അഡ്‌ലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ എജിഎൽ ഉപയോക്താക്കൾക്ക് പവർ നിരക്കിൽ 18 ശതമാനം വർധന വരുത്തുന്നു. അടുത്ത മാസം ആദ്യം മുതൽ നിരക്ക് വർധന നടപ്പിൽ വരുത്തുമെന്നും സൗത്ത് ഓസ്‌ട്രേലിയ എനർജി മിനിസ്റ്റർ ടോം കുത്സാന്റോണീസ് വ്യക്തമാക്കി.

ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ ആഴ്ച.യിൽ ശരാശരി 6.70 ഡോളർ അല്ലെങ്കിൽ വർഷം 350 ഡോളർ എന്നതാണ് വർധനയെന്ന് എജിഎൽ അറിയിക്കുന്നു. അതേസമയം വൈദ്യുതി നിരക്കിൽ ഇത്രയേറെ വർധന വരുത്തുന്നത് നിരാശാജനകമെന്ന് സോഷ്യൽ ഓർഗനൈസേഷനായ സൗത്ത് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് ചൂണ്ടിക്കാട്ടി. പെൻഷൻകാരുൾപ്പെടെ കുറഞ്ഞ വരുമാനക്കാർക്ക് ഇതൊരു തിരിച്ചടിയാണെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി.

ഗ്യാസ് വിലയിൽ ഹോൾസെയിൽ മാർക്കറ്റ് നിരക്കിൽ വൻ വർധന ഉണ്ടായതാണ് പ്രധാന കാരണമെന്ന് എജിഎല്ലും എടുത്തുപറഞ്ഞു. ഈസ്റ്റ് കോസ്റ്റിൽ ഗ്യാസ് ലഭ്യതയും കുറഞ്ഞു. കാലഹരണപ്പെട്ട കോൾ ഫയേർഡ് ജനറേറ്ററുകൾ അടച്ചു പൂട്ടിയതും വില വർധനയ്ക്ക് കാരണമായി പറയുന്നുണ്ട്. അഡ്‌ലൈഡ് നോർത്ത് വെസ്‌റ്റേൺ മേഖലയിൽ പുതിയ പവർ‌സ്റ്റേഷൻ സ്ഥാപിക്കുമെന്ന് എജിഎല്ലിന്റെ പ്രഖ്യാപനം വന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പുതിയ നിരക്ക് വർധന പ്രഖ്യാപിച്ചത്. പുതിയ സ്റ്റേഷൻ വരുന്നതോടെ നവീന സുരക്ഷിത എനർജി സംവിധാനം നടപ്പിലാകുമെന്നാണ് എജിഎൽ എംഡി ആൻഡ് വെസ്സി പറയുന്നത്. 2019-ഓടെയാണ് പുതിയ സ്റ്റേഷൻ സ്ഥാപിക്കുക.