തിരുവനന്തപുരം: പുരാവസ്തു വ്യാജവിൽപ്പനക്കാരുടെ എണ്ണം ഏറിയ കാലമാണ്. മോൺസൻ മാവുങ്കൽ അതിൽ ഒരാൾ മാത്രം. ഈ കേസ് ഉയർന്നുവന്നതോടെ നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. ഇതിന് മറുപടി നൽകുകയാണ് മ്ന്ത്രി അഹമ്മദ് ദേവർകോവിൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സുക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്നതാണ് വസ്തുത.

അന്റിക്വിറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുള്ളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുള്ളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുള്ള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാവസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിങ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫീസുകളിൽ പൊതുജനങ്ങളുടെ കൈവശമുള്ള പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.

രജിസ്റ്ററിങ് ഓഫീസ് അനുവദിക്കുന്ന പുരാവസ്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ചുള്ള ആധികാരിക രേഖയാണ്. കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിളിനു കീഴിൽ ഇത്തരം ഒരു ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കൾ കൈവശമുള്ളവർ നിയമപരമായി അത് സൂക്ഷിക്കുന്നതിനുള്ള അവകാശം ഈ രജിസ്ടേഷനിലൂടെയാണ് നേടേണ്ടത്. പുരാവസ്തുക്കൾ ഇന്ത്യക്കകത്ത് കൈമാറ്റം ചെയ്യുന്നതിനും ഈ ആക്ടിൽ വ്യവസ്ഥയുണ്ട്. അതുപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വസ്തുവിന്റെ ഉടമസ്ഥതയും കൈമാറ്റം ചെയ്യാൻ കഴിയുന്നതാണ്. രജിസ്റ്റർ ചെയ്തതോ, ചെയ്യാത്തതോ ആയ യാതൊരു പുരാവസ്തുവും വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ നിന്ന് പുറം രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ അവകാശമില്ല. ഇന്ത്യയിലുള്ള ഒരു പുരാവസ്തു മറ്റൊരു രാജ്യത്തിനു കൈമാറണമെങ്കിൽ അതിനുള്ള അവകാശം കേന്ദ്ര സർക്കാരിനുമാത്രമേയുള്ളു.

യഥാർത്ഥത്തിൽ പുരാവസ്തുക്കൾ അല്ലാത്തതും എന്നാൽ കാഴ്ചയിൽ പുരാവസ്തു എന്നു തോന്നിക്കുന്നതുമായ വസ്തുക്കൾ വില്പന നടത്തുന്നതിനും പുറം രാജ്യങ്ങളിലേയ്ക്കു കൊണ്ടു പോകുന്നതിനും അവ പുരാവസ്തുവല്ല എന്ന സാക്ഷ്യപത്രം (Non Antiqutiy certificate) ആവശ്യമുണ്ട്. മുൻപ് പറഞ്ഞ ആക്ടിൽ 'പുരാവസ്തുവല്ല' എന്ന സാക്ഷ്യപത്രം നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നുണ്ട്. ഈ സാക്ഷ്യപത്രം നൽകുന്നതിനുള്ള അധികാരവും കേന്ദ്ര പുരാവസ്തു വകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ഒരു വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകിവരുന്നത്. കേരളത്തിൽ കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിൾ ഓഫീസ് ഈ നടപടികൾ നല്ല നിലയിൽ നിർവ്വഹിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. ആൻഡ്വിക്, നോൺ ആൻഡ്വിക് വസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും മേൽപറഞ്ഞ ആക്ടിലുണ്ട്. അതുപ്രകാരം ലൈസൻസ് നേടി നിയമവിധേയമായി ഇത്തരത്തിലുള്ള കച്ചവടം നടത്തി വരുന്നവരും ധാരാളമുണ്ട്. അതുകൊണ്ട് പുരാവസ്തുക്കൾ സുക്ഷിക്കുന്നതിനുള്ള അവകാശത്തെ സംബന്ധിച്ച് ജനങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുകയും അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.