ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിൽ ജനങ്ങൾക്ക് വാഗ്ദ്ധാനങ്ങൾ നൽകുന്ന കാര്യത്തിലും മത്സരിച്ച് മുന്നണികൾ. ഒറ്റ ഷെഡ്യൂളായി തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ എല്ലാകുടുംബത്തിലെയും വീട്ടമ്മമാർക്ക് മാസം 1500 രൂപ ഓണറേറിയവും വീടുകളിൽ വർഷം സൗജന്യമായി ആറ് ഗ്യാസ് സിലിണ്ടറുമാണ് ത്രസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാഗ്ദാനം ചെയ്തത്.

ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന ഈ വാഗ്ദാനം മുഖ്യ എതിരാളികളായ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എംകെ സ്റ്റാലിൻ അടിച്ചുമാറ്റിയെന്നും പളനിസ്വാമി കുറ്റപ്പെടുത്തി.

അതേസമയം അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ ഞായറാഴ്ച തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു റാലിയിൽ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നൽകുമെന്ന് അറിയിച്ചുകൊണ്ട് എ ഐ എ ഡി എം കെ രംഗത്തെത്തിയിരിക്കുന്നത്.

ഇത് തങ്ങളുടെ ഇതുവരെ ഇറങ്ങാത്ത പ്രകടന പത്രിക കോപ്പിയടിച്ചാണെന്നും പളനിസ്വാമി ആരോപിച്ചിട്ടുണ്ട്. അതേസമയം ഈ ആശയം തന്റേതാണെന്ന് പറഞ്ഞ് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനും എത്തിയിട്ടുണ്ട്്. എംഎൻഎമ്മിന്റെ ആശയം സ്റ്റാലിൻ അടിച്ചുമാറ്റിയെന്നാണ് കമൽ ഹാസനും ആരോപിച്ചത്.

എന്നാൽ ഈ ആശയം തനിക്ക് കിട്ടിയത് യൂറോപ്യൻ മോഡലിൽ നിന്നുമാണെന്നാണ് സ്റ്റാലിന്റെ വാദം. ഞായറാഴ്ചയായിരുന്നു സ്റ്റാലിൻ കുടുംബത്തിന് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ചത്. നൽകുന്ന ഈ ധനസഹായം കുടുംബങ്ങളുടെ വരുമാന പ്രതിസന്ധി പരിഹരിക്കാൻ ഇടയാകുമെന്ന് പളനിസ്വാമി പറഞ്ഞു.

പത്തു ദിവസത്തിനുള്ളിൽ ഇറങ്ങാനിരിക്കുന്ന തങ്ങളുടെ പ്രകടന പത്രിക കോപ്പിയടിച്ചാണ് സ്റ്റാലിൻ 1000 രൂപ പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയുടെ പ്രകടനപത്രികയിൽ ഇത്തരത്തിലുള്ള മറ്റ് പല വാഗ്ദാനവുമുണ്ട്. എന്നാൽ ഇതിൽ നിന്നും അനുയോജ്യമായുള്ളവ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. തങ്ങളുടെ നിർദ്ദേശം എങ്ങനെയോ അറിഞ്ഞ്, അത് കോപ്പിയടിച്ചാണ് സ്റ്റാലിൻ ഞായറാഴ്ച അങ്ങനെയൊരു വാഗ്ദ്ധാനം നൽകിയതെന്നാണ് പളനിസ്വാമിയുടെ ആരോപണം.

സർവമേഖലയിലെയും ജനങ്ങളുടെയും പ്രതീക്ഷയും അഭിലാഷവും പൂർത്തീകരിക്കുന്നതാണ് പ്രകടന പത്രികയെന്നും ഇപിഎസ് പറഞ്ഞു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക മാർച്ച് 12 ന് പുറത്തുവിടുമെന്നും കൂടുതൽ പാർട്ടികൾ സഖ്യത്തിലെത്തുമെന്നും എഐഎഡിഎംകെ യെ തമിഴ്‌നാട്ടിലെ ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും ഇപിഎസ് പറഞ്ഞു.