മുക്കം: സ്നേഹസാന്ത്വനത്തിന്റെ പുതുമാതൃക നൽകി മദ്റസാ വിദ്യാർത്ഥികളുടെ അഗതി മന്ദിര സന്ദർശനം വേറിട്ട അനുഭവമായി. മലപ്പുറം ജില്ലയിലെ കീഴ്പറമ്പിനടുത്തുള്ള പഴമ്പറമ്പിൽ പ്രവർത്തിക്കുന്ന കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ കാഴ്‌ച്ച ഇല്ലാത്തവർക്കുള്ള അഗതി മന്ദിരത്തിലേക്കാണ് ഗോതമ്പറോഡ് അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും 'അകക്കണ്ണിന്റെ വെളിച്ചം' എന്ന പേരിൽ സ്നേഹ സാന്ത്വന സന്ദർശനം നടത്തിയത്.

വിദ്യാർത്ഥികൾ സമാഹരിച്ച പച്ചക്കറികളും മറ്റു ഭക്ഷ്യവിഭവങ്ങളുമായിട്ടാണ് ഇവർ അഗതി മന്ദിരത്തിലെത്തിയത്. സന്ദർശനം വെൽഫയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുമാസ്റ്റർ ചാലിൽ ഉദ്ഘാടനം ചെയ്തു. ഗിന്നസ് വേൾഡ് റെക്കോഡ് ഹോൾഡർ കാർട്ടൂണിസ്റ്റ് എം. ദിലീഫ് മുഖ്യാതിഥി ആയിരുന്നു. കൊച്ചു കലാകാരി റെന അന്തേവാസികളുടെ തത്സമയ കാരിക്കേച്ചർ വരച്ചു നൽകി. അഗതിമന്ദിരം അഡ്‌മിനിസ്ട്രേറ്റർ ഹമീദ് മാസ്റ്റർ, സി.പി മുശീറുൽ ഹഖ്, നാണു, ഉഷാകുമാരി, ബാവ പവർവേൾഡ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളും അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു. അനസ് ഓമശ്ശേരി, സൽജാസ് കൊടിയത്തൂർനഫീസ ടീച്ചർ, സുമയ്യ ഫസൽ, ജി.ഐ.ഒ, റ്റീൻ ഇന്ത്യ പ്രവർത്തകർ നേതൃത്വം നൽകി. പ്രിൻസിപ്പൽ പി.പി ശിഹാബുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിന് സാലിം ജീറോഡ് സ്വാഗതവും എസ്.ഐ.ഒ ജീറോഡ് യൂണിറ്റ് പ്രസിഡന്റ് ശഹബാസ് കാരാട്ട് നന്ദിയും പറഞ്ഞു.