കോഴിക്കോട്: എയിംഫിൽ ഏവിയേഷൻ അക്കാദമിയുടെ പേരിൽ കോഴ്സ് നടത്തി സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട് നാലുദിവസം പിന്നിടുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്നതോടെ വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങുകയായിരുന്നു.

എയിംഫിൽ എന്ന വ്യാജ സ്ഥാപനം നൂറുകണക്കിന് വിദ്യാർത്ഥികളുടെ ജീവിതം വഴിയാധാരമാക്കിയെന്നും വ്യോമയാന മേഖലയിൽ തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി നൂറുകണക്കിന് വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു എന്ന ആരോപണം ഉയർത്തിയാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ന് ജനങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം സമരമുഖത്ത് അണിനിരന്നതോടെ കോഴിക്കോട് ശക്തമായ പ്രക്ഷോഭമാണ് ഉയരുന്നത്.

ഇന്ന് സമരം നടത്തിവന്ന ഒരു വിദ്യാർത്ഥിനി മോഹാലസ്യപ്പെട്ടതോടെ നാട്ടുകാരുൾപ്പെടെ സമരത്തിനിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതുസംബന്ധിച്ച വീഡിയോയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയാണ്. പ്രവേശനത്തിന് പണം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ല, വിദ്യഭ്യാസ തട്ടിപ്പുമാഫിയയുടെ നേതൃത്വത്തിലാണ് എയിംഫിൽ കോഴിക്കോട്ടും, കേരളത്തിന്റെ നാനാഭാഗങ്ങളിലും നടന്നുവരുന്നത് എന്നിങ്ങനെയുള്ള ആരോപണങ്ങളും വിദ്യാർത്ഥികൾ ഉന്നയിക്കുന്നു.

കോഴിക്കോട്ടെ നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഗോപകുമാർ ഈ തട്ടിപ്പു സ്ഥാപനത്തിനെതിരായി നടപടിയെടുത്തപ്പോൾ അന്ന് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാപനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്ഥാപനം പൂട്ടി സീൽ ചെയ്ത സബ് ഇൻസ്‌പെക്ടർ ഗോപകുമാറിനെ സ്ഥലം മാറ്റുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എയിംഫിൽ സ്ഥാപനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ശക്തമായ നടപടിക്ക് സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്ന് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

നാട്ടുകാരും സമരത്തിന് അനുകൂലമായി രംഗത്തെത്തിയതോടെ സംസ്ഥാനത്ത് പുതിയൊരു വിദ്യാർത്ഥി സമരം ശക്തിപ്പെടുന്ന കാഴ്ചയാണ് കോഴിക്കോട്. കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിംഫിൽ എന്ന സ്ഥാപനത്തിൽ എയർപോർട്ട് ആൻഡ് എയർലൈൻസ് മാനേജ്മെന്റ് കോഴ്സിന് ചേർന്ന് തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ നിരാഹാര നിരാഹാര സമരത്തിലേക്ക് കടന്നത് ഇപ്പോൾ നാട്ടുകാർ ചേർന്ന് ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കെത്തി. ഈ സ്ഥാപനത്തിന്റെ പേരിൽ നിരവധി തട്ടിപ്പുകളാണ് നടന്നതെന്ന് വ്യക്തമാക്കി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഭാരതീയാർ സർവകലാശാലയുടെ കോഴ്സുകളുടെ മറവിൽ മാവൂർ റോഡിൽ സ്‌കൈ ടവറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. മൂന്നുവർഷ കാലയളവുള്ള കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലുലക്ഷം രൂപവരെ ഫീസ് വാങ്ങിയാണ് കോഴ്സിൽ ചേർന്നത്. കോഴ്സ് കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. അതേസമയം കേസന്വേഷണത്തിൽ നിന്നും നടക്കാവ് എസ്‌ഐയെ മാറ്റി ഡിവൈഎസ്‌പിക്ക് ചുമതല നൽകിയെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതിനിടെ വ്യോമയാന മേഖലയിൽ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കബളിപ്പിച്ച എയിംഫിൽ അക്കാദമി പുതിയ അഡ്‌മിഷൻ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുമുണ്ടെന്നും മറ്റാരും കബളിപ്പിക്കപ്പെടരുതെന്നും വ്യക്തമാക്കിയാണ് വിദ്യാർത്ഥികൾ സമരം സജീവമാക്കിയത്.

ഒന്നാം വർഷത്തിൽ കുട്ടികൾ മൂന്ന് ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിന് വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും ബാക്കി വരുന്ന മുഴുവൻ ഫീസും അടയ്ക്കുവാൻ നിർബന്ധിക്കുകയും കുട്ടികൾക്ക് നേരെ ഭീഷണി ഉയർത്തുകയയുമായിരുന്നു അധികൃതർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ യൂണിവേഴ്സിറ്റിയുമായി ബന്ധമില്ലാത്ത, ഡിജിറ്റോ ടെക്നിക്കൽ ട്രെയിനിങ് സർവീസസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണ് ഇവർ വിതരണം ചെയ്യുന്നതെന്ന് വ്യക്തമായി. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫിൽ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ എന്നയാൾ തന്നെയായിരുന്നു.

അഡ്‌മിഷൻ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഇവ നൽകാൻ അധികൃതർ തയ്യാറായില്ല. സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാതെയുമാണ് ഇവരുടെ പീഡനം. എറണാകുളത്ത് പ്രവർത്തിക്കുന്ന എയിംഫിൽ ഇന്റർനാഷണൽ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് അഫിലിയേഷൻ ലൈസൻസ് ഉള്ളത്. ഇതിന്റെ മറവിലാണ് മറ്റു ജില്ലകളിലും ഇവർ സ്ഥാപനം നടത്തിവരുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.