ന്യൂയോർക്ക്: ഭൂമിയുടെ മണ്ണിൽ മാത്രമല്ല ചൊവ്വായുടെ മണ്ണിലും ധാന്യം വിളയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ശാസ്ത്ര ലോകത്ത് പുരോഗമിക്കുന്നത്. അമേരിക്കയിലെ സെൻട്രൽ ഫ്‌ളോറിഡ സർവകലാശാലയിലാണ് 'ചൊവ്വാ മണ്ണിൽ' ധാന്യം വിളയിക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്. ആവശ്യക്കാർക്ക് ചൊവ്വായിലെ മണ്ണ് കിലോയ്ക്ക് 20 ഡോളർ എന്ന നിരക്കിൽ വാങ്ങാനും അവസരമുണ്ട്. ആശയം അവതരിപ്പിച്ചത് മുതൽ ആശയത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്.

ചൊവ്വയിലെയും മറ്റ് ഗ്രഹങ്ങളിലെയും മണ്ണ് സൃഷ്ടിച്ചിരിക്കുന്ന അവിടുത്ത ഗവേഷകർ അത് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. കൃത്രിമമായി സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ മണ്ണിന് കിലോയ്ക്ക് 20 ഡോളറാണ് വില. ശാസ്ത്രീയാടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് ഈ മണ്ണ്. ചൊവ്വയിൽ നിന്നും നാസയുടെ ക്യൂരിയോസിറ്റി റോവർ ശേഖരിച്ച മണ്ണിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വേർതിരിച്ച് സമാനമായ രാസവസ്തുക്കളുടെ ചേരുവയിലാണ് കൃത്രിമ മണ്ണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയ മാസിക പറയുന്നത്.

ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കെ ഇത്തരം ഗവേഷണങ്ങൾ ഗുണകരമാണെന്ന് യുസിഎഫ് പ്ളാനറ്ററി സയൻസസ് ഗ്രൂപ്പ് പറയുന്നു. ചൊവ്വയിൽ ഭക്ഷ്യധാന്യങ്ങൾ വളർത്താൻ അവിടുത്തെ മണ്ണും അനുബന്ധ സാഹചര്യവും സാങ്കേതികതയും പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പ്രൊഫസർ ഡാൻ ബ്രിട്ട് പറയുന്നത്. അതേസമയം കിലോയ്ക്ക് 20 ഡോളർ നിരക്കിൽ 30 ലധികം ഓർഡറുകളാണ് ഗവേഷണ സ്ഥാപനത്തിന് കിട്ടിയിരിക്കുന്നത്. ഇതിൽ ഒരു ഓർഡർ അമേരിക്കയിലെ തന്നെ കെന്നഡി സ്പേസ് സെന്ററാണ്. അര ടണ്ണാണ് ചോദിച്ചിരിക്കുന്നത്.