- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; എഐസിസി പ്രഖ്യാപിച്ച പത്തംഗ സമിതിയിൽ ശശി തരൂരും ഇടംപിടിച്ചു; തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് പുറമേ പ്രചരണ തന്ത്രം രൂപീകരിക്കേണ്ടതും പ്രധാന ചുമതല; കേരളത്തിൽ ഭരണം പിടിക്കാനുറച്ച് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഓദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. പത്തംഗങ്ങളാണ് സമിതിയിൽ ഉള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സമിതിയുടെ അധ്യക്ഷൻ. ഉമ്മൻ ചാണ്ടിയെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, എംപിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻ ചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടർച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്ഥാനാർത്ഥി നിർണയം പ്രസ്തുത സമിതിയുടെ ചുമതലയിൽ വരുന്നില്ലെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കണ്ടെത്താനായി കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്രീനിങ് കമ്മിറ്റിക്ക് എഐസിസി ഉടനെ രൂപം നൽകുമെന്നാണ് സൂചന. സമിതി കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ വിലയിരുത്തും. തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്കും ഈ സമിതിയാണ് നേതൃത്വം നൽകുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി, തിരഞ്ഞെടുപ്പ് സമിതി, സ്ഥാനാർത്ഥി നിർണയ സമിതി, പ്രചാരണ സമിതി എന്നിവയും ഉടൻതന്നെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.
യുവാക്കൾക്കും സ്ത്രീകൾക്കും അവശ, ദുർബല വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതുകൂടിയാവും ഇത്തവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടികയെന്നാണ് സൂചന. ജയസാധ്യതയ്ക്കും ജനബന്ധത്തിനും സാമുദായിക പ്രാതിനിധ്യത്തിനുമാകണം മുഖ്യപരിഗണനയെന്നും നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം എംഎൽഎ.മാരുമായി കൂടിയാലോചിച്ചാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക.
ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് ഇന്നലെ വിലയിരുത്തിയിരുന്നു. പാർട്ടിക്കുള്ളിലും മുന്നണിക്കകത്തും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ ഉമ്മൻ ചാണ്ടിയാണെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനൊടുവിൽ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ അദ്ദേഹത്തെ പാർട്ടി നിയോഗിക്കുകയായിരുന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ കേരളത്തിൽ ഭരണം പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ജനബന്ധവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്കാലികമായുള്ള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആൻറണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാന്റ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ.
മറുനാടന് ഡെസ്ക്