കൊല്ലം: കേരളത്തിൽ വേശ്യാവൃത്തിയുടെ മുഖം മാറുകയാണ്. റോഡരികിലും ബസ് സ്റ്റാൻഡിലും കാത്ത് നിൽക്കുന്ന വേശ്യകൾ ഇന്ന് കേരളത്തിൽ തുലോം കുറവാണ്. അവരും ഓൺലൈൻ വ്യവസായമാക്കി മാറ്റുകയാണ് തൊഴിലിനെ. പെൺവാണിഭ സംഘങ്ങളുടെ കടന്നുവരവോടെയാണ് ഈ മാറ്റം. രാത്രി നഗരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലെ ഇരുണ്ടവഴികളിലും മറ്റും ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. വർഷങ്ങൾക്ക് മുമ്പ് രാത്രികാലത്ത് കേരളം നേരിട്ട വലിയ സാമൂഹിക പ്രശ്‌നമാണ് ഓൺലൈനിന്റെ സാധ്യതകളിലൂടെ പുതിയ തലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്.

സംസ്ഥാനത്ത് ഈ തൊഴിലിൽ ഏർപ്പെടുന്ന 15,802 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പുരുഷന്മാർ 11,707 പേരും. കൃത്യമായി കണക്കില്ലെങ്കിലും രണ്ടായിരത്തോളം ഭിന്നലൈംഗികരും വേശ്യാവൃത്തിയിലൂടെ മുന്നോട്ട് പോകുന്നു. സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലെ പഠനത്തിലാണ് ഈ വിവരമുള്ളത്. 60 എൻ.ജി.ഒ.കൾ ചേർന്നാണ് സർവേ നടത്തിയത്. സംസ്ഥാനത്ത് ലൈംഗികത്തൊഴിൽ നിയമവിധേയമല്ല. അതുകൊണ്ട് തന്നെ ഓൺലൈൻ വഴിയും വാട്സാപ്പ് വഴിയുമൊക്കെ രഹസ്യമായി നിശ്ചിത സ്ഥലത്തെത്തി തൊഴിലിൽ ഏർപ്പെടുന്നവരാണ് വേശ്യകളിൽ കൂടുതൽ പേരുമെന്ന് സർവ്വേ വിശദീകരിക്കുന്നു. ഗ്രാമങ്ങളിൽനിന്ന് നഗരത്തിലെ പ്രത്യേക കേന്ദ്രത്തിലെത്തി തൊഴിലിൽ ഏർപ്പെട്ട് പോകുന്നവരും ഏറെ. ഇത്തരക്കാരെ നാട്ടുകാരോ സ്വന്തം വീട്ടുകാരോ പോലും അറിയുന്നില്ല.