- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൃഥ്വിരാജ് നടനായത് മുതൽ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്; എന്നും അങ്ങനെ തന്നെയായിരിക്കും'; ഈ നാടകത്തിൽ തനിക്ക് പങ്കില്ലെന്നും അഹാന കൃഷ്ണ; ബിജെപിക്കാരന്റെ മകളായതിനാൽ മാറ്റിയെന്ന നടൻ കൃഷ്ണകുമാറിന്റെ വാദം തള്ളി താരം
ബിജെപിക്കാരന്റെ മകളായതിനാൽ തന്റെ മകൾ അഹാനയെ 'ഒരു സിനിമയിൽ' നിന്നും മാറ്റിനിർത്തി എന്ന നടൻ കൃഷ്ണകുമാറിന്റെ പ്രസ്താവനയെ തള്ളി നടി അഹാന കൃഷ്ണ. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും തന്നെ അകറ്റി നിർത്തണമെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു. പൃഥ്വിരാജ് നടനായത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്. ഞാൻ എന്നും അങ്ങനെ തന്നെയായിരിക്കും എന്നും ഈ നാടകത്തിൽ തനിക്ക് പങ്കില്ലെന്നും താരം വ്യക്തമാക്കുന്നു.
അഹാനയുടെ വാക്കുകൾ ഇങ്ങനെ..
'ഞാൻ ചിത്രത്തിലേയില്ല. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചിരിക്കുന്ന ആളുകൾക്ക് ഞാനുമായി ബന്ധമുണ്ടായേക്കാം. അത് എപ്പോഴും വേറൊരു വ്യക്തിയുടെ അഭിപ്രായം തന്നെയാണ്. എന്നെ ഇതിൽ ഉൾപ്പെടുത്തരുത്. എനിക്കീ നാടകവുമായി യാതൊരു ബന്ധവുമില്ല. ഞാൻ ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. എല്ലാമിൽ നിന്നും വഴിമാറി നിൽക്കുകയാണ്. നിങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ലെങ്കിൽ ഞാൻ പറയുന്നത് അവഗണിക്കുക. എന്റെ മുഖമോടെയുള്ള എന്തെങ്കിലും വാർത്ത ഇതുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ടെങ്കിലും അതവഗണിക്കുക. ഞാനുമായി അതിനു ഒരു ബന്ധവുമില്ല.
എല്ലാവർക്കും ഒരു വ്യക്തത കിട്ടാൻ വേണ്ടി പറയുകയാണ്. ഞാൻ പൃഥ്വിരാജിന്റെ വലിയ ഫാനാണെന്നുള്ള കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അതങ്ങനെയല്ല എന്ന് കാണിക്കുന്ന, ദേഷ്യം വരുത്തുന്ന, വാർത്തകൾ കൊണ്ടുവരാതിരിക്കുക. പൃഥ്വിരാജ് നടനായത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്. ഞാൻ എന്നും അങ്ങനെ തന്നെയായിരിക്കും. എന്റെ മുഖം തംബ്നെയിൽ ആയി വച്ചുകൊണ്ടുള്ള ആവശ്യമില്ലാത്ത വാർത്തകൾ കാണുന്നത് അൽപ്പം അറപ്പുളവാക്കുന്ന കാര്യമാണ്.'
പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഭ്രമം'. സിനിമയിൽനിന്നും അഹാനയെ മാറ്റിയതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പേര് ഉയർന്നിരുന്നു. ഇതിനു സിനിമയുടെ നിർമ്മാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് വിശദീകരണം നൽകിയിരുന്നു. ‘ഭ്രമം' സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് അവർ വ്യക്തമാക്കി. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം' എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ.ചന്ദ്രൻ, സി.വി.സാരഥി, ബാദുഷ എൻ.എം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ