ന്യൂഡൽഹി: അണ്ണാ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമ്മായ 'രണ്ടില' സ്വന്തമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു ദിവസമായി ദിനകരനെ ക്രൈംബ്രാഞ്ച് ഡൽഹിയിൽ വച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിൽ ദിനകരൻ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. ദിനകരന്റെ കൂട്ടാളി മല്ലികാർജുനയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരൻ സുകേഷിനെ കഴിഞ്ഞ ദിവസം ഡൽഹി പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇടനിലക്കാരൻ സുകേഷിനെ അറിയില്ലെന്നായിരുന്നു നേരത്തെ ദിനകരന്റെ നിലപാട്. കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂറാണ് പൊലീസ് ദിനകരനെ തുടർച്ചയായി ചോദ്യം ചെയ്തത്.

ഏപ്രിൽ 17നാണ് ദിനകരൻ പൊലീസ് പിടിയിലാകുന്നത്. ശശികല-പനീർശെൽവം തർക്കത്തെ തുടർന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു.

ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ആർ.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പിൽ ശശികല പക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ദിനകരൻ. വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.