- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡായിരിക്കും പ്രധാന വാക്സിൻ; കോവാക്സിൻ ഉടൻ ഉപയോഗിക്കില്ല; രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടാൽ അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗം; രാഷ്ട്രീയ വിവാദങ്ങൾക്കിടെ എയിംസ് മേധാവിയുടെ അറിയിപ്പ്
ന്യൂഡൽഹി: കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്താതെ ഉപയോഗിക്കാൻ അനുമതി നൽകിയതിന് എതിരെ ശശി തരൂർ അടക്കം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നടപടി അപക്വവും അപകടകരവുമെന്ന് വിശേഷിപ്പിച്ച തരൂർ ഓക്സ്ഫഡ് വാക്സിനായ കോവീഷൽഡുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയയും ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ നൽകുകയെന്നും ഭാരത് ബയോടെക്കിന്റെ കോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ പറഞ്ഞു.
ആദ്യത്തെ ഏതാനും ആഴ്ചകളിൽ കോവിഷീൽഡ് വാക്സിൻ ആയിരിക്കും വിതരണം ചെയ്യുക. നിലവിൽ കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുകയെന്നും ഗുലേറിയ പറഞ്ഞു.
രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയിരുന്നു,. ഉപാധികളോടെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയത്. ഇരു വാക്സിനുകളും ഫലപ്രദമെന്ന് ഡ്രഗ്സ് കൺട്രോളർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നൽകിയത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാർശ നൽകിയത്.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്സിൻ വികസനത്തിനായി 60 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകംചെലവഴിച്ചിരിക്കുന്നത്.ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വികസിപ്പിച്ചത്. കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്
മറുനാടന് ഡെസ്ക്