ദോഹ:വൈദ്യ ശാസ്ത്രപരമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാർമികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്സിനെ പ്രതിരോധിക്കേണ്ടതെന്ന് ഖത്തർ അൽ ഇമാറ ഹെൽത്ത് ക്ളിനിക് ഡോ. അമൽ കോണിക്കുഴിയിൽ അഭിപ്രായപ്പെട്ടു. ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഫ്രന്റ്സ് കൾചറൽ സെന്റർ, ആന്റി സ്മോക്കിങ് സൊസൈറ്റി, മീഡിയ പ്ളസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഭീതി വിതക്കുന്ന എയിഡ്സ് രോഗത്തെക്കുറിച്ച തെറ്റിദ്ധാരണകൾ അകറ്റുകയും എയിഡ്സ് ബാധിച്ചവർക്ക് യാതൊരു വിവേചനവും കൂടാതെ ലഭ്യമായ എല്ലാ ചികിൽസാ സൗകര്യങ്ങളും നൽകുകയും വേണം. എന്നാൽ എയിഡ്സ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം ജീവിത വിശുദ്ധിയും മൂല്യബോധവുമുള്ള സമൂഹത്തിന്റെ പുനസൃഷ്ടിയാണ്.

ചടങ്ങിൽ മീഡിയ പ്ളസ് സിഇഒ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സി.കെ. റാഹേൽ സംസാരിച്ചു. ഇമാറ ഹെൽത്ത് ക്ളിനിക് സിഇഒ. അബ്ദുൽ ഹകീം, വിറ്റാമിൻ പാലസ് റീജ്യണൽ ഡയറക്ടർ അബൂബക്കർ സിദ്ധീഖ്, സെപ്രോടെക് ഓപ്പറേഷൻസ് & എച്ച്. ആർ മാനേജർ രാജീവ് നായർ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

എയിഡ്സ് ബോധവൽത്കരണത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പ്ളക്കാർഡുകളുമായി അണി നിരക്കുകയും സാമൂഹ്യ തിന്മകളെ കൂട്ടായി നേരിടുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. എയിസ്ഡ് ബോധവൽക്കരണ സംരംഭങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചുവന്ന റിബണുകൾ ധരിച്ചാണ് സദസ്സൊന്നടങ്കം തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്. എയിഡ്സ് ബോധവൽക്കരണത്തിന്നായി ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ വീഡിയോകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, സിയാഹു റഹ്മാൻ മങ്കട, ആനന്ദ് ജോസഫ്, ഖാജാ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.