കണ്ണൂർ: കശാപ്പിനു കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരേ പ്രതിഷേധിച്ച് നടുറോഡിൽ കന്നുകുട്ടിയെ കൊന്നു ഇറച്ചി വിളമ്പിയ യൂത്ത് കോൺഗ്രസ് നേതാക്കൾ കുടുങ്ങി. ഇവരെ തള്ളി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇതേ നിലപാട് ആവർത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എഐസിസിയുടെ കമ്മീഷൻ അടുത്തയാഴ്ച കണ്ണുരിലെത്തും. കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ യൂത്ത് നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന.

പരസ്യമായി പൊതു സ്ഥലത്തുവെച്ച് മൃഗബലി നടത്തിയതിനെതിരെ യുവമോർച്ചാ പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് യൂത്ത് കോൺഗ്രസ്് നേതാക്കളായ റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ തുടങ്ങിയവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കശാപ്പ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ യുവമോർച്ചാ നേതൃത്വത്തിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കണ്ണൂർ സിറ്റിയിൽ വെച്ച് ലോറിക്കകത്ത് മറ കെട്ടിയാണ് കന്നുകുട്ടിയെ അറവ് നടത്തിയതെങ്കിലും മാധ്യമപ്രവർത്തകർ ക്യാമറയുമായെത്തിയപ്പോൾ കശാപ്പ് ചെയ്യുന്നതും മറ്റും ചിത്രീകരിക്കാൻ അനുമതി നൽകുകയായിരുന്നു. യുത്ത് കോൺഗ്രസ്സിലെ ചില നേതാക്കളുടെ പബ്ലിസിറ്റി വ്യാമോഹമാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.

മൃഗങ്ങളെ ഭക്ഷ്യാവശ്യത്തിന് വേണ്ടി കശാപ്പു ചെയ്യുന്നതിന് ചില നിബന്ധനകളുണ്ട്. അറവിനു വേണ്ടിയുള്ള മൃഗത്തിന് നല്ല ഭക്ഷണവും വെള്ളവും കൊടുക്കണം. പരസ്യമായി മറ്റുള്ളവർ കാൺകേ കൊല്ലരുത്. തലോടിക്കൊണ്ടു വേണം കഴുത്തിന്റെ ഇരു ഭാഗത്തുമുള്ള ഞരവുകൾ വെട്ടി കശാപ്പു ചെയ്യേണ്ടത്. പ്രാർത്ഥന നടത്തി ആചാരപരമായാണ് ചെയ്യേണ്ടത്. എന്നാൽ ഇതെല്ലാം ലംഘിച്ചു കൊണ്ടാണ് യുത്ത് കോൺഗ്രസ്സിന്റെ കശാപ്പെന്ന് കോൺഗ്രസ്സിലെ മുസ്ലിം വിഭാഗക്കാർ പറയുന്നു. പ്രകടനമായി കൊണ്ടു വന്നല്ല മിണ്ടാപ്രാണികളെ കൊല്ലേണ്ടത്. യൂത്ത് കോൺഗ്രസ്സിന്റെ പരസ്യ കശാപ്പ് കോൺഗ്രസ്സിന്നകത്തും പ്രതിഷേധം അലയടിക്കുകയാണ്. ഡി.സി.സി. മുതൽ എ.ഐ.സി.സി. വരെ നേതാക്കളും പ്രവർത്തകരും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സുകാർ കന്നുകുട്ടിയെ കശാപ്പു ചെയ്ത സംഭവത്തിൽ കെപിസിസി. യും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് പരസ്യമായി കശാപ്പു ചെയ്തത് ശരിയല്ല. അതേക്കുറിച്ച് പാർട്ടി ശക്തമായ നിലപാടെടുക്കും. എന്നാൽ കണ്ണൂരിൽ മനുഷ്യരുടെ തലയറുക്കുമ്പോൾ ഒരക്ഷരം പോലും മിണ്ടാതിരുന്ന സാംസ്കാരിക പ്രവർത്തകർ ഈ കാര്യത്തിൽ പ്രതിഷേധിച്ച് രംഗത്ത് വരുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ളതിന്റെ തരിമ്പു സ്‌നേഹമെങ്കിലും മനുഷ്യരോട് അവർക്ക് കാട്ടാമായിരുന്നു. പാച്ചേനി പറഞ്ഞു.

യൂത്ത് കോൺഗ്രസ്സിന്റെ മൃഗബലി സംഭവത്തിൽ പ്രതിഷേധങ്ങളും സമരങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി.യുടേയും യുവമോർച്ചയുടേയും തീരുമാനം. കുട്ടികൾക്കും സ്ത്രീകൾക്കും മുന്നിൽ വച്ച് മൃഗബലി നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ പറഞ്ഞു.