ഗൾഫിൽ പോയത് ഗുരുതര കുറ്റകൃത്യമായാണ് കേന്ദ്ര സർക്കാർ വിലയിരുത്തിയത്. യാത്രയുടെ സദുദ്ദേശം പരിഗണിച്ച് നടപടികളിൽ നിന്ന് സർവകലാശാലാ ഉദ്യോഗസ്ഥരെ ഒഴിവാക്കുകയായിരുന്നു.