ചെന്നൈ: എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായിരുന്നു എംജിആർ. ജനകീയനായ എംജിആർ അണ്ണാ ഡിഎംകെയുടെ എല്ലാമെല്ലാമായിരുന്നു. ഈ പേരിന് അപ്പുറം ഒന്നും പാർട്ടിയിലില്ലായിരുന്നു. എംജിആർ വിടവാങ്ങിയപ്പോൾ പതിയെ ജയലളിത നേതൃത്വം ഏറ്റെടുത്തു. ഇതോടെ എംജിആർ ശൈലിയിൽ പാർട്ടിയുടെ എല്ലാമെല്ലാമായി ജയമാറി. ഏകാധിപത്യ ഭരണ സംവിധാനത്തിനുകീഴിൽ, അധികാര ശ്രേണിയിൽ, രണ്ടാം നിരയ്ക്ക് വളരാൻ അവസരം നൽകാതെ ജയ തമിഴ്‌നാടിനെ ഭരിച്ചു. തന്റെ രാഷ്ട്രീയ പിൻഗാമി ജയയായിരിക്കുമെന്ന വ്യക്തമായ സൂചന എംജിആർ നൽകിയിരുന്നു. ഇവിടെ ജയയ്ക്ക് അതും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് നേതൃത്വത്തിലേക്ക് ഒരു അവതാരപിറവി ഏവരും കണക്ക് കൂട്ടുന്നത്. സ്റ്റൈൽമന്നൻ രജനികാന്തിലേക്കാണ് ഏവരുടേയും ശ്രദ്ധ. അല്ലെങ്കിൽ അജിത്. ഏതായാലും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് കണക്ക് കൂട്ടൽ. 

അണ്ണാ ഡി.എം.കെ. പാർട്ടിയിലും അധികാര കസേരയിലും എതിരാളിയില്ലാതെ വളരുകയായിരുന്നു ജയലളിത. എല്ലാം അമ്മ മയം. അഴിമതിക്കേസിൽ കുടുങ്ങി ജയലളിത ജയിലഴിക്കകത്തായപ്പോഴൊക്കെയും അവരുടെ വിശ്വസ്തനായ മന്ത്രി ഒ. പനീർ സെൽവമായിരുന്നു മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടത്. രണ്ട് തവണ അങ്ങനെ പനീർ സെൽവം അധികാര കസേരയിലെത്തി. ആദ്യ തവണ പനീർസെൽവത്തെ ജയലളിത തന്നെ നിയോഗിക്കുകയായിരുന്നു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ പോയതോടെ ചില ആശയക്കുഴപ്പങ്ങളുണ്ടായി. ഇതിനിടെ പനീർസെൽവവുമായി ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതായിരുന്നു ഇതിന് കാരണം. എന്നിട്ടും മറ്റാരുമില്ലാത്തതു കൊണ്ട് പനീർസെൽവം തന്നെ മുഖ്യമന്ത്രിയായി. പിന്നീട് വീണ്ടും അധികാരകസ്സേരയിൽ ജയലളിത എത്തി.

എന്നാൽ വീണ്ടുമൊരിക്കൽ കൂടി പനീർസെൽവം മുഖ്യമന്ത്രിയാകുമ്പോൾ നിയന്ത്രിക്കാൻ ജയലളിത ഇല്ല. അതുകൊണ്ട് തന്നെ പനീർസെൽവത്തിനും മന്ത്രിസഭയിലെ മറ്റ് 31പേർക്കും പൂർണ്ണ സ്വാതന്ത്ര്യം. മുഖ്യമന്ത്രി കസേരയിൽ ഇവരിൽ പലരും കണ്ണ് വയ്ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പനീർസെൽവത്തിന് ഏറെ വെല്ലുവിളിയാണ്. ജയലളിത ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന സാഹചര്യത്തോട് പൊരുത്തപ്പെടുന്ന മറ്റു നേതാക്കളും മന്ത്രിമാരും ഏതു തരത്തിലാകും ഇടപെടുകയെന്നത് തമിഴ്‌നാട് സർക്കാറിന്റെ ഭാവിയെ അടയാളപ്പെടുത്തും. കഴിഞ്ഞ തവണത്തേത് പോലെ അത്ര സുഗമമായി പ്രവർത്തിക്കാനുള്ള പിന്തുണയൊന്നും ഇത്തവണ ജനങ്ങൾ ജയലളിതയ്ക്ക് നൽകിയിട്ടില്ല. എങ്കിലും ചരിത്രം തിരുത്തി ഭരണം നിലനിർത്താനും ഒപ്പമുള്ളവരെ അടക്കിനിർത്തി ഭരണം തുടരാനും ജയലളിതയ്ക്ക് സാധിച്ചു. നിയമസഭയിൽ ഓരോ അവസരം മുതലാക്കാൻ കരുത്തരായ പ്രതിപക്ഷം ആകും പനീർസെൽവത്തിന് നേരിടേണ്ടി വരിക.

അണ്ണാ ഡി.എം.കെ സർക്കാറിനെ താഴെയിറക്കി സ്വന്തം സർക്കാറിനെ അധികാരത്തിലേറ്റാൻ ഡി.എം.കെ പതിനെട്ടടവും പയറ്റുമെന്ന് കരുണാനിധിയുടെ രാഷ്ട്രീയ ചരിത്രമറിയുന്നവർക്ക് ഉറപ്പാണ്. ഡി.എം.കെയ്ക്കും സഖ്യകക്ഷികൾക്കുമായി ഇത്തവണ തമിഴ്‌നാട് നിയമസഭയിൽ 98 അംഗങ്ങളുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ ഈ പ്രതിപക്ഷ സാന്നിദ്ധ്യംതന്നെയാണ് സർക്കാരിന്റെ ഭാവിയെ നിർണ്ണയിക്കാൻ പോകുന്നതും. ഏതായാലും പനീർസെൽവത്തിനോ കൂട്ടർക്കോ കരുണാനിധിയോ സ്റ്റാലിനോ നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിനെ നേരിടാനുള്ള കരുത്തില്ല. അതുകൊണ്ട് തന്നെ പുതിയ അവതാരം അവതരിച്ചേ മതിയാകൂ. രജനികാന്തിന്റെ പ്രതികരണത്തിനും നിലപാട് വിശദീകരണത്തിനുമായി കാത്തിരിക്കുകയാണ് തമിഴകം.

ജയലളിത വിടവാങ്ങിയ സാഹചര്യത്തിൽ താമസിയാതെ തന്നെ തമിഴ്‌നാട്ടിലെ ചർച്ചകൾ ഈ വഴിക്ക് മാറും. രജനികാന്തിനെ രാഷ്ട്രീയത്തിൽ സജീവമാക്കാൻ ഇടപെടലുമുണ്ടാകും. ഇതിന് സൂപ്പർ താരം വഴങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്. അമ്മയുടെ കീഴിൽ അധികാരമില്ലാതെ സ്ഥാനമാനങ്ങൾ സഹിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. അമ്മയെന്ന നിയന്ത്രണം മാറുന്നതോടെ ഇവർ ഭരണത്തിൽ പിടിമുറക്കാൻ ശ്രമിക്കും. ഇത് എഐഎഡിഎംകെയിൽ പൊട്ടിത്തെറികളിലേക്കും കാര്യങ്ങളെത്തിക്കും. അതിന് മുമ്പ് തന്നെ ജയലളിതയുടെ പിൻഗാമിയിൽ വ്യക്തത വരുത്തുമോ എന്നതാണ് ശ്രദ്ധേയം. ജയലളിതയുമായി ഏറ്റവും അടുത്ത് നിന്നത് തോഴി ശശികലയായിരുന്നു. ഇടയ്ക്ക് ശശികല ജയലളിതയുമായി അകന്നു. എന്നാൽ മരണ സമയങ്ങളിൽ ജയലളിതയ്‌ക്കൊപ്പം ശശികലയുണ്ടായിരുന്നു. പാർട്ടിയിൽ ശശികലയ്ക്ക് ഏറെ സ്വാധീനമുണ്ടെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയിൽ അവർ പിടിമുറുക്കുമെന്നും സൂചനയുണ്ട്.

എന്നാൽ ജയലളിതയെ പോലെ പാർട്ടിയെ അവസാന വാക്കായി മാറാൻ ശശികലയ്ക്ക് കഴിയില്ല. ജയലളിത മരിച്ചതോടെ ഒഴിവു വന്ന നിയമസഭാ സീറ്റിൽ ശശികല മത്സരിക്കുമെന്ന് പോലും കരുതുന്നവരുണ്ട്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിയാവാനും അവർ ശ്രമിച്ചേക്കും. ഇതെല്ലാം ചെറുക്കാൻ ഉടൻ രജനികാന്തിനെ നേതൃത്വത്തിൽ കൊണ്ടുവരണമെന്നാണ് ഉയരുന്ന ആവശ്യം.