ബാലസോർ: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച അഗ്നി ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയം. 700 കിലോമീറ്റർ ദൂരം വെറും 9 മിനിറ്റിൽ പറന്നെത്താൻ മിസൈലിനു കഴിഞ്ഞു.

ഒഡീഷയിലെ ബാലസോറിൽ നിന്നാണ് ആണവവാഹക മിസൈലായ അഗ്‌നി 1 വിക്ഷേപിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിച്ച് അഗ്‌നി 1 ചരിത്രം കുറിക്കുകയും ചെയ്തു. കേവലം 9 മിനിറ്റ് 36 സെക്കന്റിലാണു 700 കിലോമീറ്റർ ദൂരം അഗ്‌നി 1 സഞ്ചരിച്ചത്.

രാവിലെ 9.15ന് ബാലസോറിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു പരീക്ഷണം. 15 മീറ്റർ നീളമുള്ള ബാലസ്റ്റിക് മിസൈലിന്റെ ഭാരം 12 ടൺ ആണ്. ഡിആർഡിഒയുടെ അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈൽ നിർമ്മിച്ചത്.

അയ്യായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്‌നി 5 മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യ വികസിപ്പിച്ചു നിർമ്മിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളിൽ ഏറ്റവും കൂടുതൽ ദൂരപരിധിയുള്ള അഗ്‌നി 3 നെക്കാൾ 1500 കിലോമീറ്റർ കൂടുതൽ ദൂരം പറക്കാൻ അഗ്‌നി 5നു സാധിക്കും.