മാവേലിക്കര: തകര ഷീറ്റ് ഉപയോഗിച്ചു മറച്ച ഷെഡിൽ വയോധിക ഒറ്റയ്ക്കു താമസിക്കേണ്ടി വന്ന സംഭവത്തിൽ 5 മക്കൾക്കെതിരെ പൊലീസ് കേസെടുത്തു.കല്ലിമേൽ ചരുവിലേമേലത്തേതിൽ ഗൗരിയമ്മയുടെ (88) മൂന്നു പെൺമക്കൾ ഉൾപ്പെടെ 5 മക്കൾക്കെതിരെയാണു കേസെടുത്തത്.

മാങ്കാംകുഴി ചന്തയ്ക്കു സമീപം പ്രായമായ സ്ത്രീ തകര ഷീറ്റ് കൊണ്ടു മറച്ച ഷെഡിൽ താമസിക്കുന്നതറിഞ്ഞാണ് സെക്ടറൽ മജിസ്‌ട്രേട്ടും സംഘവും എത്തിയത്.തുടർന്ന് വയോധികയെ സെക്ടറൽ മജിസ്‌ട്രേട്ടും പൊലീസും ഇടപെട്ടു കല്ലിമേൽ സെന്റ് മേരീസ് ദയാഭവനിലെത്തിക്കുകയായിരുന്നു.

പ്രായമായ മാതാപിതാക്കളെ മക്കൾ സംരക്ഷിച്ചു കൃത്യമായി പരിപാലിക്കണമെന്ന നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണു കേസ് രജിസ്റ്റർ ചെയ്തതെന്നു സിഐ ജി.പ്രൈജു പറഞ്ഞു.