ദോഹ: കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് പിന്തുണയുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അഹമദ് തൂണേരി രംഗത്ത്.

സമിതിയുടെ ബോധവൽക്കരണ പരിപാടികൾക്കായി ദോഹയിലെ മാദ്ധ്യമ പ്രവർത്തകൻ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ലഹരി തകർക്കുന്ന ജീവിതങ്ങൾ എന്ന കൃതിയുടെ ഏതാനും കോപ്പികൾ കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി പ്രൊഫസർ ടി. എം. രവീന്ദ്രൻ, കേരള മദ്യനിരോധന സമിതി മഹിള വിഭാഗം അധ്യക്ഷ പ്രൊഫ. ഒ. ജെ. ചിന്നമ്മ , സമിതിയുടെ ഖത്തർ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡണ്ട് റഫീഖ് മേച്ചേരി എന്നിവർക്ക് നൽകിയ അദ്ദേഹം ഖത്തറിലും കേരളത്തിലും പുസ്തകത്തിന്റെ നിരവധി കോപ്പികൾ സൗജന്യമായി തന്റെ സ്ഥാപനം വിതരണം ചെയ്യുമെന്നറിയിച്ചു.

കേരളീയ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന സാമൂഹികവും ധാർമികവും സാമ്പത്തികവുമായ നിരവധി പ്രശ്‌നങ്ങൾ ലഹരി പദാർഥങ്ങളുടെ ഉപഭോഗം കാരണമായി ഉണ്ടാകുന്നതാണെന്നും ഈ രംഗത്ത് സാമൂഹ്യ കൂട്ടായ്മ രൂപീകരിച്ച് വ്യവസ്ഥാപിതമായ ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്ന് അഹമ്മദ് തൂണേരി പറഞ്ഞു.

ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്ത് സൾഫർ കെമിക്കൽസ് മാനേജിങ് ഡയറക്ടർ അഹമ്മദ് തൂണേരി കാണിച്ച പ്രവർത്തനം മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി പ്രൊഫസർ ടി. എം. രവീന്ദ്രൻ, കേരള മദ്യനിരോധന സമിതി മഹിള വിഭാഗം അധ്യക്ഷ പ്രൊഫ. ഒ. ജെ. ചിന്നമ്മ എന്നിവർ പറഞ്ഞു. കേരളീയ സമൂഹത്തിൽ സമിതി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പുസ്തകം പ്രയോജനപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

ഗ്രന്ഥകാരൻ അമാനുല്ല വടക്കാങ്ങരയും ചടങ്ങിൽ സംബന്ധിച്ചു.