കാബൂൾ: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. റോക്കറ്റ് ആക്രമണമാണെന്നും പാർപ്പിട മേഖലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിലുണ്ടായ ചാവേറാക്രണണത്തിനു പിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് സംഭവം.

ജനവാസ മേഖലയിലാണ് ഇത് പതിച്ചത്. ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐസ്-കെ തീവ്രവാദികളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ ആക്രമമാണ് ഇതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി വിമാനത്താവള കവാടത്തിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മിലിറ്ററി കമാൻഡർമാർ റിപ്പോർട്ട് നൽകിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം.

 

കാബൂൾ വിമാനത്താവളത്തിനടത്തുള്ള ഒരു വീടിന് മുകളിലാണ് റോക്കറ്റ് വീണത്. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പല തവണ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്.

വിമാനത്താവളത്തിന് നേരെ ആക്രമണമൊന്നും ഉണ്ടായില്ലെങ്കിലും തൊട്ടടുത്ത വീടിന് മുകളിൽ റോക്കറ്റ് വീണത് ആശങ്കയുളവാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ചില ചിത്രങ്ങളിൽ കെട്ടിടത്തിന് മുകളിൽ നിന്നും കറുത്ത പുക ഉയരുന്നതായി കാണാം. വിമാനത്താവളത്തിനടുത്ത് ഖാജെ ബഗ്ര പ്രദേശത്തിനടുത്തുള്ള ഗുലായിലെ ഒരു വീടിന് മുകളിലാണ് വീണത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തിൽ  182 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.