മുംബൈ: പ്രഫുൽ പട്ടേലിന്റെ അധികാര മോഹത്താൽ കനത്ത തിരിച്ചടി നേരിടുകയാണ് ഇന്ത്യൻ ഫുട്‌ബോൾ ലോകം. ലോകഫുട്ബോളിനെ വരവേൽക്കാനായി കാത്തിരുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഇതിലും വലിയ തിരിച്ചടി ഇനി ലഭിക്കാനില്ല. വളർച്ചയുടെ പാതയിൽ കുതിച്ചിരുന്ന ഇന്ത്യൻ ഫുട്ബോളിനെ ഒരൊറ്റ വിലക്ക് കൊണ്ട് അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ തളർത്തിയിരിക്കുന്നു.

ഇന്ത്യൻ ഫുട്‌ബോളിന്റെ തലപ്പത്തിരിക്കുന്നവരുടെ തലതിരിഞ്ഞ സമീപനങ്ങളാണ് തിരിച്ചടിക്ക് വഴിയൊരുക്കിയത്. ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനെ പ്രചോദിപ്പിക്കാൻ 16 ലക്ഷത്തോളം മുടക്കി ഒരു ജ്യോതിഷ സ്ഥാപനത്തെ നിയമിച്ചെന്ന റിപ്പോർട്ട് അടക്കം ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ഭരണസമിതി എടുത്ത തെറ്റായ തീരുമാനങ്ങളും നിലപാടുകളുമാണ് പ്രതിസന്ധിക്ക് കാരണം.

ദേശീയ ഫുട്ബോൾ സംഘടനയായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എ.ഐ.എഫ്.എഫ്) ബാഹ്യ ഇടപെടലുകളുണ്ടയതിനെത്തുടർന്നാണ് ഒടുവിൽ ഫിഫയുടെ വിലക്കവരെ കാര്യങ്ങൾ എത്തിച്ചത്. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുൽ പട്ടേൽ എ.ഐ.എഫ്.എഫിന്റെ തലവനായി തുടരുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഇന്ത്യൻ ഫുട്ബോളിന്റെ നിയന്ത്രണം പൂർണമായും എ.ഐ.എഫ്.എഫ് ഏറ്റെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നുമാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

2022 ഒക്ടോബർ 11 മുതൽ 30 വരെ ലോകഫുട്ബോളിനെ വരവേൽക്കാനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ത്യയായിരുന്നു വേദി. 2020-ൽ നടക്കേണ്ട ടൂർണമെന്റ് കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടു. ഇതോടെ 2022-ലേക്ക് ടൂർണമെന്റ് മാറ്റി. ഈ വർഷം ലോകകപ്പിനെ വരവേൽക്കാൻ ഇന്ത്യ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഫിഫ രംഗത്തെത്തിയത്.

മൈതാനത്തെ കളിക്കും നല്ല സമയം നോക്കിയ അധികാരികൾ

ഏഷ്യൻ കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനെ പ്രചോദിപ്പിക്കാൻ എന്ന പേരിൽ 16 ലക്ഷത്തോളം മുടക്കി ഒരു ജ്യോതിഷ സ്ഥാപനത്തെ എഐഎഫ്എഫ് നിയമിച്ചെന്നായിരുന്നു നേരത്തെ റിപ്പോർട്ട് പുറത്ത് വന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'വ്യക്തമായി പറഞ്ഞാൽ, ദേശീയ ടീമിനെ പ്രചോദിപ്പിക്കാൻ ഒരു ജ്യോത്സ്യനെ നിയോഗിച്ചു. 16 ലക്ഷം രൂപയോളം വലിയ തുക നൽകുകയും ചെയ്തു,' എന്നായിരുന്നു റിപ്പോർട്ട്. ജ്യോതിഷ ഏജൻസിയായ ന്യാസ ആസ്‌ട്രോകോർപ് എന്ന സ്ഥാപനവുമായി 16 ലക്ഷം രൂപയുടെ കരാറിൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. എഐഎഫ്എഫിന്റെ തീരുമാനത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ അന്ന് വന്നത്.

ജ്യോതിഷ സ്ഥാപനം ഇന്ത്യൻ ടീമിനൊപ്പം മൂന്നു സെഷനുകൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ എഐഎഫ്എഫ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനന്ദോ ധർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. മുൻ ഇന്ത്യൻ ഗോൾകീപ്പർ തനുമോയ് ബോസ് എഐഎഫ്എഫിന്റെ ആശയത്തെ പരിഹസിച്ചിരുന്നു.

'ശരിയായ യൂത്ത് ലീഗുകൾ നടത്തുന്നതിൽ എഐഎഫ്എഫ് ആവർത്തിച്ച് പരാജയപ്പെടുകയും നിരവധി അഭിമാനകരമായ ടൂർണമെന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്ത ഒരു സമയത്ത്, ഇതുപോലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമാക്കും,' എന്നായിരുന്നു ബോസ് പിടിഐയോട് അന്ന് പ്രതികരിച്ചത്.

വിലക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടി

ഫിഫയുടെ വിലക്ക് ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. വിലക്കുമൂലം ഇന്ത്യൻ ഫുട്ബോളിന് നിരവധി മത്സരങ്ങൾ നഷ്ടമാകും. അണ്ടർ 17 വനിതാ ലോകകപ്പിന് പുറമേ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. ജൂനിയർ സീനിയർ ടീമുകളുൾപ്പെടെ എല്ലാ വിഭാഗത്തിനും ഈ വിലക്ക് ബാധകമാണ്. ഈ തീരുമാനം വന്നതോടെ എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എന്നീ വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ ടീമിന് സാധിക്കില്ല.

വനിതാ ഫുട്ബോൾ ടീമിന് എ.എഫ്.സി വുമൺ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റും നഷ്ടമാകും. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകളായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഐ ലീഗ് തുടങ്ങിയവയ്ക്ക് വിലക്ക് ബാധകമല്ല. എന്നാൽ ഈ ടൂർണമെന്റുകളിൽ വിജയിക്കുന്ന ക്ലബ്ബുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളിൽ മാറ്റുരയ്ക്കാനാവില്ല. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സൗഹൃദമത്സരങ്ങളിലും ഇന്ത്യയ്ക്ക് കളിക്കാൻ സാധിക്കില്ല.

ദിവസങ്ങൾക്ക് മുൻപ് പ്രഫുൽ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് എ.ഐ.ഐ.എഫ് പ്രത്യേക സമിതി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രഫുൽ പട്ടേൽ, ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരേ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയാണ് ഹർജി ഫയൽ ചെയ്തതത്. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവർത്തനം പ്രഫുൽ പട്ടേൽ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹർജി.

പ്രഫുൽ പട്ടേലിന്റെ ഇടപെടൽ കാരണം ഇന്ത്യയിൽ വെച്ച് അണ്ടർ 17 ലോകകപ്പ് നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന തരത്തിലുള്ള ഭീഷണികൾ ഫിഫയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സമിതി അന്നുതന്നെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രഫുൽ പട്ടേൽ സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്തതായും ഹർജിയിൽ ആരോപിച്ചിരുന്നു.

സംസ്ഥാന ഫുട്‌ബോൾ അസ്സോസിയേഷനുകളെ സഹായിക്കുന്നതിനാണ് ഫിഫയിൽ നിന്ന് ഭീഷണി കത്ത് അയപ്പിച്ചതെന്ന് ഈ യോഗത്തിൽ പട്ടേൽ അവകാശപെട്ടതായും ഹർജിയിൽ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുന്നതിൽ നിന്ന് പ്രഫുൽ പട്ടേലിനെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രീം കോടതിമുൻ ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്‌കർ ഗാംഗുലി എന്നിവരടങ്ങുന്നതാണ് സമിതി.

ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വിലക്കിനെ എങ്ങനെ നേരിടുമെന്നതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. പെട്ടെന്നുതന്നെ ഇന്ത്യൻഫുട്ബോളിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കിൽ ലോകകപ്പും മറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകളും ഇന്ത്യയ്ക്ക് നഷ്ടമാകും.