സാന്തിയാഗോ: കോപ്പ അമേരിക്കയിലെ രണ്ടാം മൽസരത്തിൽ യുറുഗ്വായ്‌ക്കെതിരെ അർജന്റീനയ്ക്ക് ഒരു ഗോൾ ജയം. ഇതോടെ ലെയണൽ മെസിയുടെ ടീം ക്വാർട്ടർ സാധ്യതയും നിലനിർത്തി. കളിയുടെ 56ാം മിനുറ്റിൽ സെർജിയോ അഗ്യൂറോയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. അവസാന മിനുറ്റുകളിൽ സമനിലയ്ക്കായി യുറുഗ്വായ് നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പാബ്ലോ സബലേറ്റ നൽകിയ പാസ് അഗ്യൂറോ യുറുഗ്വായ്ൻ പ്രതിരോധത്തെ തകർത്ത് വലയിലെത്തിക്കുകയായിരുന്നു. യുറുഗ്വായ്‌ക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ അർജന്റീനയ്ക്ക് ഒരു ഗോൾ നേടാൻ തന്നെ ഏറെ കാത്തിരക്കേണ്ടിവന്നു. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തിലെ പിഴവുകൾ അർജന്റീനയ്ക്ക് സമനില മാത്രമേ നൽകിയുള്ളൂ. അതുകൊണ്ട് തന്നെ കരുതലോടെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അർജന്റീന ശ്രമിച്ചത്. ആദ്യ കളിയിൽ പാരഗ്വയ്‌ക്കെതിരെ സമനില വഴങ്ങേണ്ടി വന്ന അർജന്റീനയ്ക്കിത് ആശ്വാസം നൽകുന്ന വിജയമാണ്. ഈ ജയത്തോടെ നാലു പോയിന്റുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതെത്തി.

കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ അർജന്റീന യുറുഗ്വായ്‌ക്കെതിരെ വലിയ മാർജിനിൽ ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അർജന്റീനയുടെ മുൻനിരയെ പ്രതിരോധിക്കുന്നതിൽ യുറുഗ്വായ് വിജയിച്ചു. നായകൻ മെസിയുടെയും ഡി മരിയയുടെയും നീക്കങ്ങളെ യുറുഗ്വായ് തന്ത്രപരമായി തന്നെ പിടിച്ചുക്കെട്ടി. 82ാം മിനുറ്റിൽ മെസിയുടെ നീക്കം യുറുഗ്വാൻ ഗോൾകീപ്പർ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ആദ്യ പകുതിയിൽ യുറുഗ്വേയ്ൻ ഗോൾ മുഖത്ത് മെസിയും സംഘവും നിരവധി തവണ ആക്രണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മുൻനിര താരങ്ങളുടെ നീക്കങ്ങളെല്ലാം യുറുഗ്വായ്ൻ പ്രതിരോധ ശക്തിക്കു മുന്നിൽ പരാജയപ്പെട്ടു. ആദ്യ പകുതിയിൽ മൂന്നു തവണ യുറുഗ്വായ്ൻ പോസ്റ്റിലേക്ക് പന്തടിച്ചെങ്കിലും ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‌ലേര രക്ഷപ്പെടുത്തുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ പാരഗ്വായ് രണ്ടാം മൽസരത്തിൽ ജമൈക്കയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും വിജയം പാരഗ്വായ്‌യുടെ കൂടെയായിരുന്നു. മുപ്പത്തിയാറാം മിനുറ്റിൽ എഡ്ഗാർ ബെനിറ്റസാണ് പാരഗ്വായ്‌യുടെ വിജയഗോൾ നേടിയത്. പന്തെടുക്കാൻ മുന്നോട്ടുവന്ന ജമൈക്കൻ ഗോൾകീപ്പർ ഡ്വയ്ൻ കീറിന്റെ പിഴവിൽ നിന്നാണ് ഗോൾ വീണത്. ഗോൾകീപ്പർ പന്ത് തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന എഡ്ഗാർ ബെനിറ്റസ് ലക്ഷ്യത്തിലെത്തിച്ചു.

65ാം റാങ്കുകാരായ ജമൈക്കക്കെതിരെ 85ാം റാങ്കുകാരായ പാരഗ്വായ് മികച്ച കളിയാണ് പുറത്തെടുത്തത്. ഈ ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് ബിയിൽ പാരഗ്വായ് മുന്നിലെത്തി. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ജമൈക്ക ഗ്രൂപ്പിൽ ഏറ്റവും അവസാനമാണ്.