ന്യൂഡൽഹി: കർഷക നിയമങ്ങളെ ശക്തമായി പിന്തുണച്ചും പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ കർഷകർക്ക് പറയാനുള്ളത് തങ്ങൾ അപമാനിക്കപ്പെടുന്നുവെന്ന വാദം. നിയമങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ തല കുമ്പിട്ടും കൈകൾ കൂപ്പിയും ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാണെന്നു കർഷകരെ അനുരഞ്ജന വഴിയിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടു നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. മധ്യപ്രദേശിലെ കർഷകരോട് വിഡിയോയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഇതിൽ എല്ലാം പരിഹാസമാണ് കർഷകർ കാണുന്നത്. തനിക്കു പറയാനുള്ളതു മാത്രം പറയുന്ന മോദി കർഷകരെ കേൾക്കുന്നില്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസം അയച്ച തുറന്ന കത്തും കർഷകർ തള്ളി.

പ്രതിപക്ഷത്തെ വിമർശിച്ച് പ്രക്ഷോഭത്തിനു രാഷ്ട്രീയ നിറം നൽകാനുള്ള മോദിയുടെ ശ്രമം വിലപ്പോവില്ലെന്നും നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്നും കർഷക സംഘടനകൾ തിരിച്ചടിച്ചു. കോർപറേറ്റുകളെ സഹായിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാത്ത മോദി, രാജ്യത്തിന്റെ ഭരണത്തലവനെന്ന പദവി മറന്ന് കക്ഷിരാഷ്ട്രീയം കളിക്കുകയാണെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി ആരോപിച്ചു. ഇതോടെ സമരം ഉടനൊന്നും തീരില്ലെന്ന് വ്യക്തമാകുകയാണ്. വിഡിയോ കോൺഫറൻസ് വഴി മധ്യപ്രദേശിലെ കർഷകരെ അഭിസംബോധന ചെയ്യാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊടുംതണുപ്പേറ്റ് ആഴ്ചകളായി തെരുവിൽ സമരം ചെയ്യുന്ന തങ്ങളെ കാണാൻ ഇനിയും തയാറാകുന്നില്ലെന്നു കർഷകർ ആരോപിച്ചു.

പ്രക്ഷോഭത്തെത്തുടർന്ന് ഡൽഹി ജയ്പുർ ദേശീയപാതയിൽ ആറാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. അതിനിടെ മധ്യപ്രദേശിൽ നിന്ന് ആയിരത്തോളം കർഷകരെ നയിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള കാൽനട ജാഥ ഡൽഹിയിലേക്കു പുറപ്പെട്ടു. ഭോപാൽ ആസ്ഥാനമായുള്ള ഏകതാ പരിഷത് നേതാവും കണ്ണൂർ സ്വദേശിയുമായ പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചമ്പൽ മേഖല പിന്നിട്ടു. ഹരിയാനയിലെ പൽവൽ വഴി ഡൽഹി അതിർത്തിയിലെത്തുകയാണു ലക്ഷ്യം.

വിളകളുടെ താങ്ങുവില ഇല്ലാതാക്കുമെന്ന പ്രചാരണം എക്കാലത്തെയും ഏറ്റവും വലിയ നുണയാണെന്നും അത് നിലവിലുള്ള രീതിയിൽ തുടരുമെന്നും മധ്യപ്രദേശിലെ കർഷകരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുനനു. അതിനിടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അയച്ച നോട്ടീസിൽ വ്യക്തിഗത ബോണ്ടായി അമ്പതുലക്ഷം രൂപ കെട്ടിവെക്കാൻ കർഷക നേതാക്കളോട് ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഉത്തർ പ്രദേശ് പൊലീസ് രംഗത്തു വന്നു. തുക അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്നും ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥന് ക്ലറിക്കൽ പിഴവ് സംഭവിച്ചതാണെന്ന് സംഭാൽ എസ്‌പി. ചക്രേഷ് മിശ്ര വ്യക്തമാക്കി. കൃത്യം തുക രേഖപ്പെടുത്തിയ നോട്ടീസ് കർഷക നേതാക്കൾക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരും സജീവമാകും. മഹാരാഷ്ട്രയിൽ നിന്നുള്ള മൂവായിരത്തോളം വരുന്ന കർഷകർ ഡിസംബർ 21-ന് തലസ്ഥാനത്തേക്ക് മാർച്ച് നടത്തും. തിങ്കളാഴ്ച നാസിക്കിൽ നിന്ന് റാലി ആരംഭിക്കുമെന്ന് ആൾ ഇന്ത്യ കിസാൻ സഭയുടെ മഹാരാഷ്ട്ര ഘടകം അറിയിച്ചു. 'ഞങ്ങൾ വാഹനങ്ങളിലാണ് യാത്രതിരിക്കുക, പദയാത്രയായിട്ടല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങൾക്ക് വലിയ വരവേൽപ്പുണ്ടായിരിക്കും. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കാണ് ഞങ്ങൾ പോവുക.അവിടെ നിന്ന് രാജസ്ഥാനിലേക്കും അവിടെ നിന്ന് അതിർത്തിയിലേക്കും നീങ്ങും. താങ്ങുവില, വൈദ്യുതി ബിൽ ഒഴിവാക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് റാലി നടത്തുന്നതെന്നും ആൾ ഇന്ത്യ കിസാൻ സഭ നേതാവ് അശോക് ധാവ്‌ലെ പറഞ്ഞു.