തിരുവനന്തപുരം: കോൺ​ഗ്രസ് ദേശീയ നേതൃത്വം സ്ത്രീകൾക്ക് വലിയ പരി​ഗണന നൽകുമ്പോഴും കേരളത്തിൽ അർഹമായ പരി​ഗണന നൽകുന്നില്ലെന്ന് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്. കേരളത്തിൽ നിയമസഭാ, രാജ്യസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ കോൺ​ഗ്രസ് സ്ത്രീകളെ പരിഗണിക്കാറില്ലെന്നും അവർ പറഞ്ഞു. കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളതെങ്കിലും നേതൃനിരയിൽ സ്ത്രീകൾ കുറവാണെന്നു ഷമ മുഹമ്മദ് പറയുന്നു. എഐസിസി വക്താവായ ആദ്യ മലയാളി വനിതയാണ് കണ്ണൂർ സ്വദേശിനിയായ ഷമ മുഹമ്മദ്.

ദേശീയ തലത്തിൽ എപ്പോഴും സ്ത്രീകൾക്ക് അംഗീകാരം കൊടുത്തിട്ടുള്ള പാർട്ടിയാണ് കോൺഗ്രസ്. ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും വനിതാ രാഷ്ട്രപതിയും വനിതാ സ്പീക്കറുമുണ്ടായത് കോൺഗ്രസിന്റെ ഭരണകാലത്താണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയത് കോൺഗ്രസാണെന്നും ഷമ മുഹമ്മദ് ചൂണ്ടിക്കാട്ടി. ദന്നാൽ കേരളത്തിൽ ഈ സ്ഥിതിയല്ലെന്നും ഷമ മുഹമ്മദ് പറയുന്നു.

‘ കരുത്തും കഴിവുമുള്ള സ്ത്രീകളാണ് കേരളത്തിലുള്ളത്. എന്നാൽ നേതൃനിരയിൽ സ്ത്രീകൾ കുറവാണ്. തെരഞ്ഞെടുപ്പ് വന്നാൽ തോൽക്കുന്ന സീറ്റുകൾ നൽകും. രാജ്യസഭാ സീറ്റ് ഒഴിവു വന്നാൽ സ്ത്രീകളെ പരിഗണിക്കാറില്ല. എന്നൊക്കെയുള്ള പ്രശ്‌നങ്ങൾ ഉണ്ട്. അതിനൊക്കെ മാറ്റം വരണം,' ഷമ മുഹമ്മദ് പറഞ്ഞു.

‘മഹിളാ കോൺഗ്രസ് ഒരു വിഷയമേറ്റെടുത്ത് സമരം ചെയ്യുമ്പോൾ യൂത്ത് കോൺഗ്രസും കെഎസ്‌യുവും എല്ലാവരും ഒപ്പം നിന്നു പിന്തുണയ്ക്കണം. സംവരണം 50 ശതമാനം വേണമെന്നില്ല 20 ശതമാനമെങ്കിലും ലഭിച്ചാൽ സ്ത്രീകൾക്ക് വലിയ അവസരമാവും. അവസരം കിട്ടിയാൽ അത് അത് പ്രയോജനപ്പെടുത്തുന്നവരാണ് സ്ത്രീകൾ. നാഷണൽ മീഡിയ പാനലിസ്റ്റായ സമയത്തന്നും കേരളത്തിലെ ചില നേതാക്കൾ എന്നെ അംഗീകരിച്ചിരുന്നില്ല. പരിചയമില്ലാത്തതിന്റെയാവാം. എഐസിസി വക്താവായപ്പോൾ അതൊക്കെ മാറി. ഇപ്പോൾ എല്ലാവരും സൗഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഷമ മുഹമ്മദ് പറഞ്ഞു.