കേരളത്തിൽ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം; ഒരു മണിക്കൂർ ദൈർഘ്യമുള്ള സമ്മേളനത്തിൽ പാസാക്കുക കേന്ദ കാർഷിക നിയമത്തിനെതിരായ പ്രമേയം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയുന്ന പ്രമേയം സമ്മേളനത്തിൽ പാസാക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രത്യേക സമ്മേളനം ചേരാൻ അനുമതി നൽകണമെന്ന് ഗവർണറോട് ശുപാർശ ചെയ്യും.
ഒരു മണിക്കൂർ നീളുന്ന പ്രത്യേക സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമാവും സംസാരിക്കുക. സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷങ്ങൾ പുതിയ കാർഷിക നിയമങ്ങളെ എതിർക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെ ഏക അംഗത്തിന്റെ എതിർപ്പോടെ നിയമ ഭേദഗതികൾ തള്ളിക്കളയുന്ന പ്രമേയം പ്രത്യേക സമ്മേളനം പാസാക്കും.
രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കർഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാർഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്. കേരളത്തിൽ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്റെ സാധ്യതകളും അതിന്റെ നിയമവശവും കൂടി ആലോചനയിലുണ്ടെന്നാണ് വിവരം.
അതിനിടെ, ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് തിരുവനന്തപുരം പാളയത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 9 ദിവസം പിന്നിട്ടു. സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് സംഘാടകർ. ജില്ലാ കേന്ദ്രങ്ങളിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 23 ന് തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുക്കുമെന്നും സംയുക്ത കർഷക സമിതി അറിയിച്ചു.
അതേസമയം, ഡൽഹിയിലെ കർഷക സമരം 25 ആം ദിവസവും തുടരുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്.
മറുനാടന് ഡെസ്ക്