- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം; കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തവരെ കണ്ടെത്താനും നീക്കം; വ്യാജ ഭാരത് ബന്ദ് ആഹ്വാനത്തിന് പിന്നിലും കലാപം ആളിക്കത്തിക്കാനുള്ള ശ്രമം; കേരളത്തിലെ ജാഗ്രതാ നിർദ്ദേശം നൽകൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗം; അഗ്നിപഥിൽ 'വ്യാജ ബന്ദ്' ആഹ്വാനവും
ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത പത്ത് പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ നാളെ ഭാരത് ബന്ദാണെന്ന പ്രചരണം വ്യാജമാണെന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളും അറിയിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പ്രശ്‌നം വ്യാപിപ്പിക്കാൻ ചില ഗ്രൂപ്പുകൾ രംഗത്തുണ്ടെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കരുതലുകൾ ശക്തമാക്കി സംസ്ഥാനങ്ങളും മുൻകരുതൽ എടുക്കുന്നു. അഗ്‌നിപഥുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി നടക്കുന്ന ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾ സംഘടിക്കുന്നതിന് വാട്സാപ്പിലൂടെയുള്ള പ്രചാരണങ്ങൾ കാരണമായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പ്രചരിക്കുന്ന വിവരങ്ങൾ സംബന്ധിച്ച വസ്തുതകൾ ഉറപ്പാക്കുന്നതിന് 8799711259 എന്ന വാട്സ്ആപ്പ് നമ്പറും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾ വ്യാുപക അക്രമമുണ്ടാക്കി. ഇന്ന് അക്രമങ്ങൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്തില്ല. അതിനിടെ കേന്ദ്രം റിക്രൂട്ട്‌മെന്റുമായി മുമ്പോട്ട് പോകുമെന്നും വ്യക്തമാക്കി. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായി റെയിൽവേ സ്റ്റേഷനുകൾക്കും തീവണ്ടികൾക്കും നേരെയാണ് അക്രമം നടന്നത്. റെയിൽവേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചതായി റെയിൽവേ വ്യക്തമാക്കിയിരുന്നു.
ജനജീവിതം തടസ്സപ്പെട്ട സ്ഥിതിയാണ് ബിഹാറിൽ. കടകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ആളുകൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. അക്രമം ഭയന്ന് പലയിടങ്ങളിലും ഇത്തരം കടകൾ പോലും തുറന്ന് പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ബീഹാറിലെ ചില പരീക്ഷാ പഠന കേന്ദ്രങ്ങളാണ് കലാപത്തിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തൽ.
പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ചില ആനുകൂല്യങ്ങൾ നൽകുകയും പ്രായപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്താനും തയ്യാറാണെങ്കിലും പദ്ധതി പൂർണമായി ഒഴിവാക്കാൻ തയ്യാറല്ലെന്നാണ് കേന്ദ്ര നയം.
കേരളത്തിലും ജാഗ്രത
ഉത്തരേന്ത്യയിൽ പോലും ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പൊലീസ് ഭാരത് ബന്ദ് സംബന്ധിച്ച് പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയത് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിൽ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിർദ്ദേശം കേരളത്തിലും നൽകുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി ബന്ദെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുകയാണ്. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവരെ തെരുവിലെത്തിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ.
സമൂഹമാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്‌നിപഥ് വിഷയത്തിൽ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. ഇത് തീർത്തും വ്യാജമാണ്. കേരളത്തിൽ ഇത്തരത്തിൽ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിർദ്ദേശം നൽകിയത്.
പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച രാത്രി മുതൽതന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തും.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ