തൃശൂർ: കാർഷിക സർവകലാശാലയിൽ വീണ്ടും അദ്ധ്യാപക നിയമനത്തിന് അവസരം ഒരുക്കുന്നതായി ആക്ഷേപം. 2010 മുതലുള്ള കണക്കെടുത്താൽ ഏകദേശം രണ്ടായിരത്തോളം കൃഷിശാസ്ത്രം പഠിച്ച കേരള കാർഷിക സർവ്വകലാശാലയിലെ ബിരുദധാരികൾ തൊഴിൽ രഹിതരായി തെരുവു തെണ്ടുന്ന അവസ്ഥയിൽ കൃഷി ശാസ്ത്ര വിദ്യാർത്ഥികളുടെ സീറ്റ് 208-ൽ നിന്നും 420 ലേക്ക് ഉയർത്തുന്ന നടപടിയാണ് വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കുന്നത്. കൂടുതൽ അദ്ധ്യാപക നിയമനത്തിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് പ്രധാന ആക്ഷേപം. വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതോടെ അസി. പ്രൊഫസർമാരെ നിയമിക്കേണ്ടി വരും.

350തോളം അസി. പ്രൊഫസർമാരെ നിയമിക്കാനാണ് നീക്കം. 14 കോടിയുടെ കൈക്കൂലിപ്പണം ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. സർവ്വകലാശാലയിൽ നിലനിൽക്കുന്ന എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് സീറ്റ് വർദ്ധന നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മാനദണ്ഡങ്ങളെ മുഴുവൻ കാറ്റിൽ പറത്തിയാണ് വിദ്യാർത്ഥികളുടെ സീറ്റ് ഇരട്ടിയോളമായി വർദ്ധിപ്പിച്ചിരിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സീറ്റ് വർദ്ധിപ്പിക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അനുവാദം കൊടുക്കുകയുള്ളൂ.

ലാബ്, ക്ലാസ് റൂം, വേണ്ടത്ര അദ്ധ്യാപകർ, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ഇപ്പോൾ സർവ്വകലാശാലയുടെ അമ്പലവയൽ കേന്ദ്രത്തിൽ കാർഷിക കോളജ് ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഏകദേശം 60 ഏക്കർ സ്ഥലവും 30 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട് അമ്പലവയലിൽ പുതിയ കോളജ് സ്ഥാപിക്കാൻ. എന്നാൽ ഇതൊന്നുമില്ലാതെയാണ് അവിടെ പുതിയ കോളജ് തുടങ്ങുന്നത്. 60 വിദ്യാർത്ഥികൾക്കായി അവിടെ മാത്രം നിയമിക്കാനുള്ള 45 അസിസ്റ്റന്റ്‌റ് പ്രൊഫസ്സർമാരുടെ നിയമനം ലാക്കാക്കി മാത്രമാണ് ഇവിടെ ഇപ്പോൾ കോളജ് സ്ഥാപിക്കുന്നത്. ഒപ്പം സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയും ഇത് വരുത്തിവയ്ക്കും.

അതേസമയം സീറ്റ് വർദ്ധനയുമായി ബന്ധപ്പെട്ട് സർവ്വകലാശാല ജനറൽ കൗൺസിൽ ഇനിയും നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും പറയപ്പെടുന്നു. സീറ്റ് വർദ്ധനവ് പരിശോധിക്കാൻ ജനറൽ കൗൺസിൽ രൂപീകരിച്ച സബ് കമ്മിറ്റി ഒരു കോളേജിലും ബന്ധപ്പെട്ട പരിശോധനകൾ നാളിതുവരെ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം സീറ്റ് വർദ്ധന നടത്താൻ. എന്നാൽ സീറ്റ് വർദ്ധനയുമായി ജനറൽ കൗൺസിൽ നടപടികൾ സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ കാർഷിക സർവ്വകലാശാല വർധിപ്പിച്ച സീറ്റുകളിലേക്ക് ഈ വർഷം തന്നെ അഡ്‌മിഷൻ നടത്താൻ പ്രവേശന പരീക്ഷ കമ്മീഷണറോട് ആവശ്യപ്പെട്ടതായ രേഖകൾ മറുനാടന് ലഭിച്ചു.

സീറ്റ് വർദ്ധനയുമായി ബന്ധപ്പെട്ട് സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ 22-2-2018-ൽ അംഗീകരിച്ച ഫയൽ സർവ്വകലാശാലയുടെ 131-മത് ജനറൽ കൗൺസിൽ അംഗീകരിക്കുന്നത് 24-3-2018-ൽ മാത്രമാണ്. എന്നാൽ വർധിപ്പിച്ച സീറ്റുകളിലേക്ക് ഈ വർഷം തന്നെ അഡ്‌മിഷൻ നടത്താൻ പ്രവേശന പരീക്ഷ കമ്മീഷണറോട് കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടതാകട്ടെ 1-2-2018-നും. അതായത് ഏകദേശം ഒരുമാസം മുമ്പ്. ഈ രേഖകളും മറുനാടൻ പുറത്തുവിടുകയാണ്.

സീറ്റ് വർദ്ധനയുടെ കച്ചവടം തകൃതിയായി നടക്കുമ്പോഴും, കഴിഞ്ഞ വീയെസ് ഇടതുപക്ഷ സർക്കാറിന്റെ കാലത്ത് സർവ്വകലാശാല അഭിമാന പുരസ്സരം കുട്ടികൾക്ക് സമർപ്പിച്ച വെള്ളാനിക്കരയിലെ കാലാവസ്ഥ പഠന-ഗവേഷണ അക്കാദമിയിൽ ആരംഭിച്ച ബി.എസ്സി, എം.എസ്സി 'ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്‌റ്റേഷൻ' കോഴ്‌സ് നിർത്തലാക്കുന്നതായും അറിയാൻ കഴിയുന്നു. 2010-ൽ ആരംഭിച്ച ഈ കോഴ്‌സ് പൂർത്തിയാക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതുമൂലം ഇപ്പോൾ വഴിയാധാരമായിരിക്കുകയാണ്. ഏകദേശം പത്തുലക്ഷം രൂപയോളം കുട്ടികളുടെ മാതാപിതാക്കൾ ഈ കോഴ്‌സിന്റെ പഠനത്തിന് ചെലവഴിച്ചെന്നാണ് അറിയാൻ കഴിയുന്നത്. സർവ്വകലാശാലയുടെ ഇത്തരം അനീതികളോട് പ്രതിഷേധിച്ചുകൊണ്ട് സർവ്വകലാശാല ആസ്ഥാനത്ത് സിപിഐ. അനുകൂല വിദ്യാർത്ഥി സംഘടനയും സിപിഎം. അനുകൂല ജീവനക്കാരും സമരം നടത്തിവരുന്നതായും അറിയുന്നു.

അതേസമയം പുതുതായി നിയമിക്കാനുള്ള അസിസ്റ്റന്റ്് പ്രൊഫസ്സർമാരുടെ ഒഴിവിലേക്കായുള്ള പരീക്ഷകളിലും അഭിമുഖത്തിലും സുനിശ്ചിത വിജയം ഉറപ്പിക്കാമെന്ന മോഹന വാഗ്ദാനവുമായി സർവ്വകലാശാലയിലെ തന്നെ വിരമിച്ച കുറെ അദ്ധ്യാപകർ കൂടി സർവ്വകലാശാലാ പരിസരത്തുതന്നെ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചതും വിവാദമായി. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കും വിധം പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്ത ഈ സ്ഥാപനത്തിന് എതിരെ സർവ്വകലാശാലയ്ക്ക് പരാതി കിട്ടിയതായും അറിയുന്നു. എന്നാൽ കോച്ചിങ് ക്ലാസിന്റെ മറവിൽ നിയമനവുമായി ബന്ധപ്പെട്ടവർക്ക് കൈക്കൂലി ഉറപ്പുവരുത്തുന്ന ദല്ലാളുകളാണ് ഈ സ്ഥാപനം നടത്തുന്നതെന്നും ആരോപണവും ഉയർന്നിട്ടുണ്ട്.

അതിന്നിടെ സിപിഐ.യ്ക്ക് മേൽക്കൈ ഉള്ള കാർഷിക സർവ്വകലാശാലയുടെ മുഴുവൻ ഭരണവും കയ്യാളാൻ ശ്രമിക്കുന്ന സിപിഐ.യ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വെറ്ററിനറി സർവകലാശാലയുടെ കൂടി പ്രൊ ചാൻസിലർ ചുമതലയിൽ നിന്നും മന്ത്രി സുനിൽ കുമാറിനെ മാറ്റിക്കൊണ്ട് ഗവർണർ ഈയ്യിടെ ഇറക്കിയ ഉത്തരവ്. സർവകലാശാല ആക്ട് പ്രകാരം മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കണം പ്രൊ ചാൻസലർ. എന്നാൽ ഈ സർക്കാർ വന്നപ്പോൾ ആക്ടിന് വിരുദ്ധമായി സുനിൽകുമാർ ചുമതല പിടിച്ചു വാങ്ങുകയായിരുന്നുവെന്ന ആരോപണവും ശക്തം. കഴിഞ്ഞ രണ്ടര വർഷമായി വെറ്ററിനറി സർവ്വകലാശാലക്ക് വിസിയും ഇല്ല. ഡോ. ബി. അശോക് 2015 ഡിസംബറിലാണ് ചുമതല ഒഴിഞ്ഞത്. വിസി നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും സ്റ്റേ മാറ്റാൻ ഈ സർക്കാർ നടപടിയെടുത്തുമില്ല.