കൊച്ചി: പതിറ്റാണ്ടുകൾക്ക്മുമ്പ് പണം മുടക്കി, ആധാരമെഴുതി, പോക്കുവരവ് നടത്തി, കരമടച്ച്, കൈവശംവച്ചനുഭവിച്ച് കൃഷിചെയ്ത് സംരക്ഷിക്കുന്ന ഭൂമിയുടെ നികുതി അടയ്ക്കുന്നത് ഇപ്പോൾ നിഷേധിക്കുന്നതും പോക്ക്വരവ് നടത്തുവാൻ വിസമ്മതിക്കുന്നതും കൃഷിഭൂമി വനഭൂമിയായി മാറ്റാൻ ശ്രമിക്കുന്നതുമായ റവന്യൂ-വനം അധികൃതരുടെ ധാർഷ്ഠ്യത്തിനെതിരെ വിവിധ കർഷകസംഘടനകളുമായി ചേർന്ന് നിയമനടപടികളും കർഷകപ്രക്ഷോഭവു മാരംഭിക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചമൂലം സാമ്പത്തിക പ്രതിസന്ധിയിൽ കർഷകർ രാജ്യത്തുടനീളം ആത്മഹത്യ ചെയ്യുമ്പോൾ ഭൂനികുതി സ്വീകരിക്കാതെ സംസ്ഥാന സർക്കാർ കർഷകരെ വെട്ടിലാക്കിയിരിക്കുന്നത് ക്രൂരതയാണ്. കർഷകർക്ക് കൃഷിഭൂമിപോലും നഷ്ടപ്പെടുന്ന ഭീതിയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം സൃഷ്ടിക്കുന്നത്. കരമടയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഭൂമി ബാങ്കുകളിൽ പണയംവയ്ക്കാനോ, വിൽക്കുവാനോ തുടർകൃഷിക്കായി പണം സമാഹരിക്കുവാനോ സാധിക്കുന്നില്ല.

വനം വിസ്തൃതി ഉയർത്തിക്കാട്ടാൻ കൃഷിചെയ്യുന്ന കർഷകരുടെ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പ് ശ്രമങ്ങളെയും സർവ്വെ നടപടികളെയും കർഷകർ എതിർക്കും. ഭൂമാഫിയകളെ സംരക്ഷിക്കുവാൻ ചെറുകിട കർഷകരെ പീഡിപ്പിക്കുന്ന വനം-റവന്യൂ വകുപ്പുകളുടെ ധിക്കാരനടപടികൾക്കെതിരെ കർഷകർ സംഘടിച്ചുപ്രവർത്തിക്കണം. കേരളത്തിൽ 9107 ചതുരശ്ര സ്‌ക്വയർ കിലോമീറ്റർ സംരക്ഷിത വനഭൂമിയുണ്ടെന്ന് സംസ്ഥാന സർക്കാർ രേഖകളിലുണ്ട്. എന്നാൽ ഇതിനോടകം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും വിദേശ പരിസ്ഥിതി എജൻസികളിൽ നിന്നും സ്വീകരിച്ചിരിക്കുന്ന സാമ്പത്തിക സഹായംവഴി കേരളത്തിലെ വനത്തിന്റെ വിസ്തീർണ്ണം കൂടിയെന്ന് സ്ഥാപിക്കാൻ കർഷകരെ കുടിയിറക്കുവാനുള്ള ഗൂഢശ്രമമാണ് വനംവകുപ്പ് നടത്തുന്നത്.

ചെറുകിട കർഷകർ വനം കൈയേറ്റക്കാരല്ല. വനം സംരക്ഷിക്കുവാൻ ഉത്തരവാദിത്വപ്പെട്ട വനപാലകരും റവന്യൂ ഇതര ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂമാഫിയാസംഘങ്ങളും ചേർന്നു നടത്തുന്ന വനം വില്പനയുടെയും വനംകൈയേറ്റത്തിന്റെയും മറവിൽ കർഷകരെ ബലിയാടാക്കാൻ അനുവദിക്കില്ല. 1947 ഓഗസ്റ്റ് 15നു ശേഷവും യാതൊരു രേഖകളുമില്ലാതെ കേരളത്തിലെ വൻകിട തോട്ടങ്ങൾ കൈവശംവച്ചിരിക്കുന്ന വിദേശകമ്പനികളുടെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് നടപ്പിലാക്കുവാൻ സാധിക്കാത്തവർ ചെറുകിട കർഷകന്റെമേൽ കുതിരകയറുവാൻ ശ്രമിക്കരുതെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.