ന്യൂഡൽഹി: ഒരാളുടെ മരണക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തുറന്ന ചർച്ചയാകുന്നത് ഇത് ആദ്യ സംഭവമല്ല. ഓരോ വ്യക്തിയുടെ സമൂഹത്തിലെ ഉന്നതി അനുസരിച്ചും മരണത്തിന്റെ സ്വഭാവം അനുസരിച്ചും ചർച്ചകൾ ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി നടക്കാറുണ്ട്. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ തരൂരിന് കുരുക്കായ തെളിവുകൾ പോലും പുറത്തുവന്നത് ട്വിറ്ററിലൂടെയായിരുന്നു. ഇപ്പോൾ എയിംസിലെ വനിതാ ഡോക്ടർ പ്രിയാ വേദി ഹോട്ടൽ മുറിയിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൻതോതിലാണ് പ്രചരിക്കപ്പെടുന്നത്.

ഫേസ്‌ബുക്കിലൂടെ മരണക്കുറിപ്പെഴുതിയ വച്ചാണ് ഈ യുവ ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നതുകൊണ്ട് തന്നെയാണ് ഈ വിഷയം സോഷ്യൽ മീഡിയയിൽ വൻ ചർച്ചക്ക് വഴിവച്ചത്. ഇവരുടെ മരണം ദേശീയ മാദ്ധ്യമങ്ങളും വൻ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഭർത്താവ് സ്വവർഗ രതിക്കാരനാണെന്നും തനിക്ക് അഞ്ച് വർഷമായി സെക്‌സ് നിഷേധിച്ചെന്നും മരണക്കുറിപ്പിൽ ഇവർ എഴുതിയിരുന്നു. ഈ ആത്മഹത്യ കുറിപ്പ് പ്രിയ വേദിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും 3,500ലേറെ പേരാണ് ഷെയർ ചെയ്തത്. ഈ പേജ് ഇവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പേജാക്കി ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഇതോടെ ഇവരുടെ മരണക്കുറിപ്പും ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായി.

ആത്മഹത്യ വാർത്ത മാദ്ധ്യമങ്ങളിലുടെ പുറത്തുവന്നതോടെ ആയിരക്കണക്കിന് പേരാണ് പ്രിയയുടെ ഫേസ്‌ബുക്ക് പേജ് വിസിറ്റ് ചെയ്തത്. ഭർത്താവ് ഡോ. കമാലിനെതിരെ ഇവർ ഉന്നയിച്ച ആരോപണങ്ങൾ അടങ്ങിയ ഫേസ്‌ബുക്ക് പേജിൽ ലൈക്കും ഷെയറും കൊണ്ട് നിറയുകയായിരുന്നു. ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞിട്ടും ഭർത്താവിന്റെ ലൈംഗിക താത്പര്യം അംഗീകരിച്ചുകൊണ്ടുതന്നെ ജീവിക്കാൻ പ്രിയ തയ്യാറായിരുന്നു. എന്നാൽ, ഭർത്താവിൽനിന്നുള്ള അവഗണനയും മാനസിക പീഡനവും സഹിക്കാൻ വയ്യാതായതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്.

ഈതോടെ ഈ ആത്മഹത്യ കുറിപ്പിനെ കുറിച്ചായിരുന്നു പിന്നീടുള്ള സോഷ്യൽ മീഡിയ ചർച്ചകൾ. പ്രിയയുടെ ഭർത്താവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളായിരുന്നു ഏറെയും. സ്വവർഗാനുരാഗിയായ ഡോ. കമാർ എന്തിനാണ് വിവാഹം കഴിച്ചതെന്നാണ് ചിലർ ചോദിച്ചത്. എന്നാൽ ഒരു ഡോക്ടർ കൂടിയായിരുന്നിട്ടും പ്രിയ വേദി എന്തുകൊണ്ടാണ് ഭർത്താവിന്റെ ലൈംഗിക താൽപ്പര്യത്തെ അബ്‌നോർമലാണെന്ന് വിലയിരുത്തിയതെന്നും ചിലർ ചോദിച്ചു. സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിരുദ്ധമാക്കിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടിചർച്ചകൾ കടന്നുവെന്നും. സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്താൻ ഇന്ത്യൻ സമൂഹത്തിൽ പലരും മടിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

ഒരു ഡോക്ടർ കൂടിയായിരുന്നിട്ടും കുറച്ചുകൂടി ആലോചിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് പകരം പ്രിയ വേദി ആത്മഹത്യയിലേക്ക് നീങ്ങിയതിലെ നിരാശയാണ് മറ്റു ചിലൽ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പങ്കുവച്ചത്.