ചെന്നൈ: തമിഴ്‌നാട്ടിലെ അധികാരം പിടിക്കാനുള്ള ശശികലയുടെ ക്യാമ്പിലെ ശ്രമങ്ങൾക്ക് തിരിച്ചടിയേൽക്കുന്നു.ശശികല ക്യാമ്പിൽ കടുത്ത വിള്ളലാണ് ഉണ്ടായിരിക്കുന്നത്. രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന നൂറ്റിയിരുപത്തെട്ട് എംഎൽഎമാരിൽ 30 പേർ ഉപവാസസമരം ആരംഭിച്ചതായാണഅ അറിയുന്നത്. ഉപവാസത്തിൽ കഴിയുന്ന എംഎൽഎമാർ ഡിഎംകെയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എംഎൽഎമാരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് തെളിഞ്ഞാൽ ഗവർണർ സി വിദ്യാസാഗർ എംഎൽഎമാരെ വിളിപ്പിച്ചേക്കും. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം.

ഇതിനിടെ വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടു. അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല 'തടവിലാക്കിയ' പാർട്ടി എംഎൽഎമാർ എവിടെയാണെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. സർക്കാർ റിപ്പോർട്ട് നൽകണം. എംഎൽഎമാർ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കണമെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകി. സാമൂഹ്യപ്രവർത്തകൻ ട്രാഫിക് രാമസ്വാമി നൽകിയ ഹേബിസ് കോർപസ് ഹർജിയിലാണ് കോടതിയുടെ നടപടി.

അതേസമയം ഇന്നലെ ശശികല തന്നെ പിന്തുണയ്ക്കുന്നതായി കാട്ടി ഗവർണർക്കു നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമാണെന്നു സംശയം. ഇക്കാര്യം ഗവർണർ പരിശോധിക്കും. സ്പീക്കറുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന. എംഎൽഎമാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്നും ഒ.പനീർസെൽവം നേരത്തേ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചതാണെന്ന് ബോധ്യപ്പെട്ടാൽ ഗവർണർ മുഴുവൻ എംഎൽഎമാരോടും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെടാനിടയുണ്ട്.

128 എംഎൽഎമാരെ ശശികല ക്യാംപ് പാർപ്പിച്ചിരിക്കുന്നത് ചെന്നൈ കൽപാക്കം പൂവത്തൂർ റോഡിൽ മഹാബലിപുരത്തിനു സമീപം തടാകക്കരയിലുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ്. കനത്ത സുരക്ഷയാണ് ഇവിടെ. ശശികലയുടെ വിശ്വസ്തരായ മന്ത്രിമാരുടെയല്ലാതെ മറ്റു വാഹനങ്ങൾ കടത്തിവിടുന്നില്ല. റിസോർട്ടിലെ സ്ഥിരം സുരക്ഷാസംവിധാനത്തിനു പുറമേ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെയും ശശികല നിയോഗിച്ചിട്ടുണ്ട്. മൂന്നു ബസുകളിലായാണ് എംഎൽഎമാരെ ഇവിടെ എത്തിച്ചത്. റിസോർട്ടിൽ മൊബൈൽ ഫോൺ കിട്ടില്ലെന്നു മാത്രമല്ല, എല്ലാ ലാൻഡ് ലൈൻ കണക്ഷനുകളും വിഛേദിച്ചിട്ടുണ്ട്. വാഹനങ്ങളിൽ മറ്റ് ആവശ്യങ്ങൾക്കു വരുന്നവരെപ്പോലും തടഞ്ഞു തിരിച്ചയക്കുകയാണ്. റിസോർട്ടിലെ ജീവനക്കാരെ മുഴുവൻ മാറ്റിയിട്ടുണ്ട്. പകരം എഐഎഡിഎംകെ പ്രവർത്തകരാണ് റിസോർട്ടിലെ ജോലികൾ ചെയ്യുന്നതെന്നും പറയുന്നു.

പനീർശെൽവം ഉയർത്തിയ വെല്ലുവിളി നേരിടാൻ എംഎൽഎമാരെ വിവിധ ഹോട്ടലുകളിലും റിസോട്ടുകളിലുമാണ് പാർപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്ന് എംഎൽഎമാർക്ക് ശശികലയും അവർക്കൊപ്പമുള്ള മുതിർന്ന നേതാക്കളും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പനീർശെൽവവുമായി ആരെങ്കിലും ടെലഫോൺ വഴിയോ ദൂതന്മാർ മുഖേനയോ ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംവിധാനവും ഒരുക്കി. കർശന നിരീക്ഷണത്തിലാണെങ്കിലും ഒരു എംഎൽഎ ഇന്നലെ പുറത്തെത്തിയിരുന്നു.

തടവിൽ കഴിയുന്ന എംഎൽഎമാരോ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്‌ച്ചയാണ് ട്രാഫിക് രാമസ്വാമി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ എംഎൽഎമാർ എല്ലാവരും സ്വതന്ത്രരാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എംഎൽഎമാരെ തടവിലിട്ടിരിക്കുകയാണെന്ന് വ്യാഴാഴ്‌ച്ച ഗവർണറെ കണ്ട പനീൽശെൽവവും പരാതിപ്പെട്ടിരുന്നു. ശശികലയ്ക്ക് പിന്തുണ നൽകികൊണ്ടുള്ള എംഎൽഎമാരുടെ ഒപ്പുകളിൽ ഭൂരിഭാഗവും വ്യാജമാണെന്നും ഒപിഎസ് ആരോപിച്ചിട്ടുണ്ട്. ഒപിഎസ്‌സിന്റെ ആവശ്യത്തിൽ ഒപ്പുകളുടെ ആധികാരികത ഉറപ്പാക്കണമെന്ന് ഗവർണർ അണ്ണാഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും അറിയുന്നു.

ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവർണർക്ക് അനുകൂല നിലപാടില്ലെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാൽ അവർ രാജിവെയ്‌ക്കേണ്ടി വരും. അടുത്ത ആഴ്‌ച്ച കോടതി വിധി വന്ന ശേഷം ശശികല മുഖ്യമന്ത്രി ആകുന്നത് പരിഗണിക്കാമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും നേരത്തെ ഗവർണറുടെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പനീർശെൽവം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമുണ്ടെന്നും ഗവർണർ പറയുകയുണ്ടായി. ഇതിനിടെ ഗവർണർ ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെയും രംഗത്തെത്തി. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് കേസിന് ആധാരം. കർണാടക ഹൈക്കോടതിയാണ് പ്രതികളെ വെറുതെ വിട്ടിരുന്നത്. അപ്പീലുകളിൽ ഒരാഴ്‌ച്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി കുറച്ചു ദിവസം മുമ്പ് അറിയിച്ചിരുന്നു. കോടതി വിധി ശശികലയ്‌ക്കെതിരായാൽ അണ്ണാഡിഎംകെ എംഎൽഎമാരിൽ ഭൂരിഭാഗവും ഒപിഎസ് ക്യാംപിലേക്ക് ചാടുമെന്നാണ് വിവരം.