കാൻബറ: മുപ്പതുകഴിയുമ്പോൾ തന്നെ ശരീരസൗന്ദര്യം നഷ്ടമാകുന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് ആവലാതി തുടങ്ങും. കൗമാരത്തിൽ മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്ന സ്ത്രീകളെല്ലാം വിവാഹവും പ്രസവും കഴിയുന്നതോടെ തടിവച്ചുതുടങ്ങും. നാല്പതുകൾ കഴിയുമ്പോൾ ശരീരസൗന്ദര്യം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും പല സ്ത്രീകൾക്കും നഷ്ടപ്പെട്ടുതുടങ്ങും.

മധ്യവയസ്‌ക ആയാലും ചെറുപ്പക്കാരിയെപ്പോലെ ശരീര സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് ഓസ്‌ട്രേലിയയിൽനിന്നുള്ള കരോളിൻ ഹാർട്ട്‌സ്. വെറുതേ പറയുകയല്ല. എഴുപതു വയസുണ്ട്് ഈ സ്ത്രീയ്ക്ക്. പക്ഷേ കണ്ടാൽ ഇരുപ്പതിയഞ്ചിന്റെ ശരീരഅഴകാണ്. നാല്പതു വയസു കഴിഞ്ഞാലും സ്ത്രീകൾക്ക് ശരീരസൗന്ദര്യം നിലനിർത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ് കരോളിൻ.

പെർത്തിൽ താമസിക്കുന്ന കരോളിൻ മൂന്നു കുട്ടികളുടെ അമ്മയാണ്. എന്നിട്ടും ചെറുപ്പക്കാരിയെപ്പോലെ ശരീരസൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം പഞ്ചസാര ഉപേക്ഷിച്ചതാണെന്ന് ഇവർ വെളിപ്പെടുത്തുന്നു. ചെറുപ്പത്തിൽ വളരെ മധുരപ്രിയയായിരുന്നു കരോളിൻ. 28 വർഷം മുമ്പ് മധുരം കഴിക്കുന്നതു നിർത്തി.

എത്രയായാലും അമ്പതു വയസു കഴിഞ്ഞാൽ ശരീര സൗന്ദര്യം നിലനിർത്തുകയെന്നത് സ്ത്രീകൾക്കു കനത്ത വെല്ലുവിളി തന്നെയാണെന്ന് കരോളിൻ സമ്മതിക്കുന്നു. എന്നുവച്ച് തോറ്റു പിന്മാറരുത്. കഠിനമായി പരിശ്രമിച്ചാൽ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാകും.

പ്രായംകൂടുമ്പോൾ ശരീരത്തിലെ ദഹനപ്രക്രിയയുടെ വേഗത കുറയും. ഇതിനനുസരിച്ച് ഭക്ഷണം നിയന്ത്രിക്കണം. ഇതോടൊപ്പം ശരീര വ്യായമവും നിർബന്ധമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും എത്ര ഏളവിൽ ശരീരത്തിനു വേണമെന്നും അറിഞ്ഞിരിക്കണം. അനാവശ്യമായി വാരിവലിച്ചു തിന്നാൽ തുടങ്ങിയാൽ ശരീരഭാരം കൂടും. ശരീര സൗന്ദര്യം നിലനിർത്താൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ഇതാണെന്ന് കരോളിൻ പറയുന്നു.